Sections

പാചകവാതക ക്ഷാമം- ടൂറിസം-ഹോട്ടൽ മേഖല പ്രതിസന്ധിയിലേക്ക് അടിയന്തര ഇടപെടൽ വേണമെന്ന് കെടിഎം

Saturday, Mar 14, 2026
Reported By Admin
LPG Shortage Hits Kerala Tourism, Hotel Sector

കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം മൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടൽ മേഖല വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഏറ്റവുമധികം സംഭാവന നൽകുന്ന ഈ മേഖലയുടെ പ്രതിസന്ധി പൊതുജനങ്ങളുടെ നിത്യജീവിതത്തിലും പ്രതിഫലിക്കുമെന്ന് കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു.

എല്ലാത്തരം വ്യവസായങ്ങളുടെയും കാർബൺ പുറംതള്ളൽ നിശ്ചിത പരിധിയ്ക്കുള്ളിലെത്തിക്കാനുള്ള പാരീസ് ഉടമ്പടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് ആദ്യമായി നടപടി കൈക്കൊണ്ടത് കെടിഎം അനുബന്ധ സ്ഥാപനങ്ങളാണെന്ന് ജോസ് പ്രദീപ് പറഞ്ഞു. ഹോട്ടലുകൾ, റിസോർട്ടുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങിയ വ്യവസായമേഖല ഹരിത ഊർജ്ജ ഉപയോഗത്തിലേക്ക് ചുവടുമാറ്റിയിരുന്നു. പാചകവാതകം, സോളാർ ഊർജ്ജം, വൈദ്യുത പാചക ഉപകരണങ്ങൾ എന്നിവിയിലേക്ക് കെടിഎം അംഗ്വതമുള്ള വ്യവസായ പങ്കാളികൾ മാറിയിരുന്നു. പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന് ആഹ്വാനം ഏതാണ്ട് പൂർണമായും നടപ്പാക്കി വരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്ന് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി.

പാചകവാതക പ്രതിസന്ധി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് ജോസ് പ്രദീപ് പറഞ്ഞു. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. നിലവിൽ ആതിഥേയ വ്യവസായത്തിൽ പലതും പൂട്ടിയിടേണ്ട അവസ്ഥയാണുള്ളത്. മാർച്ചിൽ പരീക്ഷകൾ കഴിയുന്നതോടെ ടൂറിസം സീസൺ വീണ്ടും സജീവമാകുമ്പോൾ ഈ മേഖലയ്ക്ക് വലിയ വരുമാനനഷ്ടമാണുണ്ടാകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദ്ദേശിക്കുന്ന എല്ലാ പരിഷ്കാരങ്ങളും ആദ്യം നടപ്പിൽ വരുത്താൻ ഏറ്റവുമധികം സഹകരിക്കുന്ന മേഖലയാണ് ടൂറിസമെന്ന് കെടിഎം സെക്രട്ടറി എസ് സ്വാമിനാഥൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം വരുമാനം സർവകാല റെക്കോർഡിലാണ് ഇന്നുള്ളത്. ഈ മേഖല സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നൽകുന്ന സംഭാവനകൾ ചെറുതല്ല. സംസ്ഥാനം വലിയ പ്രതീക്ഷയോടെ കണ്ടുവരുന്ന മൈസ്(മീറ്റിംഗ്സ് ഇൻസെന്റീവ്സ്, കോൺഫറൻസ്, എക്സിബിഷൻസ്) ടൂറിസം, ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവ അതിന്റെ ഏറ്റവും മികച്ച സീസൺ പ്രതീക്ഷിക്കുന്ന സമയം കൂടിയാണിത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ടൂറിസം-ഹോട്ടൽ വ്യവസായത്തിന് അടിയന്തരമായി സിലിണ്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ എടുക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.

ഓൺലൈൻ ഓർഡറുകൾ മുമ്പെങ്ങുമില്ലാത്തവിധം വർധിച്ച കാലമാണിത്. ഹോട്ടലുകൾ അടച്ചിടുന്നതോടെ ഈ മേഖലയിൽ വലിയ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് മാത്രമല്ല, ഇവരെ ആശ്രയിച്ച് കഴിയുന്ന വലിയ വിഭാഗം വിദ്യാർഥികൾ, ഏകാംഗ താമസക്കാർ തുടങ്ങിയവർ പട്ടിണിയിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.