Sections

കേരള ട്രാവൽ മാർട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

Thursday, Jun 25, 2026
Reported By Admin
Kerala Travel Mart 2026 to Begin in Kochi on September 24

  • ആഗോള ടൂറിസം ഭൂപടത്തിൽ കേരളത്തെ പ്രദർശിപ്പിക്കുന്നതിൽ കെടിഎമ്മിന് നിർണായക പങ്ക്: മന്ത്രി പി.സി വിഷ്ണുനാഥ്
  • കെടിഎം സെപ്റ്റംബർ 24-27 വരെ കൊച്ചിയിൽ; ബയർ രജിസ്ട്രേഷനിൽ സർവകാല റെക്കോർഡ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ മാർട്ടായ കേരള ട്രാവൽ മാർട്ടിൻറെ (കെടിഎം) പതിമൂന്നാം എഡിഷൻ സെപ്റ്റംബർ 24 ന് കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മാർട്ടിൻറെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ സെപ്റ്റംബർ 25 മുതൽ 27 വരെ നടക്കുമെന്ന് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യത്തെ കേരള ട്രാവൽ മാർട്ട് കൂടിയാണിത്. ഉദ്ഘാടന ചടങ്ങ് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെൻററിലും മാർട്ട് കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിലുമാണ് നടക്കുന്നത്.

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം പ്രാബല്യത്തിൽ വരുത്തുന്നതിനായുള്ള കരട് രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് ടൂറിസം പങ്കാളികളുമായി യോഗം ചേരും.

ടൂറിസം മേഖലയിൽ കേരളം മത്സരിക്കുന്നത് സംസ്ഥാനങ്ങളുമായല്ല, വിവിധ രാജ്യങ്ങളുമായിട്ടാണെന്ന് മന്ത്രി പറഞ്ഞു. ഇതിൻറെ ഭാഗമായി കേരളത്തിൻറെ പ്രധാന ടൂറിസം ഉൽപന്നങ്ങളായ ആയുർവേദം, വെൽനസ്, മൈസ് എന്നിവയെ കുറേക്കൂടി ആകർഷകമാക്കി ലോകത്തിനു മുന്നിൽ റീബ്രാൻഡ് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആഗോള ടൂറിസം ഭൂപടത്തിൽ കേരളത്തെ പ്രദർശിപ്പിക്കുന്നതിൽ കെടിഎം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കേരള ടൂറിസത്തിൻറെ വിപണി കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഉത്തരവാദിത്ത അനുഭവവേദ്യ ടൂറിസത്തിൽ ഊന്നിനിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാനും നിലവിലുള്ള ഉൽപന്നങ്ങൾക്കു പുറമേ പുതിയ ടൂറിസം ഉൽപന്നങ്ങളും പദ്ധതികളും ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെടിഎമ്മിന് ഏകദേശം മൂന്നു മാസം അവശേഷിക്കെ ഇതിനകം 2360 ബയർ രജിസ്ട്രേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 610 അന്താരാഷ്ട്ര ബയർമാരും 1750 ആഭ്യന്തര ബയർമാരും ഉൾപ്പെടുന്നു. ഇത് സർവകാല റെക്കോർഡാണ്. 60 അന്താരാഷ്ട്ര മാധ്യമങ്ങളും 57 ആഭ്യന്തര മാധ്യമങ്ങളും ഉൾപ്പെടെ 117 മാധ്യമ രജിസ്ട്രേഷനുകൾ ഇതിനകം ലഭിച്ചുകഴിഞ്ഞു. കൂടാതെ 366 സെല്ലർമാരും (എക്സിബിറ്റേഴ്സ്), സ്പോൺസർഷിപ്പ്-ഗവൺമെൻറ് സ്റ്റാളുകളിലായി 25 പ്രതിനിധികളും മാർട്ടിൽ പങ്കെടുക്കും.

വാണിജ്യ കൂടിക്കാഴ്ചകൾ, നയകർതൃ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും. ഇക്കുറി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെയാണ് പോസ്റ്റ്-മാർട്ട് ടൂറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് വിവിധ മേഖലകളിലായാണ് ഇത്തവണ ടൂർ സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട വിദേശ-ആഭ്യന്തര മാധ്യമ പ്രവർത്തകർക്കായുള്ള ടൂർ പരിപാടി മാർട്ടിന് മുൻപായി നടത്തും.

പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു എന്നതാണ് ഇത്തവണത്തെ മാർട്ടിൻറെ മറ്റൊരു പ്രധാന സവിശേഷത. രജിസ്ട്രേഷൻ, വാണിജ്യ (ബിടുബി) കൂടിക്കാഴ്ചകൾ തുടങ്ങി മാർട്ടിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റലാക്കും. ഇതിനായി പുതിയ സോഫ്റ്റ്വെയറും മൊബൈൽ ആപ്പുമായിരിക്കും ഉപയോഗിക്കുക.

പുതിയ ടൂറിസം ഉൽപന്നങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൻറെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കെടിഎം നടത്തിയ വെഡ്ഡിംഗ് ആൻഡ് മൈസ് (എംഐസിഇ) കോൺക്ലേവ് വൻ വിജയമായിരുന്നു. കേരള കൺവെൻഷൻ പ്രൊമോഷൻ ബ്യൂറോ രൂപീകരണം, ഈ മേഖലയ്ക്കായുള്ള പ്രത്യേക നയം തുടങ്ങിയ പ്രഖ്യാപനങ്ങളോടെയാണ് അന്ന് ഉച്ചകോടി സമാപിച്ചത്.

കെടിഎമ്മിനെ ലോകത്തെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ഗ്ലോബൽ ട്രേഡ് ഫെയറാക്കി മാറ്റാനാകുമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. അതുവഴി ഇന്ത്യയിലെ ടൂർ ഓപ്പറേറ്റർമാർക്കും ബിസിനസ് സംരംഭങ്ങൾക്കും ആഗോള തലത്തിൽ വലിയ അവസരങ്ങളാണ് ഒരുങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പങ്കാളികൾക്കും ടൂറിസം വിപണിയിലെ പുതിയ പ്രവണതകൾ അറിയാനുള്ള അവസരമാണെന്ന് ടൂറിസം ഡയറക്ടർ എം.അഞ്ജന പറഞ്ഞു.

ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, കെടിഎം പ്രസിഡൻറ് ജോസ് പ്രദീപ്, സെക്രട്ടറി എസ്.സ്വാമിനാഥൻ, മുൻ പ്രസിഡൻറുമാരായ ബേബി മാത്യു, അബ്രഹാം ജോർജ്, ഇഎം നജീബ്, ട്രഷറർ ജിബ്രാൻ ആസിഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പുതിയ വിപണികളിൽ നിന്നും വിദേശ ബയർമാരെ കൂടുതലായി കേരളത്തിലേക്ക് ആകർഷിക്കുന്നതിനും, നിലവിലുള്ള മാർക്കറ്റുകളിൽ നിന്ന് പുതിയ ബയർമാരെ കണ്ടെത്തി മാർട്ടിൽ പങ്കെടുപ്പിക്കുന്നതിനും ഊർജിതമായ ശ്രമങ്ങൾ കെടിഎമ്മിൻറെ നേതൃത്വത്തിൽ നടന്നുവരികയാണെന്നും ഭാരവാഹികൾ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.