Sections

ഇന്ത്യയിലെ ഏറ്റവും ആകർഷക തൊഴിൽദാതാവായി ഗൂഗിൾ; തൊട്ടുപിന്നിൽ ടാറ്റ ഗ്രൂപ്പും ആമസോണും-റാൻഡ്സ്റ്റാഡ് റിപ്പോർട്ട്

Sunday, Aug 09, 2026
Reported By Admin
Google India’s Most Attractive Employer in 2026: Randstad

കൊച്ചി: റാൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് 2026 പ്രകാരം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവായി ഗൂഗിൾ തിരഞ്ഞെടുക്കപ്പെട്ടു. ടാറ്റ ഗ്രൂപ്പും ആമസോണുമാണ് തൊട്ടുപിന്നിലുള്ളത്. മികച്ച തൊഴിൽ, കരിയർ വളർച്ച, ഉൾക്കൊള്ളൽ, ക്ഷേമം, മികച്ച പ്രതിഫലം എന്നിവ നൽകുന്ന ഒരു 'ബാലൻസ്ഡ് എംപ്ലോയർ' ആണ് ഇന്നത്തെ തൊഴിൽ സേന ലക്ഷ്യമാക്കുന്നതെന്ന് ഇന്ത്യയിലെ ഈ ഗവേഷണത്തിൻറെ പതിനാറാം പതിപ്പ് വ്യക്തമാക്കുന്നു. പ്രമുഖ ടാലൻറ് കമ്പനിയായ റാൻഡ്സ്റ്റാഡ് ഇന്ത്യ പുറത്തിറക്കിയ ഈ സമഗ്ര പഠനത്തിൽ, ഇന്ത്യയിൽ നിന്ന് 3500-ഓളം പേരും ആഗോളതലത്തിൽ 1.75 ലക്ഷത്തിലധികം പേരും പങ്കെടുത്തു.

ഇന്ത്യയിൽ തൊഴിൽ മാറുന്നവരുമായി ബന്ധപ്പെട്ട സമ്മർദ്ദം വളരെ കൂടുതലാണെന്ന് ഗവേഷണം സൂചിപ്പിക്കുന്നു, 46 ശതമാനം ആളുകൾ അടുത്ത ആറ് മാസത്തിനുള്ളിൽ ജോലി മാറാൻ പദ്ധതിയിടുമ്പോൾ, 32 ശതമാനം പേർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇതിനകം ജോലി മാറിയവരാണ്. അതേസമയം, 49 ശതമാനം ആളുകൾ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയുടെ അഭാവവും 42 ശതമാനം കരിയർ വളർച്ചയില്ലായ്മയും 41 ശതമാനം കുറഞ്ഞ ശമ്പളവും ഒരു സ്ഥാപനം വിട്ടുപോകാനുള്ള പ്രധാന കാരണങ്ങളായി ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.

2020-ന് ശേഷമുള്ള കാലഘട്ടം തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള മാനസിക ബന്ധത്തെ അടിസ്ഥാനപരമായി തിരുത്തിയെഴുതിയെന്ന് റാൻഡ്സ്റ്റാഡ് ഇന്ത്യ എംഡി നാരായൺ അയ്യർ പറഞ്ഞു. ജീവനക്കാർ ഇന്ന് ഒറ്റപ്പെട്ട ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് സമഗ്രമായ തൊഴിൽ അനുഭവമാണ് വിലയിരുത്തുന്നതെന്നും മികച്ച ജീവനക്കാരെ നിലനിർത്തുന്നതിന് സാമ്പത്തിക പ്രതിഫലവും ദൈനംദിന സംതൃപ്തിയും തമ്മിലുള്ള വിടവ് നികത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിൽ സുരക്ഷ, തൊഴിൽ സാഹചര്യം, വർക്കിംഗ് മോഡലുകൾ എന്നിവയെക്കുറിച്ചുള്ള സുപ്രധാന കണ്ടെത്തലുകളും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മികച്ച പ്രകടനത്തിനുള്ള അംഗീകാരം, കരിയർ തുടർച്ച, വിശ്വസനീയമായ വേതനം എന്നിവയാണ് തൊഴിൽ സുരക്ഷയുടെ ഏറ്റവും ശക്തമായ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത്, മികച്ച തൊഴിൽ അന്തരീക്ഷം ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയുടെ പ്രാഥമിക ഘടകമാണെന്ന് 52 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. അതേസമയം, മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമായി ഡിജിറ്റൽ രംഗത്തെ 73 ശതമാനം പ്രൊഫഷണലുകളും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയെക്കാൾ മികച്ച ശമ്പളത്തിനാണ് മുൻഗണന നൽകുന്നത്.

പൂർണ്ണമായും റിമോട്ട് ആയി ജോലി ചെയ്യുന്നത് 2021-ലെ 47 ശതമാനത്തിൽ നിന്ന് 2026-ൽ 18 ശതമാനമായി കുറഞ്ഞു, എന്നാൽ 42 ശതമാനം ജീവനക്കാർ ഇപ്പോൾ ഹൈബ്രിഡ് രീതിയാണ് പിന്തുടരുന്നത് എന്നത് ഇത് പുതിയ മാനദണ്ഡമായി മാറിയെന്ന് വ്യക്തമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.