Sections

ആർബിഐയുടെ സ്ഥിരം അംഗീകൃത ഡീലർ വിഭാഗം - II ഫോറെക്സ് ലൈസൻസ് സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

Sunday, Aug 09, 2026
Reported By Admin
Muthoot FinCorp Gets RBI AD Category-II Forex Licence

കൊച്ചി: പ്രമുഖ നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥിരം അംഗീകൃത ഡീലർ വിഭാഗം - II ഫോറെക്സ് ലൈസൻസ് ലഭിച്ചു. ലൈസൻസ് ലഭിച്ചതോടെ വിദേശനാണ്യ വിനിമയം, ട്രേഡ് റെമിറ്റൻസ്, വിദേശ പഠന ആവശ്യങ്ങൾക്കുള്ള തുക കൈമാറ്റം തുടങ്ങിയ നിരവധി വിദേശനാണ്യ സേവനങ്ങൾ രാജ്യവ്യാപകമായി വിപുലമായി നൽകാൻ കമ്പനിക്ക് സാധിക്കും.

നിശ്ചിത കാലയളവിനു ശേഷം പുതുക്കേണ്ടതില്ലാത്ത 'പെർപെച്ച്വൽ' ലൈസൻസായതിനാൽ കമ്പനിക്ക് തുടർച്ചയായി ഈ സേവനങ്ങൾ നൽകാൻ സാധിക്കും. വിദേശ കറൻസി വിനിമയം, മൾട്ടി-കറൻസി ഫോറെക്സ് കാർഡുകൾ, എൽ.ആർ.എസ് റെമിറ്റൻസുകൾ, ഫാമിലി മെയിന്റനൻസ് റെമിറ്റൻസ്, ട്രേഡ് റെമിറ്റൻസ്, ഫോറെക്സ് ബിസിനസ് കോറസ്പോണ്ടന്റ് സേവനങ്ങൾ എന്നിവ ഇതിലൂടെ ലഭ്യമാകും.

റീട്ടെയിൽ ഉപഭോക്താക്കൾ, എംഎസ്എംഇകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കോർപ്പറേറ്റുകൾ, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ, വിദേശയാത്രക്കാർ, എൻ.ആർ.ഐകൾ എന്നിവർക്ക് ഇനി മുതൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഫോറെക്സ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഇന്ത്യയിലുടനീളമുള്ള 3,800-ലധികം ശാഖകൾ അടങ്ങുന്ന വിപുലമായ ശൃംഖലയിലൂടെ വിദേശനാണ്യ സേവനങ്ങൾ സാധാരണക്കാരിലേക്കും എത്തിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

ഇന്ത്യയുടെ വളരുന്ന വ്യാപാരം, വിദേശയാത്രകൾ, വിദേശപഠനം, റെമിറ്റൻസ് മേഖലകൾ എന്നിവയ്ക്ക് കരുത്തേകുക എന്ന തങ്ങളുടെ ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ നേട്ടം. തങ്ങളുടെ ശക്തമായ ശൃംഖലയിലൂടെ സുരക്ഷിതവും ഉപഭോക്തൃസൗഹൃദവുമായ ഫോറെക്സ് സേവനങ്ങൾ നൽകാൻ സാങ്കേതികവിദ്യയിലും വിതരണ ശൃംഖലയിലും കൂടുതൽ നിക്ഷേപങ്ങൾ തുടർന്നും നടത്തുമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.

2026 മേയിൽ റിസർവ് ബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ചട്ടങ്ങളിൽ ചരിത്രപരമായ ഭേദഗതി വരുത്തിയിരുന്നു. ഇതനുസരിച്ച് യോഗ്യരായ ഓതറൈസ്ഡ് ഡീലർ കാറ്റഗറി-II സ്ഥാപനങ്ങൾക്കും 25 ലക്ഷം വരെയുള്ള ട്രേഡ് റെമിറ്റൻസുകളും ഫാമിലി മെയിന്റനൻസ് റെമിറ്റൻസുകളും നടത്താൻ ആർ.ബി.ഐ അനുമതി നൽകി. മുൻപ് ബാങ്കുകൾക്കും ഓതറൈസ്ഡ് ഡീലർ കാറ്റഗറി-I സ്ഥാപനങ്ങൾക്കും മാത്രം അനുമതിയുണ്ടായിരുന്ന ഈ മേഖലയിലാണ് ഇപ്പോൾ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും അവസരം ലഭിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.