Sections

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളിൽ 'സംനിത സോഷ്യൽ ഇൻക്ലൂഷൻ ലാബ്' ഉദ്ഘാടനം ചെയ്തു

Saturday, Sep 19, 2026
Reported By Admin
Sannitha Social Inclusion Lab Opens at Kannur School

  • വിദ്യാർത്ഥികളിൽ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളർത്തുക ലക്ഷ്യം

കൂത്തുപറമ്പ് (കണ്ണൂർ): വിദ്യാർത്ഥികളിൽ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി മാലൂർ പനമ്പറ്റ ന്യൂ യു.പി. സ്കൂളിൽ തയ്യാറാക്കിയ 'സംനിത സോഷ്യൽ ഇൻക്ലൂഷൻ ലാബ്' തുറന്നു.

കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഐഎഎസ് ലാബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വി.കെ. സനോജ് എംഎൽഎ വിശിഷ്ടാതിഥിയായിരുന്നു.

ആധുനിക അഡിറ്റീവ് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യയിലൂടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ ആശയങ്ങളാക്കിയും, അതിനെ പ്രായോഗിക ഉപകരണങ്ങളാക്കിയും മാറ്റി കുട്ടികളിൽ സഹാനുഭൂതി വളർത്തുകയാണ് സംനിത സോഷ്യൽ ഇൻക്ലൂഷൻ ലാബിന്റെ ലക്ഷ്യം.

വിദ്യാർത്ഥികളിൽ ചെറിയ പ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയും അനുകമ്പയും വളർത്തിയെടുക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
സാങ്കേതികവിദ്യയെ കേവലം അറിവിനായി മാത്രം ഉപയോഗിക്കാതെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും കൈത്താങ്ങാക്കി മാറ്റാൻ കുട്ടികൾ മുന്നോട്ടുവരുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

സംനിത സോഷ്യൽ ഇൻക്ലൂഷൻ ലാബിലൂടെ എല്ലാവരെയും ഉൾപ്പെടുത്തുന്ന വിദ്യാഭ്യാസത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് പനമ്പറ്റ ന്യൂ യു.പി സ്കൂളെന്ന് വി.കെ. സനോജ് എംഎൽഎ അഭിപ്രായപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഭിന്നശേഷി വിദ്യാർത്ഥികളെയും സഹായിക്കാൻ ഇതിലൂടെ സാധിക്കും.

മറ്റുള്ളവർക്കായി സ്വന്തം കൈകൊണ്ട് എന്തെങ്കിലും നിർമ്മിച്ചു നൽകുന്നതിലൂടെ മാത്രമാണ് യഥാർത്ഥ സഹാനുഭൂതി കുട്ടികൾക്ക് പഠിച്ചെടുക്കാനാവുന്നതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് സംനിത സോഷ്യൽ ഇൻക്ലൂഷൻ ലാബ് ഫൗണ്ടർ റോബിൻ ടോമി പറഞ്ഞു. ഈ പദ്ധതിയിലൂടെ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പ്രശ്നം കണ്ടെത്തുകയും അതിന് ഉതകുന്ന പരിഹാരം കാണുകയും വികലാംഗർക്കും പ്രായമായവർക്കും ആവശ്യമായ സഹായ ഉപകരണങ്ങൾ സ്വന്തമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ചു നൽകുകയും ചെയ്യുന്നു. പലപ്പോഴും ഉൾക്കൊള്ളൽ അഥവാ 'ഇൻക്ലൂഷൻ' എന്നത് പാഠപുസ്തകങ്ങളിലെ ഒരു വിഷയം മാത്രമായി ഒതുങ്ങാറാണ് പതിവ്. എന്നാൽ 'സംനിത' അതിനെ ഒരു പ്രായോഗിക കളരിയായി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ഒ. പ്രസാദ്, വാർഡ് മെമ്പർ കെ. വിജിത്ത്, സ്കൂൾ കമ്മിറ്റി ട്രഷറർ ചമ്പാടൻ ജനാർദ്ദനൻ, സ്കൂൾ കമ്മിറ്റി പ്രസിഡന്റ് ഇ. നാരായണൻ, പി.ടി.എ പ്രസിഡന്റ് എം. ഹാഷിം, മദർ പി.ടി.എ പ്രസിഡന്റ് ശാരിക രാജേഷ്, കെ.കെ. ഷീന, മട്ടന്നൂർ എ.ഇ.ഒ കെ. ബിന്ദു, പുനർജീവ സി.ഇ.ഒ സ്മിത റോസ് മേരി ജോർജ്ജ്, സി.ഡി.ഒ രശ്മി രവീന്ദ്രനാഥൻ, സംനിത ലീഡ് ഡിനോജ് ഡേവിസ്, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

സ്കൂൾ കമ്മിറ്റി പ്രസിഡന്റ് ഇ. നാരായണൻ സ്വാഗതവും ഹെഡ് മാസ്റ്റർ ടി.പി. രഞ്ജിത്ത് കുമാർ നന്ദിയും പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.