- Trending Now:
റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താനും നിഷ്പക്ഷ നിലപാട് തുടരാനുമുള്ള ആർബിഐ തീരുമാനം, മാറുന്ന സാമ്പത്തിക സാഹചര്യങ്ങളെ വിവേകത്തോടും ദീർഘവീക്ഷണത്തോടും വിലയിരുത്തിയതിന്റെ ഫലമാണെന്ന് മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
ആഭ്യന്തര വിപണിയിലെ ആവശ്യകതയും 2026-27 സാമ്പത്തിക വർഷത്തെ വളർച്ചാ സാധ്യതകളും ശക്തമായി തുടരുകയാണ്. എങ്കിലും ഭൗമരാഷ്ട്രീയ വിഷയങ്ങൾ, ഊർജവിലയിലെ മാറ്റങ്ങൾ, ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ എന്നിവ കാരണം പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ ജാഗ്രത തുടരണമെന്ന് ധനനയ സമിതി വ്യക്തമാക്കുന്നു. നിലവിലെ നയങ്ങൾ തുടരുമ്പോഴും ആവശ്യമായ സാഹചര്യങ്ങളിൽ ഇളവുകൾക്ക് അവസരം നൽകുന്നതിലൂടെ, സാമ്പത്തിക വളർച്ചയ്ക്കും സ്ഥിരതയ്ക്കും ഇടയിൽ മികച്ച സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ആർ.ബി.ഐക്ക് കഴിഞ്ഞിട്ടുണ്ട്.
പലിശനിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതും വിപണിയിലെ ആവശ്യകത ശക്തമായി നിലനിൽക്കുന്നതും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഫണ്ടിംഗ് ചെലവുകളിലും വായ്പാ ആസൂത്രണത്തിലും കൂടുതൽ വ്യക്തത നൽകുന്നു. ഇത് തടസ്സമില്ലാത്ത വായ്പാ വിതരണത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കും.
പലിശനിരക്കിലെ ഈ സ്ഥിരത വായ്പ നൽകുന്നവർക്കും എടുക്കുന്നവർക്കും ഒരുപോലെ ഗുണകരമാണ്. ഇത് ബിസിനസ് മേഖലയിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനൊപ്പം, ഉൽപ്പാദനക്ഷമമായ ആവശ്യങ്ങൾക്കുള്ള വായ്പകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ കുടുംബങ്ങൾക്കും സംരംഭകർക്കും എം.എസ്.എം.ഇകൾക്കും കൃത്യസമയത്ത് സാമ്പത്തിക സഹായം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ആർ.ബി.ഐയുടെ ഈ നയസമീപനം സമ്പദ്വ്യവസ്ഥയിലുടനീളം സുസ്ഥിരമായ വായ്പാ വളർച്ചയ്ക്ക് തുടർന്നും കരുത്തേകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.