- Trending Now:
തിരുവനന്തപുരം: കേരളത്തിൻറെ പ്രധാന അന്താരാഷ്ട്ര വിപണിയായ അറബ് ടൂറിസം മാർക്കറ്റ് വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ഇൻഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റ്' ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ കൊച്ചിയിൽ നടക്കും. സമ്മിറ്റിൻറെ ലോഗോ ടൂറിസം സാംസ്കാരിക സിനിമ മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു.
ഉച്ചകോടി ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ടുറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ്, കേരള ടൂറിസത്തിൻറെയും ഈ മേഖലയിലെ വിവിധ സംഘടനകളുടെയും വിമാന കമ്പനികളുടെയും സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
അറബ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ കേരള ടൂറിസത്തിൻറെ ഭാവി വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. ആയുർവേദ, മെഡിക്കൽ, ആഡംബര ടൂറിസം മേഖലയിലും സുവനീർ വ്യവസായ മേഖലയിലും വലിയ പുരോഗതി നേടാൻ ഇതിലൂടെ സാധിക്കും. ജൂൺ മുതൽ സെപ്തംബർ വരെയുള്ള ഓഫ് സീസണിൽ ആണ് അറബ് മേഖലയിലെ സഞ്ചാരികൾ കൂടുതലായി കേരളത്തിൽ എത്തുന്നത്. ഇത് സംസ്ഥാനത്തെ ടൂറിസത്തിൽ അറബ് മേഖലയുടെ പ്രാധാന്യത്തെ കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള മെഡിക്കൽ വാല്യൂ ട്രാവൽസ് സൊസൈറ്റി പ്രസിഡൻറ് ഇ.എം നജീബ്, അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റർസ് പ്രതിനിധി ജോളി ആൻറണി എന്നിവർ ചേർന്ന് മന്ത്രിയിൽ നിന്ന് സമ്മിറ്റിൻറെ ലോഗോ ഏറ്റുവാങ്ങി.
ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആരോഗ്യ മന്ത്രി കെ. മുരളീധരൻ, ആന്ധ്രാപ്രദേശ് ടൂറിസം- സാംസ്കാരിക മന്ത്രി കണ്ടുല ദുർഗേഷ് എന്നിവർ മുഖ്യാതിഥികളാകും.
സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള 200 ടൂർ ഓപ്പറേറ്റർമാരെയും ടൂറിസം, ഹോസ്പിറ്റാലിറ്റി, ആയുർവേദം, മെഡിക്കൽ ടൂറിസം മേഖലകളെ പ്രതിനിധീകരിക്കുന്ന 500 ആഭ്യന്തര ബയേഴ്സിനെയും ഒരുമിച്ച് കൊണ്ടുവരുന്ന ബി2ബി മീറ്റാണ് ഉച്ചകോടിയുടെ പ്രധാന ആകർഷണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും അയൽരാജ്യങ്ങളായ ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുമടക്കം 300 എക്സിബിറ്റർമാർ സമ്മിറ്റിൽ പങ്കെടുക്കും.
ഒമ്പത് അറബ് രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും വ്യവസായ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രണ്ടു ദിവസത്തെ ട്രാവൽ എക്സ്പോ, സെമിനാർ എന്നിവയിൽ സംബന്ധിക്കും. സമ്മിറ്റിനു ശേഷം സെപ്റ്റംബർ 9 വരെ കേരളത്തിലെ മൂന്നു മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ അറബ് ടൂർ ഓപ്പറേറ്റർമാർ സന്ദർശിക്കും.
ആയുർവേദ, മെഡിക്കൽ ടൂറിസം, ആഡംബര സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് അറബ് ടൂർ ഓപ്പറേറ്റർമാർക്ക് ധാരണയുണ്ടാക്കാനും അതുവഴി മിഡിൽ ഈസ്റ്റ് സഞ്ചാരികൾക്കിടയിൽ കേരളത്തോടുള്ള ആകർഷണം വർദ്ധിപ്പിക്കുകയുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് മാനേജിങ് എഡിറ്റർ രവിശങ്കർ കെ.വി പറഞ്ഞു.
താമസത്തിനും ഭക്ഷണത്തിനും ഷോപ്പിങ്ങിനും തുക ചെലവഴിക്കുന്നതിൽ മുൻപന്തിയിലുള്ള അറബ് സഞ്ചാരികൾ കൂടുതലായി കേരളത്തിൽ എത്തിയാൽ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്ന് അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റർസ് പ്രസിഡൻറ് റഷീദ് കക്കാട് അഭിപ്രായപ്പെട്ടു. മദ്ധ്യേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിലും കേരളത്തിലേക്ക് യാത്ര ചെയ്യാൻ അറബ് സഞ്ചാരികൾ താൽപര്യം കാണിക്കുന്നുണ്ട്. ജൂൺ അവസാനം ആരംഭിക്കുന്ന ഈ സീസണിൽ വലിയ വളർച്ചാ നിരക്ക് കാണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപ ഭാവിയിൽ മൂന്ന് ലക്ഷം അറബ് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുമാണ് സമ്മിറ്റിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിൻറെ സമ്പദ്വ്യവസ്ഥയ്ക്ക് 25,000 കോടിയിലധികം രൂപ സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുളള ഗൾഫ് രാജ്യങ്ങളിൽ നിന്നും പൂർവ്വേഷ്യൻ രാജ്യങ്ങളായ ഈജിപ്ത്, ജോർദാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ അറബ് സഞ്ചാരികൾ കേരളത്തിലെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.