Sections

വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ട് യാത്ര; കായൽ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിൻറെ മരുമകനും

Monday, Aug 10, 2026
Reported By Admin
US Ambassador Sergio Gor and Michael Boulos Enjoy Kerala Houseboat

തിരുവനന്തപുരം: പുന്നമടയിലെ വേമ്പനാട്ട് കായലിൻറെ ഓളപ്പരപ്പിൽ ഹൗസ്ബോട്ട് യാത്ര ആസ്വദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ മരുമകനും യുഎസ് ബിസിനസ് എക്സിക്യുട്ടീവുമായ മൈക്കൽ ബൗലോസും.

കേരളത്തിലെ പ്രീമിയം ഹൗസ്ബോട്ട് ടൂറിസം വിഭാഗത്തിലെ പ്രമുഖ ബ്രാൻഡായ സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസാണ് ഹൗസ്ബോട്ട് യാത്ര ഒരുക്കിയത്. വേമ്പനാട് കായലിലൂടെ ഈ ആഡംബര ഹൗസ്ബോട്ടിൽ ഏതാനും മണിക്കൂറുകളോളം അവർ സഞ്ചരിച്ചു.

കേരളത്തിൻറെ ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ നടത്തിയ സന്ദർശനത്തിൽ വള്ളം കളിക്കായി പരിശീലനം നടത്തുന്ന തുഴച്ചിൽക്കാരെ കാണുന്നതിനും അവർക്ക് സാധിച്ചു.

കേരളത്തിലെ വശ്യമായ പ്രകൃതിഭംഗി ആസ്വദിച്ച്, മനോഹരമായ കായലോളങ്ങളിലൂടെ നടത്തിയ യാത്ര അതീവ ഹൃദ്യമായിരുന്നുവെന്ന് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് മനേജിങ് പാർട്ണർ ജോബിൻ ജെ അക്കരക്കളം പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശനുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരുവരും ആലപ്പുഴയിലെത്തിയത്. ഈ സന്ദർശനം കേരള ടൂറിസത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ജോബിൻ അഭിപ്രായപ്പെട്ടു.

ഹൗസ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ കായലിനിരുവശത്തുമുള്ള തെങ്ങിൻ നിരകളുടെ ദൃശ്യങ്ങളും വീഡിയോകളും ഇരുവരും പകർത്തി. ഇവ തങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും കുടുംബത്തോടൊപ്പം കേരളത്തിലെത്തി ഒരു രാത്രി തങ്ങാൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞുവെന്ന് ജോബിൻ വ്യക്തമാക്കി.

വീട്ടിൽ തയ്യാറാക്കിയ ചിക്കൻ സാൻഡ് വിച്ച്, ബ്രൗണി ചോക്ലേറ്റ് തുടങ്ങിയ വിഭവങ്ങളാണ് അതിഥികൾക്കായി ഒരുക്കിയത്. കരിമീൻ ഉൾപ്പെടെയുള്ള കേരളീയ വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണം നൽകാൻ ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കേറിയ അവരുടെ പരിപാടികൾ നിമിത്തം അതിന് സാധിച്ചില്ലെന്നും ജോബിൻ പറഞ്ഞു.

വള്ളംകളിക്കുള്ള പരിശീലനം കാണാൻ കഴിഞ്ഞത് സന്ദർശനത്തിലെ പ്രധാന ആകർഷണമായിരുന്നു. തുഴച്ചിൽക്കാരുടെ ശക്തിയും കഴിവും ഏകാഗ്രതയും ഇരുവരും കൗതുകത്തോടെ വീക്ഷിച്ചു. രണ്ട് ടീമുകളുടെ പരിശീലനമാണ് അവർ കണ്ടത്. തലമുറകളായി സംരക്ഷിച്ചു പോരുന്ന കേരളത്തിൻറെ സവിശേഷമായ ജലകായിക പാരമ്പര്യത്തിൽ അവർ അത്ഭുതം പ്രകടിപ്പിച്ചു.

കേരള ടൂറിസത്തിൻറെ ഡയമണ്ട് ക്ലാസിഫിക്കേഷൻ അംഗീകാരമുള്ള സ്ഥാപനമാണ് സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ്. കേരളത്തിലെ ഹൗസ്ബോട്ട് വിഭാഗത്തിലെ ഏറ്റവും ഉയർന്ന അംഗീകാരമാണിത്. സുരക്ഷ, പരിസ്ഥിതി സംരക്ഷണം, രൂപകൽപ്പന, സേവന നിലവാരം, അതിഥികളുടെ സൗകര്യം തുടങ്ങിയ മേഖലകളിൽ കർശന മാനദണ്ഡങ്ങൾ പാലിക്കുന്ന ഹൗസ്ബോട്ട് ഓപ്പറേറ്റർമാർക്കാണ് ഇത് നൽകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.