Sections

ഗണിതമധുരം വിരൽത്തുമ്പിൽ; കാഴ്ചയുടെ അതിരുകൾ മായ്ച്ച് സ്ട്രൈഡ് അസിസ്റ്റീവ് മാത്സ് കിറ്റ്

Sunday, Mar 15, 2026
Reported By Admin
Assistive Math Kit for Visually Impaired Students in Kerala

  • കാഴ്ചപരിമിതരായ വിദ്യാർഥികൾക്കായി കെ-ഡിസ്കിന്റെ സ്ട്രൈഡ് തയ്യാറാക്കിയ ഉപകരണങ്ങൾ കൈമാറി

പാലക്കാട്: കണ്ണുകൾകൊണ്ട് കാണാനാവില്ലെങ്കിലും സ്പർശനത്തിന്റെ അത്ഭുതലോകത്തിലൂടെ ഗണിതശാസ്ത്രത്തിലെ സങ്കീർണ്ണരൂപങ്ങളെ തൊട്ടറിഞ്ഞ് ഒരു കൂട്ടം മിടുക്കർ. കാഴ്ചപരിമിതരായ വിദ്യാർഥികൾക്കായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സോഷ്യൽ എന്റർപ്രൈസ് ആൻഡ് ഇൻക്ലൂഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്ട്രൈഡ് പദ്ധതിയിലൂടെ തയ്യാറാക്കിയ സ്ട്രൈഡ് അസിസ്റ്റീവ് മാത്സ് കിറ്റ് കൈമാറി.

അന്താരാഷ്ട്ര ഗണിതദിനത്തിൽ പാലക്കാട് കരിമ്പുഴ ഹെലൻ കെല്ലർ സെന്റിനറി മെമ്മോറിയൽ മോഡൽ സ്കൂളിൽ നടന്ന ചടങ്ങ് കെ.പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ഗണിതകിറ്റുകളൂം അദ്ദേഹം വിതരണം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡുമായി (കെഎഫ്ബി) സഹകരിച്ചാണ് കെ-ഡിസ്ക് പരിപാടി സംഘടിപ്പിച്ചത്.

കോട്ടയത്തെ വാളക്കയം സർവ്വോദയ ഗ്രന്ഥശാലയിലെ സ്ട്രൈഡ് മെയ്ക്കർ സ്റ്റുഡിയോയിൽ നിർമിച്ച ഗണിത രൂപങ്ങൾ അടങ്ങുന്നതാണ് സ്ട്രൈഡ് അസിസ്റ്റീവ് മാത്സ് കിറ്റ്. കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് സ്പർശനത്തിലൂടെ ഗണിത പാഠങ്ങൾ പഠിക്കാനായി വൃത്തം, ചതുരം, ത്രികോണം മുതലായ രൂപങ്ങൾ ഈ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2031 ഓടെ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇൻക്ലൂസിവ് ഇന്നോവേഷൻ ഹബ്ബ് ആയി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കെ -ഡിസ്ക് സോഷ്യൽ എന്റർപ്രൈസ് ആൻഡ് ഇൻക്ലൂഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് സ്ട്രൈഡ്. ഇതിലൂടെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ (അസിസ്റ്റീവ്/അഡാപ്റ്റീവ്/കോഗ്നിറ്റീവ്) നിർമിച്ചു നൽകുന്നു. സ്ട്രൈഡ് പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ട മെയ്ക്കർ സ്റ്റുഡിയോ വഴിയാണ് ഈ ഉപകരണങ്ങൾ നിർമിക്കുന്നത്.

ഭിന്നശേഷി വിഭാഗക്കാർക്കായി നവീന സാമൂഹിക സാഹചര്യം കെട്ടിപ്പടുക്കുന്നതിനായുള്ള കേരളത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് പദ്ധതിയുടെ ആശയാവതരണം നടത്തിക്കൊണ്ട് കെ-ഡിസ്ക് സോഷ്യൽ എന്റർപ്രൈസസ് ആൻഡ് ഇൻക്ലൂഷൻ ഡിവിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ റോബിൻ ടോമി പറഞ്ഞു. സ്ട്രൈഡ് മെയ്ക്കർ സ്റ്റുഡിയോകൾ വഴി തദ്ദേശീയമായി നിർമ്മിക്കുന്ന ഇത്തരം ഉപകരണങ്ങൾ കുട്ടികൾക്ക് വലിയ ആത്മവിശ്വാസം നൽകും. ഭിന്നശേഷി സൗഹൃദമായ ഒരു പഠനമാതൃകയാണ് സ്ട്രൈഡ് കെട്ടിപ്പടുക്കുന്നത്. ഇതിലൂടെ അവരുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി സഹായ ഉപകരണങ്ങൾ നിർമ്മിച്ചുനൽകുക എന്ന സ്ട്രൈഡിന്റെ ലക്ഷ്യമാണ് യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ എം. ചന്ദ്രമോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാർ മുഖ്യാതിഥിയായി.

ഹെലൻ കെല്ലർ സകൂൾ ഹെഡ്മിസ്ട്രസ് നോബിൾ മേരി ചാക്കോ, കെ-ഡിസ്ക് സോഷ്യൽ എന്റർപ്രൈസ് ആൻഡ് ഇൻക്ലൂഷൻ ഡിവിഷൻ പ്രോഗ്രാം മാനേജർ ലക്ഷ്മി കെ.ജെ, ജൂനിയർ കൺസൾട്ടന്റ് സൂരജ് എസ്.ആർ, ജൂനിയർ അസോസിയേറ്റ് അമൽ പി.എസ്, കെഎഫ്ബി സംസ്ഥാന സെക്രട്ടറി വിനോദ് ബി, കെഎഫ്ബി ജില്ലാ പ്രസിഡന്റ് വി.എൻ. ചന്ദ്രമോഹനൻ, ഹെലൻ കെല്ലർ സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ജയശീലൻ, അധ്യാപകരായ ബിജു ആർ.ടി, ഗിരീഷ് കെ.കെ എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.