Sections

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും

Tuesday, Sep 29, 2026
Reported By Admin
Milma Ernakulam Union Approves ₹1,217 Crore Budget

കൊച്ചി: മിൽമ എറണാകുളം മേഖല യൂണിയന്റെ 40-ാമത് വാർഷിക പൊതുയോഗം പെരുമ്പാവൂർ ടൗൺ ഹാളിൽ നടന്നു. 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായം പ്രതീക്ഷിക്കുന്ന ബജറ്റ് പൊതുയോഗം അംഗീകരിച്ചു.

എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ യൂണിയൻ അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. പ്രാഥമിക ക്ഷീര സഹകരണ സംഘം പ്രതിനിധികൾ പങ്കെടുത്ത വാർഷിക പൊതുയോഗത്തിൽ മേഖല യൂണിയൻ ചെയർമാൻ സി.എൻ വത്സലൻപിള്ള അദ്ധ്യക്ഷത വഹിച്ചു.അടുത്ത വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ചു.

സംഭരണ, സംസ്കരണ, വിപണന രംഗത്ത് ഈ സാമ്പത്തിക വർഷം പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ പൊതുയോഗം തീരുമാനമെടുത്തു. നാല് ജില്ലകളിലെ ഡയറിപ്ലാൻറുകളുടെ വികസനത്തിനായി മേഖല യൂണിയൻ 75.59 കോടി രൂപ വകയിരുത്തുകയും, സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് 12 കോടി രൂപയും, വിൽപന പ്രചാരണത്തിന് 17.50 കോടി രൂപയും വകയിരുത്തി.

പൊതുയോഗത്തിൽ അംഗ സംഘങ്ങൾ അവതരിപ്പിച്ച മൂന്ന് പ്രമേയങ്ങൾ ഉൾപ്പെടെ 11 പ്രമേയങ്ങളാണ് പാസാക്കിയത്. അംഗസംഘം ഉന്നയിച്ച ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും ചെയർമാനും, മാനേജിങ് ഡയറക്ടറും മറുപടി നൽകി. പൊതുയോഗത്തിൽ വച്ച് പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ അടക്കമുള്ള സംഘം പ്രസിഡന്റുമാരെയും 25 വർഷം പൂർത്തിയാക്കിയ സംഘം പ്രസിഡന്റുമാരെയും ആദരിച്ചു. മികച്ച ക്ഷീരസംഘങ്ങൾ, കർഷകർ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവർക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.

മേഖല യൂണിയൻ ഭരണസമിതി അംഗങ്ങളായ ജോൺ തെരുവത്ത്, ജോൺസൺ കെ.കെ, താര ഉണ്ണികൃഷ്ണൻ, സത്യൻ ടി.എൻ, ജോജോ ജോസഫ്, സോണി ഈറ്റക്കൻ, നജീബ് പി.എസ്, പോൾ മാത്യു, ഷാജു വെളിയൻ, സിനു ജോർജ്ജ്, മാർട്ടിൻ കെ.സി, രാധാകൃഷ്ണൻ എൻ.ആർ, ജോയിമോൻ ജെ, അജേഷ് മോഹനൻ നായർ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ (ജനറൽ) ജയസുജീഷ് ജെ എസ്, ഡെപ്യൂട്ടി ഡയറക്ടർ ഫെമി മാത്യു, മാനേജിങ് ഡയറക്ടർ വിത്സൺ ജെ പുറവക്കാട്ട് എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.