Sections

ഓണപ്പെരുമയിൽ മിൽമ; പാലുത്പന്നങ്ങളുടെ വിൽപ്പനയിൽ വൻ വർധന

Saturday, Aug 29, 2026
Reported By Admin
Milma Onam Sales Rise 5.61%; Milk Sales Cross 1.45 Crore Litres

തിരുവനന്തപുരം: ഓണക്കാലത്ത് മിൽമയുടെ പാലുത്പന്നങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർധന. മിൽമ എന്ന ബ്രാൻഡ് പേരിലറിയപ്പെടുന്ന കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻറെ (കെസിഎംഎംഎഫ്) ഗുണമേൻമയുള്ള ഉത്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന താത്പര്യമാണ് വിൽപ്പനയിലെ കുതിപ്പിന് കാരണം.

ഓണാഘോഷമാരംഭിച്ച ഓഗസ്റ്റ് 20 മുതൽ ഉത്രാടം ദിനം വരെയുള്ള അഞ്ച് ദിവസങ്ങിൽ മാത്രം 1,45,76,846.63 ലിറ്റർ പാലാണ് മിൽമ വിറ്റഴിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 5.61 ശതമാനം വളർച്ചയാണ് ഇക്കുറി ഉണ്ടായത്. തൈരിൻറെ മൊത്തം വിൽപ്പന 18,09,331.50 കിലോഗ്രാമാണ്. 9.68 ശതമാനമാണ് വളർച്ച.

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (ടിആർസിഎംപിയു) പാലിൻറെ വിൽപ്പനയിൽ ഓഗസ്റ്റ് 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 5.86 ശതമാനം വർധന രേഖപ്പെടുത്തി. തൈരിൻറെ വിൽപ്പനയിലും 7.94 ശതമാനം വർധനവുണ്ടായി. 297.85 ടൺ നെയ്യാണ് ഓഗസ്റ്റ് ഒന്നിനും 25 നുമിടയിലുള്ള ദിവസങ്ങളിൽ വിറ്റത്.

എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (ഇആർസിഎംപിയു) ഈ വർഷം ഓഗസ്റ്റ് 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ പാലിൻറെ വിൽപ്പനയിൽ 4.62 ശതമാനവും തൈരിൻറെ വിൽപ്പനയിൽ 16.44 ശതമാനം വളർച്ച രേഖപ്പെടുത്തി. ഓഗസ്റ്റ് ഒന്നിനും 25 നുമിടയിലുള്ള ദിവസങ്ങളിൽ 172.58 ടൺ നെയ്യാണ് വിറ്റത്.

മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (എംആർസിഎംപിയു) ഈ വർഷം ഓഗസ്റ്റ് 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ പാലിൻറെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.03 ശതമാനം വർധനവ് രേഖപ്പെടുത്തി. തൈരിൻറെ മൊത്തം വിൽപ്പനയുടെ വളർച്ച 8.7 ശതമാനമാണ്. 358.35 ടൺ നെയ്യാണ് ഓഗസ്റ്റ് ഒന്നിനും 25 നുമിടയിലുള്ള ദിവസങ്ങളിൽ വിറ്റത്.

ഓണവിപണി മുന്നിൽ കണ്ടുകൊണ്ട് മിൽമ നടത്തിയ വിപുലമായ തയ്യാറെടുപ്പുകളും കാര്യക്ഷമമായ വിതരണ ശൃംഖലാ നിയന്ത്രണവുമാണ് വിൽപ്പനയിലെ വർധനയ്ക്ക് പ്രധാന കാരണം. സീസണൽ വിൽപ്പന വർധിപ്പിക്കുന്നതിനുള്ള മിൽമയുടെ തുടർച്ചയായ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ക്ഷീരോത്പന്ന വിപണിയിലെ മുൻനിര സ്ഥാനം നിലനിർത്താൻ മിൽമയെ സഹായിച്ചു. വർധിച്ച ആവശ്യം നിറവേറ്റുന്നതിനായി ലഭ്യമായ വിവിധ സംഭരണ മാർഗങ്ങളും വിതരണ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി.

ഉപഭോക്താക്കൾ മിൽമയിൽ അർപ്പിച്ച വിശ്വാസത്തിൽ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (കെസിഎംഎംഎഫ്) ചെയർമാൻ കെ എസ് മണി നന്ദി പറഞ്ഞു. ഈ പിന്തുണയാണ് ഇത്തവണത്തെ ഓണക്കാലത്തെ മികച്ച വിൽപ്പനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മികച്ച നേട്ടം കൈവരിക്കാനായതിൽ ഫെഡറേഷൻറെ ബോർഡ് ഓഫ് ഡയറക്ടർമാർ, പ്രാദേശിക യൂണിയനുകൾ, മാനേജ്മെൻറ്, ക്ഷീരകർഷകർ, മിൽമ ജീവനക്കാർ, വാഹനങ്ങളിലെ വിതരണ ജീവനക്കാർ, വിതരണക്കാർ എന്നിവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും മിൽമയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ മിൽമ ചെയർമാൻ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.