- Trending Now:
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചു. അറ്റ പലിശ വരുമാനത്തിലുണ്ടായ വർദ്ധനവും മെച്ചപ്പെട്ട ആസ്തി ഗുണനിലവാരവും വഴി ബാങ്കിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 38 ശതമാനം വർധിച്ച് 7,003 കോടി രൂപയിലെത്തി.
അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം വർധിച്ച് 15,371 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങളിൽ 21 ശതമാനം വാർഷിക വളർച്ചയുണ്ടായി. വായ്പകൾ 23 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്തം ബാലൻസ് ഷീറ്റ് 22 ശതമാനം ഉയർന്ന് 20,46,240 കോടി രൂപയിലെത്തി.
ബാങ്കിന്റെ ആസ്തി ഗുണനിലവാരം കൂടുതൽ മെച്ചപ്പെട്ടു. മൊത്ത നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 1.46 ശതമാനത്തിൽ നിന്ന് 1.16 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 0.44 ശതമാനത്തിൽ നിന്ന് 0.35 ശതമാനമായുമാണ് മെച്ചപ്പെട്ടത്.
കോർപ്പറേറ്റ് വായ്പകളിൽ 34 ശതമാനം വളർച്ചയുണ്ടായപ്പോൾ, എസ്എംഇ വിഭാഗം 25 ശതമാനം വർദ്ധനവോടെ 1,64,592 കോടി രൂപയിലെത്തി. ചെറുകിട ബിസിനസ്സ് ബാങ്കിംഗ് 21 ശതമാനവും ഗ്രാമീണ വായ്പകൾ 20 ശതമാനവും വളർച്ച നേടി.
യുപിഐ പേയ്മെന്റ് സേവന വിഭാഗത്തിൽ ഏകദേശം 38 ശതമാനം വിപണി വിഹിതം നിലനിർത്താൻ ആക്സിസ് ബാങ്കിന് സാധിച്ചു. ഡിജിറ്റൽ രംഗത്ത് വലിയ സ്വീകാര്യതയാണ് ബാങ്കിനുള്ളത്. വ്യക്തിഗത ഉപഭോക്താക്കളുടെ മൊത്തം സാമ്പത്തിക ഇടപാടുകളിൽ 98 ശതമാനവും ഡിജിറ്റൽ വഴിയാണ് നടക്കുന്നത്. മാസ്റ്റർകാർഡ്, വിസ നെറ്റ്വർക്കുകളിലെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കായി ആപ്പിൾ പേ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ബാങ്കായി ഈ പാദത്തിൽ ആക്സിസ് ബാങ്ക് മാറി.
ഉപഭോക്താക്കളുടെ മാറുന്ന പ്രതീക്ഷകൾക്കനുസരിച്ച് നവീകരണവും വിശ്വാസ്യതയും പ്രവർത്തനമികവും ചേർന്ന സ്ഥാപനമായി വളരാനാണ് ശ്രമിക്കുന്നത്. സേവന വ്യാപ്തി വർദ്ധിപ്പിക്കാനും ഉപഭോക്തൃ മൂല്യങ്ങൾ ഉയർത്താനും സമൂഹത്തിന് കരുത്ത് പകരാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും സമ്പദ്വ്യവസ്ഥയ്ക്കും ദീർഘകാല മൂല്യം നൽകാൻ ബാങ്ക് എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.