- Trending Now:
തിരുവനന്തപുരം: ആഗോള മൂലധന നിക്ഷേപം ലഭ്യമാക്കാനും ഗൾഫ് മേഖലയിലെ ബിസിനസ് സാധ്യതകൾ ഇന്ത്യൻ ടെക്നോളജി സംരംഭകർക്ക് മുന്നിൽ തുറന്നുകൊടുക്കാനും ലക്ഷ്യമിട്ട് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ സംഘടിപ്പിക്കുന്ന 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' റോഡ്ഷോ ഒക്ടോബർ 12-ന് തിരുവനന്തപുരം ടെക്നോപാർക്കിൽ നടക്കും. ജൈടെക്സ് ഗ്ലോബൽ 2026-ൻറെ ഭാഗമായി നടക്കുന്ന 'എക്സ്പാൻഡ് നോർത്ത് സ്റ്റാർ' മേളയിലൂടെ ദുബായിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പരിചയപ്പെടാൻ ഇന്ത്യൻ സംരംഭകർക്ക് അവസരമൊരുക്കും.
ടെക്നോപാർക്ക് ഫേസ് ഒന്നിലെ പാർക്ക് സെൻററിലുള്ള ട്രാവൻകൂർ ഹാളിൽ ഒക്ടോബർ 12-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, ഇൻകുബേറ്ററുകൾ തുടങ്ങിയവർ പങ്കെടുക്കും. ദുബായിലെ വിപണി സാധ്യതകൾ ചർച്ച ചെയ്യുന്നതിനൊപ്പം ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-നിക്ഷേപക സംഗമമായ എക്സ്പാൻഡ് നോർത്ത് സ്റ്റാറിൽ പങ്കെടുക്കുന്നതിൻറെ നേട്ടങ്ങളും പരിപാടിയിൽ വിശദീകരിക്കും.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കന്യാകുമാരി, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ സാങ്കേതിക സംരംഭകരെയും ബിസിനസ് സമൂഹങ്ങളെയും ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 സംരംഭകർക്ക് ദുബായിൽ ഏഴ് ദിവസത്തെ പ്രത്യേക ബിസിനസ് സന്ദർശന പരിപാടി ഒരുക്കും. എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ജൈടെക്സ് ഗ്ലോബൽ എന്നിവയെ മുൻനിർത്തിയുള്ള ഈ അവസരത്തിലൂടെ നിക്ഷേപകർ, ആഗോള ഉപഭോക്താക്കൾ, വ്യവസായ പങ്കാളികൾ എന്നിവരുമായി നേരിട്ട് ബന്ധപ്പെടാൻ സ്റ്റാർട്ടപ്പുകൾക്ക് സാധിക്കും.
ഇൻഫോപാർക്ക്, സൈബർപാർക്ക്, ടെക്നോപാർക്ക്, സ്റ്റാർട്ടപ്പ് ടി.എൻ, കർണാടക ഡിജിറ്റൽ ഇക്കോണമി മിഷൻ (കെ.ഡി.ഇ.എം), ഹൈലൈറ്റ് ബിസിനസ് പാർക്ക്, കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്), ജി-ടെക്, വേൾഡ് ട്രേഡ് സെൻറർ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജോലിസ്ഥലം എന്നതിലുപരി സംരംഭകർക്ക് വളരാനും പുതിയ അവസരങ്ങൾ കണ്ടെത്താനുമുള്ള അന്തരീക്ഷമൊരുക്കുകയാണ് ലക്ഷ്യമെന്ന് സെൻട്രൽ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ റഫീസ് റഹ്മത്തുള്ള പറഞ്ഞു. ദുബായിലെ പുതിയ വിപണികളും പങ്കാളിത്തങ്ങളും പ്രയോജനപ്പെടുത്തി ബിസിനസ് അടുത്ത ഘട്ടത്തിലേക്ക് വളർത്താൻ ഇന്ത്യൻ സംരംഭകർക്ക് ഈ സംരംഭം കരുത്തേകുമെന്നും, മേളയ്ക്ക് ശേഷവും നിലനിൽക്കുന്ന ദീർഘകാല ബന്ധങ്ങൾ കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായ് വേൾഡ് ട്രേഡ് സെൻറർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി ബിസിനസ് ഹബ്ബായ സെൻട്രൽ, എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2026-ൻറെ ഇക്കോസിസ്റ്റം പാർട്ണർ കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.