- Trending Now:
കോഴിക്കോട്: ജർമ്മനിയിൽ ഉപരിപഠനവും ജോലിയും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വഴികാട്ടുന്ന 'ഇൻഫർമേഷൻ സെഷൻ' പരിപാടിയുമായി ഗൊയ്ഥെ സെൻട്രം. കോഴിക്കോട് പുതുതായി ആരംഭിച്ച ഗൊയ്ഥെ സെൻട്രത്തിൽ ഒക്ടോബർ 27 ന് രാവിലെ 9.30 നാണ് പരിപാടി.
'ജർമ്മനിയിലെ അവസരങ്ങൾ' എന്ന വിഷയത്തിൽ ജർമ്മൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസുമായി (ഡിഎഎഡി) സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ജർമ്മനിയിലെ വിദ്യാഭ്യാസ, വൊക്കേഷണൽ പരിശീലന, കരിയർ അവസരങ്ങളെക്കുറിച്ചറിയാൻ സാധിക്കും.
ജർമ്മനിയിലെ ഉപരിപഠന സാധ്യതകളെക്കുറിച്ചും സർവ്വകലാശാലകളെക്കുറിച്ചും ഡിഎഎഡി പ്രതിനിധികൾ സംസാരിക്കും. ജർമ്മൻ ഭാഷാപ്രാവീണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രായോഗിക തൊഴിൽ പരിചയവും സൈദ്ധാന്തിക വിദ്യാഭ്യാസവും സംയോജിപ്പിക്കുന്ന ജർമ്മനിയുടെ വൊക്കേഷണൽ പരിശീലന സമ്പ്രദായമായ 'ഔസ്ബിൽഡുങ്ങിനെ' ക്കുറിച്ചും' ഗൊയ്ഥെ സെന്റർ ഉദ്യോഗസ്ഥർ വിശദീകരിക്കും.
ജർമ്മനിയിൽ ലഭ്യമായ വലിയ അവസരങ്ങളെക്കുറിച്ചും ജർമ്മൻ ഭാഷാപ്രാവീണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കേരളത്തിലെ യുവജനങ്ങളെ അറിയിക്കാനും ഭാവി തീരുമാനങ്ങളെടുക്കാൻ സഹായിക്കാനും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതായി ഗൊയ്ഥെ സെന്റർ കേരള ഡയറക്ടറും ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ കേരളത്തിലെ ഓണററി കോൺസലുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.
യുവജനങ്ങൾക്കിടയിൽ ജർമ്മൻ ഭാഷാ പഠനവും സാംസ്കാരികബന്ധവും ശക്തിപ്പെടുത്തുന്നതിനാണ് കോഴിക്കോട് ഗൊയ്ഥെ സെന്റർ ആരംഭിച്ചത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള ജർമ്മൻ ഭാഷാ കോഴ്സുകൾ, പരീക്ഷകൾ, സാംസ്കാരിക പഠനാവസരങ്ങൾ എന്നിവ പ്രാദേശികമായി ലഭ്യമാക്കാൻ ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നു. ജർമ്മനിയിലെ വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്ക് ഈ കേന്ദ്രം വഴികാട്ടിയാകും. ജർമ്മനിയിലെ വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ജർമ്മൻ ഭാഷാ അറിവുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിന് ആവശ്യമായ ഭാഷാ വൈദഗ്ധ്യവും യോഗ്യതകളും തയ്യാറെടുപ്പുകളും എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ ഈ പരിപാടി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം.
രജിസ്ട്രേഷന് സന്ദർശിക്കുക: calicut@goethe-zentrum.org. ഫോൺ: 9567260067 / 04953101957.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.