Sections

ഗവേഷണ ഫലങ്ങൾ സംരംഭങ്ങളാക്കാം - കെ എസ് യു എം-ഐ ട്രിപ്പിൾഇ പരിശീലന പരിപാടി നവംബറിൽ

Monday, Oct 12, 2026
Reported By Admin
IEEE Entrepreneurship Workshop in Kochi on November 17-18

കൊച്ചി: ഗവേഷണങ്ങളെയും കണ്ടെത്തലുകളെയും വിജയകരമായ വ്യവസായ സംരംഭങ്ങളാക്കി മാറ്റാൻ ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും അവസരമൊരുക്കിക്കൊണ്ട് കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്യുഎം) സഹകരണത്തോടെ ഐ ട്രിപ്പിൾഇ എൻട്രപ്രണർഷിപ്പ് ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. കൊച്ചിയിൽ 2026 നവംബർ 17, 18 തീയതികളിലാണ് ഈ ആഗോള പരിശീലന പരിപാടി നടക്കുന്നത്.

പ്രബന്ധ രചനകൾക്കപ്പുറം സാങ്കേതിക കണ്ടുപിടുത്തങ്ങളെ നേരിട്ട് വിപണിയിലെത്തിക്കാൻ ആഗ്രഹിക്കുന്ന ഗവേഷകർക്കും എൻജിനീയർമാർക്കും പ്രായോഗിക ദിശാബോധം നൽകുകയാണ് ശിൽപ്പശാലയുടെ ലക്ഷ്യം.

കേസ് സ്റ്റഡി, നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാവുന്ന ബിസിനസ് പിച്ചുകൾ എന്നിവ ഉൾപ്പെടുത്തി പൂർണ്ണമായും ആശയവിനിമയ സ്വഭാവത്തിലാണ് വർക്ക്ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആശയരൂപീകരണം, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, ബിസിനസ് മോഡലുകളുടെ വികസനം, വാണിജ്യവത്കരണ രീതികൾ, നിയമ സാങ്കേതികത്വങ്ങൾ, വെഞ്ച്വർ ക്യാപിറ്റൽ, സീഡ്/സീരീസ്-എ നിക്ഷേപങ്ങൾ, സ്റ്റാർട്ടപ്പ് വാല്യുവേഷൻ, സ്ഥാപകരും നിക്ഷേപകരും തമ്മിലുള്ള ചർച്ചകൾ തുടങ്ങി ഒരു സംരംഭം വിജയകരമായി പടുത്തുയർത്താൻ ആവശ്യമായ പ്രായോഗിക അറിവുകൾ രണ്ട് ദിവസങ്ങളിലായി പകർന്നുനൽകും. മികച്ച ബിസിനസ് പ്ലാൻ തയ്യാറാക്കി നിക്ഷേപക സമിതിയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നതോടൊപ്പം സംരംഭക ആവാസവ്യവസ്ഥയിലെ വിദഗ്ധരുമായി ആശയ വിനിമയം നടത്താനും അവസരം ലഭിക്കും.

യുഎസിലെ ഇ ടി ക്യൂബ് ഇന്റർനാഷണലിലെ ഡോ. എസ്. രഘു, അറ്റകാമ ലൈറ്റിലെ ഡോ. ഡാനിയൽ റെന്നർ എന്നിവരാണ് ശിൽപ്പശാലയുടെ കോഴ്സ് ഡയറക്ടർമാർ. കൊച്ചി കുസാറ്റിലെ ഡോ. ബിജോയ് എ. ജോസ്, ഹൈദരാബാദ് ടിസിഎസിലെ ഡോ. ബാല പെദ്ദിഗാരി, അമരരാജ ഡിസൈൻ ആൽഫയിലെ ഡോ. കെ.ആർ. സുരേഷ് നായർ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

ഐട്രിപ്പിൾഇ കേരള ഘടകവും കൊച്ചി സബ് സെക്ഷനും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://bit.ly/4holPHH എന്ന ലിങ്കിലോ, bijoyjose@ieee.org എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഒക്ടബോർ 14 ആണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.