- Trending Now:
കൊച്ചി: ആഡംബരവും സുരക്ഷയും നൂതന സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് വോൾവോയുടെ പുതിയ ഇലക്ട്രിക് ഫ്ളാഗ്ഷിപ്പ് എസ് യു വി ഇഎക്സ് 90 ഇന്ത്യൻ വിപണിയിൽ. വോൾവോ കാർ ഇന്ത്യയുടെ ആദ്യ സോഫ്റ്റ്വെയർ അധിഷ്ഠിത വാഹനമായ ഇഎക്സ് 90 ആറ് സീറ്റുകളുമായാണ് എത്തുന്നത്. വാഹനത്തിന്റെ എക്സ്ഷോറൂം വില 1,26,00,000 രൂപയാണ്. ഡിസംബർ 31 വരെ ബുക്കിങ് നടത്തുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഡൽഹിയിൽ നടന്ന 90-90 ഷോയിൽ വോൾവോ കാർ ഇന്ത്യ മാനേജിങ് ഡയറക്ടർ ജ്യോതി മൽഹോത്രയാണ് വാഹനം അവതരിപ്പിച്ചത്. സുരക്ഷ, സാങ്കേതികവിദ്യ, ദീർഘദൂര യാത്രയ്ക്കുള്ള ശേഷി, സ്വീഡിഷ് ആഡംബരം എന്നിവ സംയോജിപ്പിച്ച ഫാമിലി എസ് യു വിയാണ് ഇഎക്സ് 90 എന്ന് അദ്ദേഹം പറഞ്ഞു.
106 കിലോവാട്ട് അവർ ബാറ്ററിയും ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സിസ്റ്റവുമാണ് ഇഎക്സ് 90 യുടെ പ്രധാന ആകർഷണം. 456 എച്ച്പി കരുത്തും 670 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന വാഹനത്തിന് 5.5 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താനാകും. WLTP മാനദണ്ഡപ്രകാരം 625 കിലോമീറ്റർ വരെയും ICAT റേറ്റിങ് പ്രകാരം 725 കിലോമീറ്റർ വരെയുമാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്.
വോൾവോയുടെ പുതിയ എസ്പിഎ2 (SPA2) പ്ലാറ്റ്ഫോമിൽ നിർമിച്ച ഇഎക്സ് 90 യിൽ എൻവിഡിയ ഡ്രൈവ് (DRIVE) പ്ലാറ്റ്ഫോമും ക്വാൽകോം സ്നാപ്ഡ്രാഗൺ 8155 കോക്ക്പിറ്റ് സാങ്കേതികവിദ്യയുമുണ്ട്. വാഹനത്തിലെ കോർ കമ്പ്യൂട്ടറിന് സെക്കൻഡിൽ 254 മുതൽ 280 ട്രില്യൺ വരെ പ്രവർത്തന ശേഷിയുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.
അഞ്ച് ക്യാമറകൾ, അഞ്ച് റഡാറുകൾ, 12 അൾട്രാസോണിക് സെൻസറുകൾ എന്നിവയടങ്ങിയ സുരക്ഷാ സംവിധാനമാണ് ഇഎക്സ് 90 യിലുള്ളത്. 360 ഡിഗ്രി 3ഡി ക്യാമറ, പൈലറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, യാത്രക്കാരെ തിരിച്ചറിയുന്ന സംവിധാനം, കൂട്ടിയിടി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കൊപ്പം സോഫ്റ്റ്വെയർ അപ്ഡേറ്റുകളിലൂടെ വാഹനത്തിന്റെ സംവിധാനങ്ങൾ പുതുക്കാനും കഴിയും.
14.5 ഇഞ്ച് സെൻട്രൽ ടച്ച്സ്ക്രീനിൽ ഗൂഗിൾ അധിഷ്ഠിത സംവിധാനങ്ങൾ ലഭ്യമാണ്. ഗൂഗിൾ മാപ്സ്, യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോ എന്നിവയ്ക്കൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേയും വാഹനത്തിലുണ്ട്. ഓവർ-ദി-എയർ അപ്ഡേറ്റുകൾ വഴി സോഫ്റ്റ്വെയർ പുതുക്കാനാകും.
നാപ്പ ലെതർ സീറ്റുകൾ, നാല് മേഖലകളായി ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കൺട്രോൾ, പനോരമിക് ഇലക്ട്രോക്രോമിക് സൺറൂഫ്, ബാക്ക്ലിറ്റ് വുഡ് ഡെക്കർ എന്നിവ വാഹനത്തിന്റെ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു. മൂന്നാം നിരയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന ക്യാപ്റ്റൻ സീറ്റുകളും മടക്കിവയ്ക്കാവുന്ന പിൻസീറ്റുകളും യാത്രാസൗകര്യത്തിനൊപ്പം ലഗേജ് സ്പേസും വർധിപ്പിക്കുന്നു.
25 സ്പീക്കറുകളുള്ള 1,610 വാട്ട് ബോവേഴ്സ് ആൻഡ് വിൽകിൻസ് ഓഡിയോ സംവിധാനത്തിൽ ഡോൾബി അറ്റ്മോസും ആബി റോഡ് സ്റ്റുഡിയോ മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെനിം ബ്ലൂ, സാൻഡ് ഡ്യൂൺ, മൾബറി റെഡ്, ക്രിസ്റ്റൽ വൈറ്റ്, ഓനിക്സ് ബ്ലാക്ക്, വേപ്പർ ഗ്രേ എന്നീ ആറ് നിറങ്ങളിലാണ് ഇഎക്സ് 90 ലഭ്യമാകുക. ബൈഡയറക്ഷനൽ ചാർജിങ് സംവിധാനവും വാഹനത്തിലുണ്ട്.
നവംബറിൽ ടെസ്റ്റ് ഡ്രൈവുകളും ഉപഭോക്താക്കൾക്കായി വാഹനം നേരിൽ കണ്ട് എക്സ്പീരിയൻസ് ചെയ്യാനുമുള്ള സൗകര്യം ലഭിക്കും. 2027 ജനുവരിയിലാണ് വിതരണം തുടങ്ങുക. ഡിസംബർ 31നകം ബുക്ക് ചെയ്യുന്നവർക്ക് 11 കിലോവാട്ട് വാൾബോക്സ് ചാർജറും മൂന്ന് വർഷത്തെ സർവീസ് പാക്കേജും ലഭിക്കും. മൂന്നുവർഷത്തിനുശേഷം 65 ശതമാനം ബൈബാക്ക് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഇതിനൊപ്പം പൂർണ ഇലക്ട്രിക് ആഡംബര സെഡാൻ ES90 യുടെ ടീസറും വോൾവോ പുറത്തുവിട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.