Sections

കെഎസ്യുഎം 'സാമൂഹ്യ  സംരംഭകത്വ കോൺക്ലേവ്' : സെപ്റ്റംബർ 30 ന് തിരുവനന്തപുരത്ത്

Saturday, Sep 19, 2026
Reported By Admin
Kerala Startup Mission to Host Social Entrepreneurship Conclave

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ മുൻഗണനാടിസ്ഥാനത്തിലുള്ള നൂറുദിന പരിപാടിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) 'സാമൂഹിക സംരംഭകത്വ കോൺക്ലേവ്' സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30 ന് തൈക്കാട് ഹയാത്ത് റീജൻസിയിൽ നടക്കുന്ന പരിപാടി വ്യവസായവാണിജ്യ, എഐ, സ്റ്റാർട്ടപ്പ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

കോൺക്ലേവിനോടനുബന്ധിച്ച് നടക്കുന്ന കെഎസ്യുഎമ്മിൻറെ വനിതാ സ്റ്റാർട്ടപ്പ് സെല്ലിൻറെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ സന്നിഹിതനാകും.

കെഎസ്യുഎമ്മിൻറെ സാമൂഹിക സംരംഭകത്വ പരിപാടിയുടേയും (സോഷ്യൽ എൻറർപ്രണർഷിപ് പ്രോഗ്രാം) പേറ്റൻറ് ഫെലിസിറ്റേഷൻ സെൻററിൻറേയും ഉദ്ഘാടനവും പരിഷ്കരിച്ച വനിതാ സ്റ്റാർട്ടപ്പ് ഹാൻഡ്ബുക്കിൻറെ പ്രകാശനവും കോൺക്ലേവിൽ നടക്കും. സ്റ്റാർട്ടപ്പ് സാക്ഷരതാ കാമ്പയ്നിൻറെ ആദ്യ പതിപ്പും കോൺക്ലേവിൻറെ ഭാഗമായി ആരംഭിക്കും.

സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് നൂതന ആശയങ്ങൾ വഴി പരിഹാരം കാണുന്ന സംരംഭങ്ങളാണ് സാമൂഹ്യ സംരംഭങ്ങൾ(സോഷ്യൽ എൻറർപ്രൈസസ്). ലാഭേച്ഛയില്ലാത്ത സേവന സംരംഭങ്ങളായാണ് സാമൂഹ്യ സംരംഭങ്ങൾ തിരിച്ചറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികമായി വളരാനുള്ള പിന്തുണ ഇത്തരം സംരംഭങ്ങൾക്ക് കുറവാണ്.

ഈ സാഹചര്യത്തിലാണ് സാമൂഹ്യ സംരംഭങ്ങൾക്കുള്ള പിന്തുണ ഉറപ്പാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സോഷ്യൽ എൻറർപ്രെണർഷിപ് പ്രോഗ്രാമിന് തുടക്കമിടുന്നത്. ഈ പ്രോഗ്രാം വഴി ഫണ്ടിംഗ്, മെൻറർഷിപ്പ്, വിപണി പ്രവേശനം, ബ്രാൻഡിംഗ് തുടങ്ങി ഇത്തരം നൂതന ആശയങ്ങൾക്കുള്ള പിന്തുണ നല്കാൻ ലക്ഷ്യമിടുന്നു

കേരളത്തിലെ 8,000ത്തിലധികം സ്റ്റാർട്ടപ്പുകളിൽ വനിതാ സ്റ്റാർട്ടപ്പുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഈ അന്തരം തിരിച്ചറിഞ്ഞുകൊണ്ട് വനിതാ സംരംഭകർക്ക് പൂർണ്ണ പിന്തുണ നല്കാൻ ലക്ഷ്യമിട്ടാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ കേരളത്തിൽ ആദ്യമായി ഒരു 'വുമൺ സ്റ്റാർട്ടപ്പ് സെൽ' ആരംഭിക്കുന്നത്.

വനിതാ സംരംഭകർക്ക് സാങ്കേതിക സംരംഭകത്വത്തിനുള്ള മാർഗനിർദേശങ്ങൾ, സാമ്പത്തിക സഹായം, ബ്രാൻഡിംഗ്, ഇൻവെസ്റ്റർ കണക്ട്, വിപണനം തുടങ്ങി അവരുടെ ആശയത്തെ മികച്ച ഉത്പന്നമാക്കാനും അതിനെ ഒരു സംരംഭമാക്കാാനുമുള്ള എല്ലാവിധ പിന്തുണയും ഈ സെൽ ഉറപ്പാക്കും. കേവലം സാമ്പത്തിക സഹായത്തിനപ്പുറം ബിസിനസ്സ് ആശയങ്ങളെ ലാഭകരമായ സംരംഭങ്ങളായി വളർത്തിയെടുക്കാനുള്ള സമഗ്രമായ ഒരു വഴികാട്ടിയായിട്ടാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

'സാമൂഹ്യ സംരംഭങ്ങളെ ലാഭേച്ഛയില്ലാത്ത സേവന സംരംഭങ്ങളായി മാത്രം കണക്കാക്കാതെ അവയ്ക്കൊരു നിർവചനം നൽകി സാമ്പത്തികമായി ലാഭമുണ്ടാക്കുന്ന കമ്പനികളായി സമൂഹത്തിനും നിക്ഷേപകർക്കും മുന്നിൽ അവതരിപ്പിക്കുന്നതിനും അതിനാവശ്യമായ ഒരു സാമൂഹ്യ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പെടുക്കാനുമാണ് കോൺക്ലേവ് ലക്ഷ്യമിടുന്നതെന്ന് കേരളം സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. കൂടുതൽ വനിതകളെ സാങ്കേതിക സംരംഭകത്വത്തിലേക്ക് ആകർഷിക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായാണ് സ്റ്റാർട്ടപ്പ് മിഷൻ വനിതാ സ്റ്റാർട്ടപ്പ് സെൽ രൂപീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ നൂതനവും സുസ്ഥിരവുമായ സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭകർ, സാമൂഹിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ, സർക്കാർ വകുപ്പുകൾ, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നിക്ഷേപകർ, വിദ്യാർത്ഥി സംരംഭകർ എന്നിവർക്ക് പെങ്കെടുക്കാം.

താല്പര്യമുള്ളവർ സെപ്റ്റംബർ 22 ന് മുൻപായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അപേക്ഷിക്കണം.

അപേക്ഷിക്കാൻ: https://sec.startupmission.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.