Sections

സൂപ്പർ ലീഗ് കേരള: എവർ ഡിമാൾഡെ കാലിക്കറ്റ് എഫ്.സി ഹെഡ് കോച്ചായി തുടരും

Wednesday, Aug 19, 2026
Reported By Admin
Calicut FC Retains Argentine Coach Ever Demaldé for SLK

കോഴിക്കോട്: വരുന്ന സൂപ്പർ ലീഗ് കേരള (SLK) സീസണിലും കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ ഹെഡ് കോച്ചായി അർജന്റീനിയൻ പരിശീലകൻ എവർ അഡ്രിയാനോ ഡിമാൾഡെ (39) തുടരും. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഡിമാൾഡെയുടെ പരിശീലനത്തിന് കീഴിലാണ് പുതിയ പോരാട്ടങ്ങൾക്കായി ക്ലബ്ബ് തയ്യാറെടുക്കുന്നത്.

സൗദി അറേബ്യൻ ദേശീയ ടീമിന്റെയും പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയുടെയും (Marseille) അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ച മികച്ച അന്താരാഷ്ട്ര പരിച സമ്പത്ത് ഡിമാൾഡെയ്ക്കുണ്ട്. കൂടാതെ ഹെറേറ എഫ്.സി, എഫ്.സി ഡിലാ, ഇൻഡിപെൻഡിയെന്റ റിവാഡാവിയ, അൽ ഹിലാൽ യുണൈറ്റഡ് എന്നീ പ്രമുഖ ക്ലബ്ബുകളെ പരിശീലപ്പിച്ച അദ്ദേഹത്തിന്റെ തന്ത്രപരമായ മികവും ആധുനിക ഫുട്ബോൾ ശൈലിയും ഏറെ ശ്രദ്ധേയമാണ്.

'പ്രൊഫഷണലിസവും അച്ചടക്കവും വ്യക്തമായ ഒരു ശൈലിയുമാണ് എവർ കാലിക്കറ്റ് എഫ്.സിയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പരിചയസമ്പത്തും ആധുനിക ഫുട്ബോളിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ക്ലബ്ബിന്റെ ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു. അദ്ദേഹം കോച്ചായി തുടരുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്.' കാലിക്കറ്റ് എഫ്.സി ക്ലബ് സിഇഒ കോരത്ത് മാത്യു പറഞ്ഞു.

ആക്രമണോത്സുകമായ രീതി, പന്തിൻമേലുള്ള മികച്ച നിയന്ത്രണം, ഹൈ ഇന്റെൻസിറ്റി പ്രെസ്സിംഗ് ശൈലി എന്നിവയിലൂടെ ക്ലബ്ബിന്റെ മികച്ച മുന്നേറ്റത്തിന് കളമൊരുക്കാൻ ഡിമാൾഡെയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാമതായാണ് ക്ലബ്ബ് സീസൺ അവസാനിപ്പിച്ചത്.

'കാലിക്കറ്റ് എഫ്.സിക്കൊപ്പമുള്ള ഈ യാത്ര തുടരുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. കഴിവുറ്റ ഒരു കൂട്ടം കളിക്കാരും വ്യക്തമായ ലക്ഷ്യങ്ങളും മികച്ച പിന്തുണയുമാണ് ഇവിടെയുള്ളത്. ആരാധകരെ അഭിമാനം കൊള്ളിക്കാനും കിരീടത്തിനായി പൊരുതാനും ഞങ്ങൾ സർവ്വകരുത്തും പുറത്തെടുക്കും.' എവർ അഡ്രിയാനോ ഡിമാൾഡെ പറഞ്ഞു.

പ്രീ-സീസൺ പരിശീലനങ്ങൾ ആരംഭിച്ചുകഴിഞ്ഞ ക്ലബ്ബ്, കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം ആവർത്തിച്ച് വരും സീസണിൽ കപ്പടിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.