- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്കിൻറെ എൻജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസിൻറെ (എൻഎബിഎൽ) അംഗീകാരം ലഭിച്ചു. ഇതോടെ ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ ഐടി പാർക്കായി ടെക്നോപാർക്ക് മാറി. ലബോറട്ടറികളുടെ പരിശോധന, കാലിബ്രേഷൻ എന്നിവയുടെ കാര്യക്ഷമതയ്ക്കുള്ള പൊതുവായ മാനദണ്ഡങ്ങൾ പാലിച്ചതിനാണ് ഐഎസ്ഒ/ഐഇസി 17025:2017 സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്.
ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനായി എൻഎബിഎൽ അംഗീകൃത എൻജിനീയറിങ് ലബോറട്ടറിയുള്ള രാജ്യത്തെ ഏക ഐടി പാർക്കായി ടെക്നോപാർക്ക് മാറിയെന്ന് സിഇഒ സന്ദീപ് കുമാർ ഐഎഎസ് പറഞ്ഞു. ഇതിനായി പ്രയത്നിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ, എൽടി, എച്ച്ടി സാമഗ്രികൾ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ജോലികൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഈ സൗകര്യം സഹായിക്കുമെന്നും, പാർക്കിലെ സഹ-ഡെവലപ്പർമാർക്ക് ആവശ്യമായ സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ഈ ലബോറട്ടറിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെക്നോപാർക്കിനും എൻജിനീയറിങ് വിഭാഗത്തിനും ഇതൊരു വലിയ നേട്ടമാണെന്നും, കൂട്ടായ പ്രവർത്തനത്തിലൂടെയും അർപ്പണബോധത്തിലൂടെയുമാണ് ഈ വെല്ലുവിളി നിറഞ്ഞ ലക്ഷ്യം കൈവരിച്ചതെന്നും ചീഫ് ടെക്നിക്കൽ ഓഫീസർ മാധവൻ പ്രവീൺ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ടെക്നോപാർക്ക് ഫേസ് വൺ കാമ്പസിൽ സിവിൽ, ഇലക്ട്രിക്കൽ എൻജിനീയറിങ് ലബോറട്ടറികൾ ആരംഭിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളിൽ മികച്ച തീരുമാനങ്ങൾ എടുക്കാനും, സാമഗ്രികളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാനും, ഉയർന്ന നിലവാരത്തിലുള്ള നിർമ്മാണം ഉറപ്പാക്കാനും ഈ അംഗീകാരം കരുത്തുപകരും.
ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മാനദണ്ഡങ്ങൾക്കനുസൃതമായി കൃത്യസമയത്ത് പരിശോധനാഫലങ്ങൾ ലഭ്യമാക്കത്തക്ക വിധത്തിലാണ് ഈ ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത്. ടെക്നോപാർക്കിലെയും പരിസരങ്ങളിലെയും ഡെവലപ്പർമാർക്കും കമ്പനികൾക്കും തങ്ങളുടെ നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
കോൺക്രീറ്റ് അടക്കമുള്ള നിർമ്മാണ സാമഗ്രികൾ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങൾക്ക് പുറമേ, ഇലക്ട്രിക്കൽ ലാബിൽ എൽഇഡി ഫിക്ചറുകൾ, ഡ്രൈവറുകൾ എന്നിവ നന്നാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത് ഇ-മാലിന്യം കുറയ്ക്കാനും സാമ്പത്തിക ലാഭത്തിനും വഴിയൊരുക്കും.
അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് (സിവിൽ) രാഹുൽ തമ്പിയുടെ നേതൃത്വത്തിലാണ് സിവിൽ എൻജിനീയറിങ് ലാബിൻറെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കൂടാതെ പഴയകാല സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന അപൂർവ്വ യന്ത്രസാമഗ്രികളുടെ ഒരു പ്രദർശനവും ഈ ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.