Sections

ഞാന്‍ എന്നെ തന്നെ വിശ്വസിച്ചു, അത് തന്നെയായിരുന്നു എന്റെ ധൈര്യം കഷ്ടപ്പാടിനിടയിലും സംരംഭ വിജയം കൈമുതലാക്കി ട്രാന്‍സ് വുമണ്‍ അമൃത

Saturday, Jan 01, 2022
Reported By Aswathi Nurichan
Amritha

എറണാകുളം കോതമംഗലം സ്വദേശിയായ യുവ സംരംഭക അമൃതയുമായി 'ദി ലോക്കല്‍ ഇക്കണോമി' സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം


അതിജീവനത്തിന്റെയും ആഗ്രഹങ്ങളുടെയും ചിറകിലേറി പറന്നുയരുകയാണ് അമൃതയെന്ന സുന്ദരി. ചീകിയൊതുക്കിയ മുടിയും നെറ്റിത്തടത്തില്‍ പൊട്ടും തൊട്ട് ഒരു നിറ പുഞ്ചിരിയോടെ അച്ചാര്‍ കുപ്പിയുടെ ഇടയില്‍ നിന്ന് തന്റെ ജീവിതത്തെകുറിച്ച് പറയുകയാണ്. ജീവിതത്തിന്റെ വേദനകളെ നീന്തികടക്കുന്നതിന്റെ തിരക്കിലും ജ്യൂസ് മേക്കര്‍ റോളും അച്ചാര്‍ വിപണനവും നടത്തി  ഏല്ലാവര്‍ക്കും പ്രിയങ്കരിയായി മാറി. അച്ചാര്‍ നിര്‍മ്മാണത്തിലൂടെ സ്വന്തം പേരില്‍ 'അമൃത പിക്കിള്‍സ്' എന്ന ബ്രാന്‍ഡ് തുടങ്ങി വിജയം കൈവരിച്ചിരിക്കുകയാണ് ട്രാന്‍സ് വുമണായ അമൃത. എറണാകുളം കോതമംഗലം സ്വദേശിയായ യുവ സംരംഭക അമൃതയുമായി 'ദി ലോക്കല്‍ ഇക്കണോമി' സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.

                                                             

'അവഗണനകള്‍ ഏറ്റുവാങ്ങാനുള്ളതല്ല ജീവിതം' എന്ന് തെളിയിക്കുകയാണ് അമ്യത. എങ്ങനെയാണ് അതിനുള്ള കരുത്ത് കൈവരിച്ചത്?

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ എനിക്ക് ചെറുകിട ബിസിനസുകളോട് താല്‍പര്യമുണ്ടായിരുന്നു. അതിനാല്‍ മുട്ട, തേയില എന്നിവയൊക്കെ വീടുകള്‍ തോറും വില്‍പന നടത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമായതിനാല്‍ അതിലൂടെ ചെറിയ വരുമാനം നേടാന്‍ സാധിച്ചത് വീടിന് പിന്തുണയായി. കഷ്ടപാടുകള്‍ കാരണം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് പല പല ജോലികളും ചെയ്തു. ജീവിതം മുന്നോട്ട് കൊണ്ടു പോകണം എന്ന് ആഗ്രഹം മനസിലുറപ്പിച്ച് ആദ്യമായി ഞാനൊരു ഭക്ഷണശാല ആരംഭിച്ചെങ്കിലും അതൊരു വലിയ പരാജയമായിരുന്നു. ആ ബിസിനസ് വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയത്. 

പല ജോലി സ്ഥലങ്ങളിലും എന്നെ പോലെയുള്ളവരെ കണ്ടുമുട്ടിയതിലൂടെയും അവരുടെ അനുഭവങ്ങള്‍ അറിഞ്ഞതിലൂടെയും എനിക്ക് ഞാനായി മികച്ച രീതിയില്‍ ജീവിക്കണമെന്ന ചിന്ത മനസില്‍ ഉറപ്പിച്ചു. പിന്നീട് ഒരു പ്രമുഖ ചാനല്‍ പരിപാടിയിലൂടെയാണ് ഞാന്‍ എന്റെ സ്വത്വം ലോകത്തോട് വിളിച്ച് പറഞ്ഞത്. തുടര്‍ന്ന് നിരവധി അവഗണനകളും പരിഹാസങ്ങളും നേരിടേണ്ടി വന്നെങ്കിലും ഞാന്‍ അവയെല്ലാം തരണം ചെയ്തു. എന്റെ ജീവിത സാഹചര്യമാണ് അവയെല്ലാം തരണം ചെയ്യാന്‍ എനിക്ക് കരുത്ത് നല്‍കിയത്.

ഓരോ സാഹചര്യവും തരണം ചെയ്യാന്‍ പ്രചോദനം ലഭിച്ചത് ഏത് രീതിയിലാണ്?

എനിക്ക് ജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. അതിനാല്‍ ഞാന്‍ എന്നെ തന്നെ വിശ്വസിച്ചു. എന്റെ കഴിവില്‍ എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. നമ്മള്‍ ചെയ്യുന്ന കാര്യത്തെ നമ്മള്‍ പൂര്‍ണമായി വിശ്വസിക്കുക. അല്ലെങ്കില്‍ സംരംഭം പരാജയപ്പെടാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതില്‍ എനിക്ക് നല്ല കഴിവുണ്ടെന്ന് സ്വയം മനസിലാക്കിയിരുന്നു. ഇത്തരത്തിലുള്ള പല കാര്യങ്ങളും പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ എന്നെ പ്രാപ്തയാക്കി. 

കച്ചവട സ്ഥാപനം ആരംഭിക്കണമെന്ന് തോന്നിയതിനുള്ള കാരണമെന്താണ്?

കളക്ടര്‍ മുഖാന്തരം കളക്ട്രേറ്റ് പരിസരത്ത് ഒരു ജ്യൂസ് ഷോപ്പ് ഇടാന്‍ സാധിച്ചതാണ് എനിക്ക് ഒരു ബിസിനസ് അടിത്തറ ഉണ്ടാക്കിയത്. തുടര്‍ന്ന് കട വിപുലമാക്കണമെന്ന് ആഗ്രഹം മനസിലുദിച്ചു. അമ്മയുടെ കൈപുണ്യത്തില്‍ ഉണ്ടാക്കുന്ന അച്ചാറുകള്‍ക്ക് വിപണന സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ചെറിയ തോതില്‍ അച്ചാര്‍ വില്‍പനയിലേക്കും തിരിഞ്ഞത്. തുടക്കത്തില്‍ വളരെ കുറച്ച് ഉല്‍പന്നങ്ങള്‍ മാത്രമേ ഉണ്ടാക്കിയിരുന്നുള്ളൂ. പിന്നീട് കടങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ പിടിച്ച് അച്ചാര്‍ കച്ചവടം വിപുലമാക്കാന്‍ ശ്രമിച്ചു. അതിന് പിന്തുണയായി സാമൂഹ്യ നീതി വകുപ്പില്‍ നിന്ന് സ്വയം തൊഴില്‍ സഹായവും ലഭിച്ചു.

എന്തൊക്കെ വൈവിധ്യങ്ങളാണ് ഉല്‍പന്നത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്?

ഗുണമേന്മയ്ക്കാണ് ഞങ്ങള്‍ വളരെയേറെ പ്രാധാന്യം നല്‍കുന്നത്. കാരണം ഗുണമേന്മയിലൂടെയാണ് ഭക്ഷ്യ വസ്തുക്കള്‍ക്ക് വിപണി പിടിക്കാന്‍ സാധിക്കുകയുള്ളൂ. നല്ല രീതിയില്‍ പാക്ക് ചെയ്ത് മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ മാത്രമേ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാനും സാധിക്കൂ. അതിനാല്‍ മികച്ച രീതിയിലായിരിക്കണം പാക്കിംഗെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. 

                                                 

ഞങ്ങള്‍ക്ക് പലതരത്തിലുള്ള ഉപഭോക്താക്കളുണ്ട്. ചിലര്‍ക്ക് എരിവ്, പുളി, എണ്ണയുടെയും വ്യത്യാസങ്ങള്‍ അനുസരിച്ച് അച്ചാറുകള്‍ ആവശ്യമാണ്. അത് ഞങ്ങളെ അറിയിച്ചാല്‍ അവര്‍ പറഞ്ഞ രീതിയിലുള്ള അച്ചാറുകള്‍ നിര്‍മ്മിച്ച് നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ അത്തരക്കാര്‍ സ്ഥിരമായി ഞങ്ങളെ സമീപിക്കാറുമുണ്ട്. അതിനാല്‍ പല രുചിയിലും പലതരത്തിലുമുള്ള അച്ചാറുകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയിരിക്കുന്നു. പൂര്‍ണമായും ഉപഭോക്കളുടെ ഇഷ്ടത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. 

ബിസിനസിന്റെ മാര്‍ക്കറ്റിങ്ങിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്തത്?

ജ്യൂസ് കടയോടൊപ്പം അച്ചാര്‍ വില്‍പന തുടങ്ങിയത് തന്നെയാണ് ആദ്യത്തെ വ്യത്യസ്ത. മാര്‍ക്കറ്റിനെ കുറിച്ച് പഠിക്കാന്‍ വേണ്ടി ചെറിയ തോതില്‍ അച്ചാറുകള്‍ ഉണ്ടാക്കി തുടങ്ങി. ഹോട്ടലുകളും കടകളുമായി ബന്ധപ്പെട്ടപ്പോള്‍ പലതരം അച്ചാറുകള്‍ക്ക് വിപണി സാധ്യമായപ്പോഴാണ് അച്ചാര്‍ നിര്‍മ്മാണത്തിന്റെ തോത്് കൂട്ടുകയും പലതരത്തിലുള്ള അച്ചാറുകള്‍ നിര്‍മ്മിക്കാനും ആരംഭിച്ചത്. അതുകൊണ്ട് തന്നെ പൈനാപ്പിള്‍, ഇരുമ്പന്‍ പുളി, പാവയ്ക്ക്, കാരറ്റ്, ബീറ്റ്‌റൂട്ട്, നെല്ലിക്ക, നാരങ്ങ, മീന്‍, കൊഞ്ച്, ബീഫ് തുടങ്ങിയ വ്യത്യസ്ത അച്ചാര്‍ രുചികള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സാധിച്ചു.

ബിസിനസ് ആരംഭിക്കുമ്പോഴും ഇപ്പോഴുമുള്ള സമൂഹത്തിന്റെ ഇടപെടലിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?

ബിസിനസ് ആരംഭിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ വളരെയധികം വ്യത്യാസങ്ങള്‍ ഇപ്പോള്‍ സമൂഹത്തിന് വന്നിട്ടുണ്ട്. സമൂഹത്തിന്റെ കാഴ്ചപാടിലും ഇടപെടലുകളിലും പോസിറ്റീവ് വശങ്ങള്‍ വര്‍ധിച്ചു. മുമ്പ് സംസാരിക്കാന്‍ മടി കാണിച്ച സമൂഹത്തില്‍ നിന്നും നല്ലരീതിയിലുള്ള ഇടപെടിലിലേക്ക് മാറ്റം വന്നിരിക്കുന്നു. കാലഘട്ടത്തിനനുസരിച്ച് ഇതില്‍ കൂടുതല്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

                                           

ആദ്യത്തെ ജെന്‍ഡര്‍ കുടുംബശ്രീ തുടങ്ങിയപ്പോള്‍ എന്ത് തോന്നി?

കുടുംബശ്രീയില്‍ നിന്ന് നല്ല രീതിയിലുള്ള പ്രോല്‍സാഹനം ഉണ്ടായത് കൊണ്ടാണ് ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റ് ആരംഭിക്കാന്‍ സാധിച്ചത്. കേരളത്തില്‍ കുറച്ചധികം ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ എറണാകുളത്ത് തന്നെ നാല് യൂണിറ്റുകള്‍ ഉണ്ട്. കുടുംബശ്രീയുടെ പ്രോല്‍സാഹനത്തോടെ മേളകളിലും മറ്റും പങ്കെടുക്കാന്‍ സാധിച്ചത് മികച്ച അനുഭവമായി കാണുന്നു. അത് ബിസിനസിന്റെ വളര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്.

അമൃതയുടെ അഭിപ്രായത്തില്‍ ട്രാന്‍സ് വിഭാഗത്തിന് ഇനിയും സമൂഹത്തില്‍ ലഭിക്കേണ്ട അവകാശങ്ങളും പരിഗണനകളും എന്തൊക്കെയാണ്?

ഞങ്ങളെ പോലെയുള്ള പലര്‍ക്കും പല കഴിവുകളുമുണ്ട്. അവരുടെ സാമൂഹിക ചുറ്റുപാടാണ് അവയെല്ലാം തടസപ്പെടുത്തുന്നത്. സ്വന്തം വീട്ടില്‍ നിന്ന് പരിഗണന കിട്ടിയാല്‍ മാത്രമേ സമൂഹത്തിലും പരിഗണനയുണ്ടാകുകയുള്ളൂ. സ്വന്തമായൊരു സ്ഥലമോ വീടോ ഞങ്ങളില്‍ കൂടുതല്‍ പേര്‍ക്കും ഇല്ല. അതിനാല്‍ വാടക വീടുകളിലും ലോഡ്ജ് മുറികളിലും താമസിക്കുന്നവര്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സ്ഥിരമായി താമസിക്കാനൊരിടം ലഭിക്കുമെന്ന് കാത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. 

കൂടാതെ ചികില്‍സയ്ക്കും ഓപ്പറേഷനുകള്‍ക്കും വന്‍ ചിലവ് ഉണ്ട്. ഓപ്പറേഷന് സര്‍ക്കാറില്‍ നിന്ന് ധനസഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ ഓപ്പറേഷന് തീയതി നിശ്ചയിക്കുന്ന ദിവസം തന്നെ ആ പണം ലഭിക്കുകയാണെങ്കില്‍ ഞങ്ങളെ പോലെയുള്ളവര്‍ക്ക് വളരെയധികം ആശ്വാസമാകും.
ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികളോട് പോരാടിയാണ് അവരവരുടെ സ്വത്വത്തിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. കൂടാതെ ഞങ്ങളെ പോലെയുള്ളവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഭാഗത്ത് നിന്ന് കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാകണം.

സ്വന്തം സംരംഭത്തിന്റെ ഭാവി വളര്‍ച്ചയ്ക്കായി എന്തൊക്കെയാണ് ചെയ്യാന്‍ ശ്രമിക്കുന്നത്?

മാര്‍ക്കറ്റിംഗ് ജോലിക്കായി ആളെ എടുത്ത് വില്‍പനം നടത്തണമെന്ന പദ്ധതിയാണ് ഇപ്പോഴുള്ളത്. കൂടാതെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വിപണനം ആരംഭിക്കണമെന്നുണ്ട്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ അതിനായി ഉപയോഗിക്കും.

                                                                                   

ശാരീരീകമായും മാനസികമായും നിരവധി പ്രശ്‌നങ്ങള്‍ സഹിച്ചാണ് ഒരു ട്രാന്‍സ് വ്യക്തി ജീവിക്കുന്നത്. ചികില്‍സയുടെ ഭാഗമായുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളും അവരുടെ ജീവിതത്തെ വളരെയേറെ മോശമായി ബാധിക്കുന്നു. എന്നാല്‍ അത്തരം പ്രതിസന്ധികള്‍ക്കിടയിലൂടെയും സംരംഭം വിജയം നേടാന്‍ സാധിക്കുമെന്ന് ലോകത്തോട് വിളിച്ച് പറയുകയാണ് അമൃത. പുതു തലമുറയ്ക്ക് പ്രചോദനം നല്‍കി കൊണ്ട് ദൃഢനിശ്ചയത്തോടെ അമൃതയുടെ മുന്നേറ്റം തുടരുന്നു.

ഫോണ്‍ നമ്പര്‍: 9745524385


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.