Sections

സ്വപ്നങ്ങള്‍ക്ക് അതിരില്ല...പരിശ്രമമുണ്ടെങ്കില്‍ താന്‍ കണ്ട സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതിന്റെ ആഹ്‌ളാദത്തിലാണ് യുവ സംരംഭക ചന്ദന 

Thursday, Dec 16, 2021
Reported By Aswathi Nurichan
chandana

തിരുവനന്തപുരത്ത് എച്ച് ആര്‍ ജോലിയുമായി മുന്നോട്ട് പോകുമ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസില്‍ വന്നത്


ഓരോരുത്തര്‍ക്കും സംരംഭം ആരംഭിക്കാന്‍ വ്യത്യസ്ത കാരണങ്ങളും വ്യത്യസ്ത സന്ദര്‍ഭങ്ങളും ആയിരിക്കും. എന്നാല്‍ യാത്ര എത്രത്തോളം ഒരാളെ മാറ്റി മറിക്കും? യാത്രയിലുണ്ടായ പുതിയ പുതിയ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും ജീവിതത്തില്‍ സ്വരുകൂട്ടി വെച്ച സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് കൊല്ലംകാരി ചന്ദന വി.ആര്‍. എച്ച്ആര്‍ മേഖലയിലെ ജോലി ഉപേക്ഷിച്ച് ആഗ്രഹത്തോടൊപ്പം യാത്ര ചെയ്ത് ടെക്സ്റ്റെല്‍ ഡിസൈന്‍ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് ഈ കലാകാരി. സ്വന്തം സംരംഭമായ 'കതിര്‍ലൂം' ലൂടെ മികച്ച വരുമാനം നേടുന്ന ചന്ദന എന്ന യുവസംരംഭകയുമായി 'ദി ലോക്കല്‍ എക്കോണമി' സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.

ഈ സംരംഭം ആരംഭിക്കാന്‍ എങ്ങനെയാണ് ആഗ്രഹം ഉണ്ടായത്? ചെറുപ്പം മുതലേ ഉണ്ടായിരുന്നോ?

എന്റെ ചെറുപ്പം മുതലേ അമ്മയ്ക്ക് ബ്യൂട്ടി പാര്‍ലര്‍ ബിസിനസ് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ബിസിനസിന്റെ വശങ്ങള്‍ ചെറിയ രീതിയില്‍ എനിക്ക് അറിയാമായിരുന്നു. ഡിഗ്രിയില്‍ പഠിക്കുമ്പോള്‍ ഞാനും കസിനുമായി ചേര്‍ന്ന് ചെയ്്ത കമ്മല്‍ നിര്‍മ്മാണമാണ് എന്റെ ജീവിതത്തിലെ ബിസിനസിന്റെ തുടക്കം. ചെറിയ രീതിയില്‍ ചെയ്തിരുന്ന കമ്മല്‍  സമീപ വീടുകളിലൊക്കെ കൊടുത്തിരുന്നു. തുടര്‍ പഠനത്തിന്റെ ഭാഗമായി അത് അവസാനിപ്പിക്കേണ്ടി വന്നു. പക്ഷേ ആ ചെറിയ സംരംഭത്തിലൂടെ ബിസിനസിന്റെ നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കാന്‍ സാധിച്ചിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എച്ച് ആര്‍ ജോലിയുമായി മുന്നോട്ട് പോകുമ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസില്‍ വന്നത്. പലപ്പോഴും പല സംരംഭങ്ങളെയും കുറിച്ച് ചിന്തിച്ചു. എന്നാല്‍ എന്റെ ചില യാത്രകളാണ് എനിക്ക് ബിസിനസ് ആശയം പകര്‍ന്നു നല്‍കിയത്. എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലെ മെറ്റീരിയലുകളും ഡിസൈനുകളും നമ്മുടെ നാട്ടിലേക്ക് കൊണ്ടു വന്നൂ കൂടാ എന്ന ചിന്ത മനസിലുദിച്ചു. സാരികളെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ പല ടെക്സ്റ്റെല്‍ ഷോപ്പുകളില്‍ പോയി എല്ലാ തരത്തിലുമുള്ള മാര്‍ക്കറ്റ് പഠനം നടത്തി, അതിനു ശേഷം വ്യത്യസ്തമാര്‍ന്ന സാരി മെറ്റീരിയലുകളും ഡിസൈനുകളും വില്‍പന നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

                                                                           

എങ്ങനെയാണ് സംരംഭം ആരംഭിച്ചത്? തുടക്കത്തില്‍ എന്തൊക്കെ പ്രശ്നം നേരിടേണ്ടി വന്നു?

നിലവില്‍ കോട്ടയത്താണ് ഞാന്‍ താമസിക്കുന്നത്. അതിനാല്‍ കോട്ടയത്താണ് ഓണ്‍ലൈന്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ സ്ഥലങ്ങളില്‍ യാത്ര ചെയ്ത് പല തരത്തിലുള്ള സാരി മെറ്റീരിയലുകളും ഡിസൈനുകളും പര്‍ച്ചേര്‍സ് ചെയ്യുകയും അവ വീട്ടില്‍ കൊണ്ടു വന്ന് ഓണ്‍ലൈന്‍ വില്‍പന നടത്തുകയുമാണ് ചെയ്യുന്നത്. 2019 ല്‍ ആണ് ഓണ്‍ലൈനായി ബിസിനസ് ചെയ്യുവാന്‍ ആരംഭിച്ചത്. അപ്പോളോന്നും ഓണ്‍ലൈന്‍ ബിസിനസിന് ഇത്ര വലിയ സാധ്യതകള്‍ ഇല്ലായിരുന്നു. എന്നിട്ടും കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും സഹായത്തോടെ ചെറിയ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വില്‍പന നടത്തി തുടങ്ങി. നേരിട്ട് പോയി സാധനങ്ങള്‍ പര്‍ച്ചേര്‍സ് ചെയ്യണമെന്നതായിരുന്നു തുടക്കത്തിലെ പ്രധാന പ്രശ്നം. കാരണം കസ്റ്റമറുടെ സംതൃപ്തിക്കാണ് ഞാന്‍ മുന്‍ഗണന നല്‍കിയിരുന്നത്. മാര്‍ക്കറ്റ് കണ്ടെത്തുകയെന്നതും ഒരു വെല്ലുവിളിയായിരുന്നു. ഓണ്‍ലൈന്‍ പ്രൊഡക്റ്റുകളെ ജനങ്ങള്‍ ഇത്രത്തോളം വിശ്വസിക്കാത്ത കാലഘട്ടത്തില്‍ ബിസിനസ് ആരംഭിച്ചതിനാല്‍ അത് അതിജീവിക്കാനും നല്ലൊരു മാര്‍ക്കറ്റ് നേടിയെടുക്കാനും വലിയ രീതിയില്‍ പ്രയത്നിക്കേണ്ടി വന്നു.

സംരംഭം ആരംഭിക്കാനുള്ള അനുകൂല സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നു?

ഫാമിലി, ഫ്രണ്ട്സ് സപ്പോര്‍ട്ട് തന്നെയായിരുന്നു തുടങ്ങാനുള്ള പ്രധാന പ്രചോദനം. മാര്‍ക്കറ്റിലെ ഉയര്‍ച്ചയും താഴ്ചയും മാനസികമായി ബാധിച്ചപ്പോള്‍ അവര്‍ തന്നെയാണ് മുന്നോട്ട് കൊണ്ടു പോകാനുള്ള ധൈര്യവും പിന്തുണയും തന്നത്. ദിവസന്തോറും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പുതിയ പുതിയ ആളുകള്‍ വരുകയും മത്സരം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ സ്വന്തം കഴിവിനെ വിശ്വസിച്ച് സധൈര്യം മുന്നോട്ട് പോയത് കൊണ്ടാണ് ഇപ്പോഴും നിലനില്‍ക്കാന്‍ സാധിക്കുന്നത്.

                                                              

കതിര്‍ലൂം എന്ന ബ്രാന്‍ഡ് നെയിം ഇടാന്‍ പ്രത്യേക കാരണം എന്തെങ്കിലുമുണ്ടോ?

വ്യത്യസ്തമായ ഒരു പേരിടണം എന്നായിരുന്നു ആഗ്രഹം. ആരു കേട്ടാലും പിന്നീട് ഓര്‍മ്മയില്‍ വരുന്ന പേരായിരിക്കണം എന്നു ചിന്തിച്ചിരുന്നു. അതിനാല്‍ കുറേ അന്വേഷണം നടത്തി. കതിര്‍ എന്നാല്‍ സൂര്യന്‍ എന്നര്‍ത്ഥത്തിലാണ് കതിര്‍ലൂം എന്ന പേര് നല്‍കിയത്.

ചന്ദനയുടെ അഭിപ്രായത്തില്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത് ഏതു തരം മെറ്റീരിയലുകളും ഡിസൈനുകളുമാണ്?

മലയാളികള്‍ നിരവധി മെറ്റീരിയലുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. അതില്‍ ഇപ്പോള്‍ ഏറ്റവും ട്രെന്‍ഡിംഗ് ആയിരിക്കുന്നത് ഓര്‍കന്‍സ എന്ന സാരി മെറ്റീരിയലാണ്. കൗമാരക്കാരാണ് എന്റെ പ്രധാന ഉപഭോക്താക്കള്‍. സില്‍ക്ക്, ഷിഫോണ്‍, ജോര്‍ജെറ്റ് പോലെയുള്ള മെറ്റീരിയലുകള്‍ ഇഷ്ടപ്പെടുന്നവരുണ്ടെങ്കിലും പൊതുവായി കൂടുതല്‍ വില്‍പന നടക്കുന്നത് ഓര്‍ക്കന്‍സ സാരികളാണ്. ഓര്‍ക്കന്‍സ സാരികള്‍ തന്നെ പലതരം വിലകളിലുണ്ട്. വ്യത്യസ്ത ആളുകളെ മുന്നില്‍ കണ്ടാണ് അവ ഞങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ എല്ലാ തരത്തിലുള്ള ആളുകളിലേക്കും ഓര്‍ക്കന്‍സ എത്തിക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ തരം ഡിസൈനുകളും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. സാരികളുടെ ഗുണമേന്മയാണ് കൂടുതല്‍ ആളുകളും ശ്രദ്ധിക്കുന്നത്.

                                                                           

ഏതൊക്കെ രീതിയിലാണ് സംരംഭം വളര്‍ത്താന്‍ ശ്രമിച്ചത്?

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമായും ബിസിനസ് വളര്‍ത്താന്‍ ശ്രമിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് കൂടുതല്‍ ഓര്‍ഡറുകള്‍ വരുന്നതെങ്കിലും വാട്സ്ആപ്പിലൂടെയും വില്‍പന നടത്തുന്നുണ്ട്. കൂടാതെ സംരംഭം മാര്‍ക്കറ്റിഗിനായി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുന്‍സേഴ്സിന്റെ (സോഷ്യല്‍ മീഡിയയില്‍ ഫോളോവേര്‍സ് കൂടുതലുള്ള ആളുകള്‍) സഹായവും തേടിയിട്ടുണ്ട്. 

കൂടുതല്‍ വില്‍പന നടത്തുന്നത് ഏതൊക്കെ സ്ഥലങ്ങളിലാണ്?  

ലോകത്താകമാനം വില്‍പന നടക്കുന്നുണ്ട്. എന്നിരുന്നാലും കേരളീയര്‍ തന്നെയാണ് പ്രധാനമായും വാങ്ങാറുള്ളത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ വരുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ മലയാളികള്‍ ഓര്‍ഡറിനായി ബന്ധപ്പെടാറുണ്ട്. വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് സാരി ബൗസുകള്‍ സ്റ്റിച്ച് ചെയ്യാന്‍ ബുദ്ധിമുട്ട് ആയത് കൊണ്ട് സാരിയോടൊപ്പം ബ്ലൗസും കസ്റ്റമൈസ് ചെയ്ത് നല്‍കാറുമുണ്ട്. 

                                                                                 

കോവിഡ് ബിസിനസിനെ ഏത് രീതിയിലാണ് ബാധിച്ചത്?

ആദ്യ കോവിഡ് ലോക്ഡൗണ്‍ കാരണം ഓണ്‍ലൈന്‍ ബിസിനസിന് വളര്‍ച്ചയാണ് ഉണ്ടായത്. കാരണം ഓണ്‍ലൈന്‍ ബിസിനസ് കൂടുതല്‍ പ്രചാരം വന്നത് ആ സമയങ്ങളിലാണ്. അതോടെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പ്രൊഡക്ടുകളോട് വിശ്വാസമുണ്ടായി തുടങ്ങി. എന്നാല്‍ രണ്ടാം കോവിഡ് ലോക്ഡൗണ്‍ ബിസിനസിനെ സാരമായി ബാധിച്ചു. പല സംസ്ഥാനങ്ങളില്‍ നിന്നും പര്‍ച്ചേര്‍സ് ചെയ്ത സാധനങ്ങള്‍ വീട്ടിലേക്കെത്തിക്കാന്‍ കാലതാമസം ഉണ്ടായി. അതോടൊപ്പം പ്രാദേശിക ലോക്ഡൗണില്‍ കസ്റ്റ്മേര്‍സിന് പ്രൊഡക്ട് എത്താതെയും വന്നു. ആഘോഷ ചടങ്ങുകള്‍ മാറ്റി വച്ചതിനാല്‍ പല ഓര്‍ഡറുകളും ക്യാന്‍സലാകുകയും ചെയ്തു. എന്നിരുന്നാലും ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പ്രൊഡക്റ്റിനോട് വന്ന വിശ്വാസം കാരണം പെട്ടെന്ന് തന്നെ വിപണി തിരിച്ചു പിടിക്കാന്‍ സാധിച്ചു.

ബിസിനസ് നിലവില്‍ എവിടെ എത്തി നില്‍ക്കുന്നു?

ബിസിനസ് ആരംഭിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ മത്സരം നിലവില്‍ വളരെ കൂടുതലായിട്ടുണ്ട്. എങ്കിലും ഞങ്ങള്‍ വ്യത്യസ്തമായതും പുതുമയുള്ളതുമായ രീതികളും മാറ്റങ്ങളും ഉപയോഗിച്ച് മികച്ച വളര്‍ച്ച നേടാന്‍ ശ്രമിച്ചു വരികയാണ്. മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറിന്റെ കീഴില്‍ കതിര്‍ലൂമിന് ഒരു എക്സിബിഷന്‍ നടത്താന്‍ സാധിച്ചത് വലിയ നേട്ടമായി കാണുന്നു. മുമ്പൊക്കെ എക്സിബിഷനുകള്‍ കാണാന്‍ പോകുമ്പോള്‍ എനിക്ക് ഇതുപോലെ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നും ചിന്തിച്ചിരുന്നു. ആ വലിയ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

                                                

ഭാവിയില്‍ ബിസിനസ് ഏതൊക്കെ രീതിയില്‍ വളര്‍ത്താനാണ് ആഗ്രഹിക്കുന്നത്? അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍? 

ഒരു വിപുലമായ ഷോപ്പ് ആരംഭിക്കണമെന്നു തന്നെയാണ് പ്രധാന ലക്ഷ്യം. എന്നാല്‍ പടി പടി ആയി മാത്രമേ അത് കൈവരിക്കാന്‍ ശ്രമിക്കുന്നുള്ളൂ. ഇപ്പോള്‍ പല സ്ഥലങ്ങളിലും മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളുണ്ട്. മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളില്‍ പ്രൊഡക്ടുകള്‍ നേരിട്ട് എത്തിക്കേണ്ട ആവശ്യമില്ല, ഓണ്‍ലൈനായി എത്തിച്ചാല്‍ മതി. അതുകൊണ്ട് അവരുമായി സഹകരിച്ച് മുന്നോട്ട് പോകുന്ന കാര്യം ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം സ്ഥലമായ കൊല്ലത്ത് അമ്മയുടെ ബ്യൂട്ടി പാര്‍ലറിനോടൊപ്പം കതിര്‍ലൂമിന്റെ ഷോപ്പും തുടങ്ങാനുള്ള ശ്രമവും നടത്തുന്നുണ്ട്. കൂടാതെ നേരിട്ടു പോയി പര്‍ച്ചേര്‍സ് നടത്തുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ട മറ്റ് കൂടുതല്‍ അറിവ് നേടിയെടുക്കാനുണ്ട്. ഭാവിയില്‍ വെബ്സൈറ്റ് നിര്‍മ്മിക്കണമെന്നും ആഗ്രഹമുണ്ട്.

ഒരു വയസുകാരി ഇള രോഹിണി എന്ന പീച്ചുവിന്റെ അമ്മ കൂടിയായ ചന്ദന കുടുംബ കാര്യങ്ങളും ബിസിനസ് കാര്യങ്ങളും മികച്ച രീതിയില്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ്. കോട്ടയം കഞ്ഞികുഴിയില്‍ താമസിക്കുന്ന ചന്ദനയ്ക്ക് ഭര്‍ത്താവായ വിഷ്ണു ബാബുരാജിന്റെ പൂര്‍ണ പിന്തുണയുമുണ്ട്.

                                                  

ഫേസ്ബുക്ക്: Kathir Looms
കോണ്‍ടാക്റ്റ് നമ്പര്‍: 8943888030

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.