Sections

ടൂറിസം മേഖലയിലെ സ്ത്രീമുന്നേറ്റത്തിനായുള്ള പ്രവർത്തനങ്ങൾ സമഗ്രമാകണമെന്ന് ഉത്തരവാദിത്ത ടൂറിസം സെമിനാർ

Sunday, Feb 15, 2026
Reported By Admin
Experts Call for Women-Centric Growth in Tourism Sector

തിരുവനന്തപുരം: ടൂറിസം ഉൾപ്പടെയുള്ള മേഖലകളിൽ സ്ത്രീകളുടെ മുന്നേറ്റത്തിനായുള്ള പ്രവർത്തനങ്ങൾ സമഗ്രമായി ആസൂത്രണം ചെയ്തു നടപ്പാക്കണമെന്ന് വിദഗ്ധർ. സംസ്ഥാന ടൂറിസം വകുപ്പിൻറെ സഹകരണത്തോടെ കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സംഘടിപ്പിച്ച കേരള ഉത്തരവാദിത്ത ടൂറിസം മേളയുടെ ഭാഗമായി 'ടൂറിസം മേഖലയും സ്ത്രീപക്ഷ വികസനവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ഈ അഭിപ്രായം ഉയർന്നത്.

സമൂഹത്തിൽ സ്ത്രീകൾ മുന്നോട്ടു വരുന്നതിനായുള്ള പ്രവർത്തനങ്ങൾ ഒറ്റയ്ക്ക് ചെയ്യേണ്ടതല്ലെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ പറഞ്ഞു. ഇത് ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രം ചെയ്യേണ്ടതോ നിലവിലുള്ളതിനോട് കൂട്ടിച്ചേർക്കേണ്ടതോ അല്ല. മറിച്ച് എല്ലാ മേഖലകളിലുമുള്ള സമഗ്രമായ സമീപനമാണ് വേണ്ടത്. പരസ്പരബന്ധിതമായ ഈ കാര്യങ്ങൾ മികച്ച രീതിയിൽ സംയോജിപ്പിക്കാൻ ടൂറിസം മേഖലയ്ക്ക് സാധിക്കും. ഇതിന് എല്ലാ സർക്കാർ വകുപ്പുകളുടെയും കൂട്ടായ ആലോചനയും നടപ്പാക്കുന്നതിലെ ഐക്യവും ആവശ്യമാണ്.

കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പ്രവർത്തനം നടക്കുന്ന മേഖലകളിലൊന്നാണ് ടൂറിസമെന്നും സർക്കാർ സംവിധാനങ്ങളെല്ലാം അത് അംഗീകരിച്ചിട്ടുണ്ടെന്നും മിനി സുകുമാർ ചൂണ്ടിക്കാട്ടി. ഏറ്റവുമധികം ആളുകൾക്ക് തൊഴിൽ നൽകുന്നതും ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നതും ഏറ്റവും കുറച്ച് മാലിന്യമുണ്ടാക്കുന്നതുമായ മേഖലയായി വളരുന്ന മേഖലയായി ടൂറിസത്തെ അംഗീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും തൊഴിലിടങ്ങളും പൊതുവിടങ്ങളും ഉറപ്പാക്കുകയെന്നത് പ്രധാനമാണ്. ഇതിലൂടെ സ്ത്രീകൾക്ക് കൂടുതലായി സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാനുള്ള സാഹചര്യം കൈവരും. ജെൻഡർ ഇൻക്ലുസിവ് ടൂറിസം എന്ന ആശയം സംസ്ഥാനത്ത് അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. കൂടുതൽ സ്ത്രീകൾ ധൈര്യപൂർവ്വം ടൂറിസം മേഖലയിലേക്ക് വരികയും മേഖലയെ പ്രത്യാശാപൂർവ്വം കാണുകയും ചെയ്യുന്നു. ഇത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കണമെന്നും അവർ വ്യക്തമാക്കി.

ടൂറിസം മേഖലയിലേക്ക് സംരംഭകരായും യാത്രികരായും ഒട്ടേറെ സ്ത്രീകൾ കടന്നുവരുന്നവരുണ്ടെന്നും. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ഉത്തരവാദിത്ത ടൂറിസത്തിൻറെ ഉൾപ്പെടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ടെന്നും സെമിനാറിൽ മോഡറേറ്ററായിരുന്ന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. അപ്പോൾ ടൂറിസം മേഖലയിലെ സ്ത്രീപങ്കാളിത്തം കൂടുതൽ വർധിക്കും. അത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ആകെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതു രാജ്യത്തായാലും വനിതാ യാത്രികർക്കു ഭയമില്ലാതെ യാത്ര ചെയ്യാനാകുന്ന സാഹചര്യം സൃഷ്ടിക്കുന്നത് പ്രധാനമാണെന്ന് ട്രാവൽ ബ്ലോഗർ രമ്യ എസ് ആനന്ദ് പറഞ്ഞു. കേരളം നടപ്പാക്കുന്ന ജെൻഡർ ടൂറിസം ആശയം ഇതിന് അനുകൂലമാണ്. വിദേശത്തുനിന്ന് വരുന്നവർ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളോടുള്ള പെരുമാറ്റം, യാത്രാസൗകര്യങ്ങൾ, ശുചിത്വം എന്നിവ പ്രധാനമാണ്. അതിനെക്കുറിച്ചുള്ള അവബോധം പൊതുസമൂഹത്തിൽ സൃഷ്ടിക്കേണ്ടത് ടൂറിസം വികസനത്തിൽ ആവശ്യമാണെന്നും അവർ പറഞ്ഞു.

സമീപ വർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം വളർച്ച പ്രാപിച്ച മേഖലയാണ് ടൂറിസമെന്ന് ഡോക്യുമെൻററി ഫിലിം മേക്കറും ട്രാവലറുമായ ബിന്ദു സാജൻ പറഞ്ഞു. ടൂറിസം മേഖലയിലേക്ക് സ്ത്രീകൾ സംരംഭകരായും യാത്രികരായും കടന്നുവരുന്നതിൽ പൊതുസമൂഹത്തിൻറെ സമീപനം പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തുടനീളമുള്ള ഉത്തരവാദിത്ത ടൂറിസം (ആർടി) യൂണിറ്റുകൾ, ആർടി സംരംഭകർ, പ്രവർത്തകർ, വ്യവസായ പങ്കാളികൾ തുടങ്ങിയവർ മേളയുടെ ഭാഗമാണ്. ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകൾ ഒരുക്കിയ ഉൽപ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും 120 പ്രദർശന വിപണന സ്റ്റാളുകൾ ഫെസ്റ്റിലുണ്ട്. അഞ്ചു ദിവസത്തെ മേള ഇന്ന് (ഫെബ്രുവരി 15) കനകക്കുന്നിൽ സമാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.