Sections

കൈപ്പുണ്യം കൊണ്ട് ജീവിതം മധുരമാക്കിയ സഹല

Thursday, Nov 06, 2025
Reported By Admin
Sahala’s Sweet Success: From Training to Self-Employment

കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിലെ വട്ടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സഗീറിന്റെയും ഷൈലജയുടെയും മകൾ സഹലയുടെ ജീവിതം മധുരമായൊരു പ്രചോദന കഥയാണ്. കുക്കീസ് പോലെ മധുരമാണ് ആ ജീവിതം ജീവിതം. നിപ്മറിലെ എംപവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ പദ്ധതിയിൽ ബേക്കറി ആൻഡ് കൺഫെക്ഷനറി കോഴ്സ് പൂർത്തിയാക്കിയതോടെ, സഹല തന്റെ ജീവിതം പുതിയ വഴിയിലേക്ക് മാറ്റി. ആ സന്തോഷം മന്ത്രിയുമായി പങ്കുവെയ്ക്കാനാണ് നിപ്മറിലെ ഉദ്ഘാടന വേദിയിൽ സഹല എത്തിയത്.

താൻ ഏറെ സ്നേഹിക്കുന്ന ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന് സ്വന്തം കൈകളാൽ ഉണ്ടാക്കിയ കുക്കീസ് നൽകണമെന്ന ആഗ്രഹം സഹലയ്ക്കുണ്ടായിരുന്നു. ആ ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തിലാണ് സഹല.

വീട്ടിലെ അടുക്കളയാണ് ഇപ്പോൾ സഹലയുടെ ബേക്കിംഗ് കേന്ദ്രം. അവിടെ നിന്നാണ് അവളുടെ സൃഷ്ടികൾക്ക് ജീവൻ ലഭിക്കുന്നത്. കുക്കീസുകൾ, കേക്കുകൾ, മിഠായികൾ... എല്ലാം സഹലയുടെ കയ്യൊപ്പുള്ള മധുരങ്ങളാണ്. വീട്ടുകാരുടെ പ്രോത്സാഹനവും സ്വന്തം ആത്മവിശ്വാസവുമാണ് സഹലയെ മുന്നോട്ട് നയിക്കുന്നത്.

2021 ലാണ് നിപ്മറിൽ എംപവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ കോഴ്സ് ആരംഭിച്ചത്. ഇതിനകം ആറു ബാച്ചുകൾ വിവിധ കോഴ്സുകളിലായി പഠനം പൂർത്തിയാക്കി. 107 വിദ്യാർത്ഥികളാണ് എംവോക്കിലെ വിവിധ കോഴ്സുകളിലായി ഇതുവരെ പഠനം പൂർത്തിയാക്കിയത്. അതിൽ 40 പേർ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്തുവരുന്നു. 16 പേർ സ്വയംതൊഴിൽ ആരംഭിക്കുകയും ചെയ്തു. അങ്ങനെ സ്വയംതൊഴിൽ ആരംഭിച്ചവരിൽ ഒരാളാണ് സഹല.

താൻ പഠിച്ച കഴിവ് തൊഴിലായി മാറ്റിയ സഹല സ്വയംതൊഴിൽ രംഗത്ത് വിജയം വരിച്ചവരുടെ ഒരു മികച്ച ഉദാഹരണമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.