Sections

അറ്റുതൂങ്ങിയ കൈയിൽ സ്വപ്നങ്ങൾ തുന്നിച്ചേർത്ത് ജസ്‌നയുടെ സംരംഭകയാത്ര 

Monday, Aug 04, 2025
Reported By Admin
Jasna's Startup Triumph After Tragic Accident

അരക്കുയന്ത്രത്തിൽ കുടുങ്ങി അറ്റുതൂങ്ങിയ കൈകളുമായി വാഹനം ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുമ്പോൾ ജസ്നയുടെ മനസ്സിലൂടെ മിന്നിമാഞ്ഞത് വർഷങ്ങളായി ഒരുക്കുകൂട്ടിയ ഒരുപിടി സ്വപ്നങ്ങളായിരുന്നു. എല്ലാം ചെറിയൊരു അശ്രദ്ധയിൽ അറുത്തുമാറ്റപ്പെട്ടുവെന്ന വേദനക്കായിരുന്നു മുറിവിന്റെ വേദനയേക്കാൾ കാഠിന്യം. കൈ മുറിച്ചുമാറ്റേണ്ടി വരുമെന്ന ഡോക്ടർമാരുടെ അഭിപ്രായം കൂടി എത്തിയതോടെ കാർമേഘങ്ങളെല്ലാം ഒന്നിച്ച് തന്റെ മനസ്സിൽ അടിഞ്ഞുകൂടിയ പ്രതീതി. ശ്രമിച്ചുനോക്കാമെന്ന വാക്കിൽ നേരിയ പ്രതീക്ഷ വെച്ച് ശസ്ത്രക്രിയ മുറിയിലേക്ക് കയറി. അവിടെനിന്നങ്ങോട്ട് ജസ്നയെന്ന 32 കാരിയുടെ നിശ്ചയദാർഡ്യത്തിന്റെയും പോരാട്ടത്തിന്റെയും കഥ തുടങ്ങുകയാണ്, വിധിയെ ചെറുത്തുതോൽപ്പിച്ച ഒരു യുവസംരംഭകയുടെ അതിജീവന പോരാട്ടത്തിന്റെ കഥ.

തമിഴ്നാട്ടിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭർത്താവ് അഷ്റഫിനൊപ്പം അവിടെ കഴിയുന്നതിനിടെ പ്ലാസ്റ്റിക് കവറുകളിലെ ദോശമാവ് കണ്ണിലുടക്കിയപ്പോൾ തുടങ്ങിയതാണ് നാട്ടിൽ അതുപോലൊരു സംരംഭമെന്ന മോഹം. പിന്നീട് അതിനായുള്ള അന്വേഷണമായി. വിവിധ ഭക്ഷ്യനിർമാണ യൂണിറ്റുകളിൽ ജോലി ചെയ്തും ഫാക്ടറികൾ സന്ദർശിച്ചും തന്റെ സ്വപ്നയാത്രയിലേക്കുള്ള വഴിയൊരുക്കി. നാട്ടിലെത്തി സംരംഭം തുടങ്ങാനൊരുങ്ങുന്നതിനിടെ സംസ്ഥാന സർക്കാറിന് കീഴിലെ ജില്ലാ വ്യവസായ കേന്ദ്രം മാവൂർ പഞ്ചായത്തിൽ സംരംഭകർക്ക് വേണ്ടി നടത്തിയ തൊഴിൽസഭയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് വഴിത്തിരിവായി. സംരംഭം തുടങ്ങാനുള്ള അനുമതിക്കായി ഓഫീസുകൾ കയറിയിറങ്ങി മടുക്കുമെന്നായിരുന്നു പലരുടെയും മുന്നറിയിപ്പ്. എന്നാൽ, പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ സഹായിക്കുക മാത്രമല്ല, മറ്റു നടപടിക്രമങ്ങൾക്കെല്ലാം വ്യവസായ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കൂടെനിന്നു. മുടക്കുമുതലിന്റെ 35 ശതമാനം സബ്സിഡി നൽകി സർക്കാറും കരുതലിന്റെ കരം പിടിച്ചതോടെ ആത്മവിശ്വാസം ഇരട്ടിയായി. ഇഡ്ഡലിയും ദോശയും അത്ര 'ദഹിക്കാത്ത' നാട്ടിൽ ഇങ്ങനെയൊരു സംരംഭം വിജയിക്കുമോയെന്ന ചോദ്യം ഉയർന്നെങ്കിലും മുന്നോട്ടുതന്നെ നീങ്ങാനായിരുന്നു തീരുമാനം. കോയമ്പത്തൂരിൽനിന്ന് ആവശ്യമായ യന്ത്രങ്ങൾ എത്തിച്ച് മാവൂർ പോസ്റ്റ് ഓഫീസിന് സമീപം ചെറിയൊരു നിർമാണ യൂണിറ്റും സജ്ജമായി. ഉൽപന്നം ജനങ്ങളിലെത്തിക്കുന്നതിന് മുമ്പ് മാവിനെ ഏറ്റവും മികച്ചതാക്കാനുള്ള പരീക്ഷണങ്ങളായി പിന്നീട്. പോരായ്മകൾ പരിഹരിച്ച് പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് ജസ്നയെ തോൽപിക്കാൻ അപകടമെത്തുന്നത്.

After Losing Her Hand in an Accident, Jasna Built a Successful Batter Brand 'Dhob'

ആദ്യ ഉപയോഗത്തിന് മുമ്പ് മെഷിൻ ഓണാക്കി കഴുകുന്നതിനിടെ കൈ വഴുതിയത് ബ്ലേഡിലേക്കായിരുന്നു. ഫാബ്രിക്കേഷൻ വർക്കുകളൊന്നും പൂർത്തിയാക്കാത്തതിനാൽ സ്ഥാപനത്തിന്റെ ഷട്ടർ തറയോളം താഴ്ത്തിയായിരുന്നു ജോലി. അതിനാൽ നിലവിളി ഉച്ചത്തിൽ പുറത്തെത്തിയില്ല. മുക്കാൽ മണിക്കൂറിന് ശേഷമാണ് റോഡിലൂടെ നടന്നുപോയൊരാൾ ശബ്ദം കേട്ട് ഷട്ടർ ഉയർത്തിയത്. നാട്ടുകാരെത്തി മെഷിന്റെ ബ്ലേഡ് മുറിച്ചെടുത്താണ് കൈ പുറത്തെടുത്തത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ ശേഷമുള്ള ഓരോ ദിവസവും ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണർന്നു. എന്നാൽ, തോൽക്കാൻ ഒരുക്കമല്ലാതിരുന്ന ജസ്ന ഫിസിയോ തെറാപ്പിയുടെയും മനസ്സുറപ്പിന്റെയും കരുത്തിൽ കൈ ചലിപ്പിച്ചു തുടങ്ങി. മൂന്ന് മാസംകൊണ്ട് ആ കൈകൾ കൊണ്ട് സ്കൂട്ടർ ഹാൻഡിൽ പിടിച്ചുതുടങ്ങി. വേദനകളേറെ സഹിച്ചും വ്യായാമ മുറകൾ തുടർന്നു. ആറുമാസമായപ്പോഴേക്കും അത്യാവശ്യം പണികളൊക്കെ ചെയ്യാവുന്ന നിലയിലെത്തി. പിന്നെ കാത്തുനിന്നില്ല, 'ദോബ' എന്ന പേരിൽ 2023 ഡിസംബർ നാലിന് ജസ്നയുടെ സ്വപ്ന സംരംഭത്തിന് തുടക്കമായി.

അരിക്കും ഉഴുന്നിനുമൊപ്പം തന്റെ സ്വപ്നങ്ങളും അരച്ചുചേർത്ത് ഉൽപന്നം വിപണിയിലേക്ക്. ചെറിയ രീതിയിൽ തുടങ്ങിയ ഉല്പാദനം പതിയെ ആളുകളിലേക്ക് എത്തിത്തുടങ്ങി. കേടുവരാതിരിക്കാനുള്ള പൊടിക്കൈകളൊന്നുമില്ലാതെ ഇഡ്ഡ്ലിയുടെയും ദോശയുടെയും മാവ് പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലൂടെയും സൂപ്പർ മാർക്കറ്റുകളിലൂടെയും മറ്റും കോഴിക്കോട്ടെ മാത്രമല്ല, മലപ്പുറം ജില്ലയിലെയും അടുക്കളകളിലെ സ്ഥിരസാന്നിധ്യമായി. കരിപ്പൂർ വിമാനത്താവള ലോഞ്ചിൽ വരെ 'ദോബ' സാന്നിധ്യമുറപ്പിച്ചു. സർക്കാറിന്റെ വിപണന മേളകളിൽ സ്ഥിരം ഇടം ലഭിച്ചതോടെ നാട്ടുകാർക്കെല്ലാം പരിചിതമായി.

ആവശ്യക്കാരേറിയതോടെ പുതിയ മെഷിനുകൾ എത്തിച്ച് വിപുലീകരിച്ചു. ഇപ്പോൾ ദിവസവും 300 മാവ് പാക്കറ്റുകൾ ജസ്നയും സംഘവും ചേർന്നൊരുക്കുന്നു. വിതരണത്തിനടക്കം മൂന്നുപേരാണ് സഹായത്തിനുള്ളത്. ശീതീകരണ സംവിധാനത്തിൽ ഏഴ് ദിവസം മാവ് വരെ കേടാകാതെനിൽക്കും. 70 രൂപയുടെ ഒരു പാക്കറ്റ് കൊണ്ട് 20-22 ഇഡ്ഡലിയും 16-18 ദോശയും ഉണ്ടാക്കാം. ഊത്തപ്പവും പിസ്സയും വരെ ഉണ്ടാക്കാൻ ഈ മാവ് ഉപയോഗിക്കാം. കൂടുതൽ യന്ത്രങ്ങളെത്തിച്ചും വിതരണ വാഹനങ്ങൾ ഒരുക്കിയും സംരംഭം വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ജസ്ന. ഭർത്താവും മൂന്ന് മക്കളുമടങ്ങിയ കുടുംബവും നാട്ടുകാരും വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരുമെല്ലാം പിന്തുണയുമായി കൂടെയുണ്ടെന്നും അതാണ് തന്റെ ആത്മവിശ്വാസമെന്നും ജസ്ന പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.