- Trending Now:
കോഴിക്കോട്: ആയുർവേദ-വെൽനസ് ടൂറിസം മേഖലയിലെ മുൻനിരക്കാരായി കേരളത്തെ പ്രദർശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുർവേദ ആൻഡ് വെൽനസ് കോൺക്ലേവിന് സമാപനം. കോൺക്ലേവിന്റെ ഭാഗമായി രണ്ടാം ദിവസം 3200 ൽപരം ബിസിനസ്-ടു-ബിസിനസ് (ബി2ബി) മീറ്റിംഗുകൾ നടന്നു.
കേരളത്തിൽ നിന്നുള്ള പ്രമുഖ ആയുർവേദ സേവന ദാതാക്കളെയും 150 അന്താരാഷ്ട്ര, ആഭ്യന്തര ബയേഴ്സിനെയും ബന്ധിപ്പിക്കുന്ന ബി2ബി മീറ്റ് ആണ് കോഴിക്കോട് ഡിമോറ ഹോട്ടലിൽ നടന്നത്. കേരളത്തിൽ നിന്നുള്ള 100 സെല്ലേഴ്സ്, 120 അന്താരാഷ്ട്ര ഏജന്റുമാർ/ഓപ്പറേറ്റർമാർ, 30 ഇന്ത്യൻ ഏജന്റുമാർ/ഓപ്പറേറ്റർമാർ, 30 യോഗ ഓപ്പറേറ്റർമാർ, വിദേശത്തുനിന്ന് 30 ഉം ഇന്ത്യയിൽനിന്ന് 20 ഉം പേരടങ്ങിയ ബ്ലോഗർമാർമാരുടെയും മാധ്യമപ്രവർത്തകരുടെയും സംഘം എന്നിവരുടെ പങ്കാളിത്തവും ഇതിൽ ഉണ്ടായിരുന്നു.
ആയുർവേദ പ്രമോഷൻ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന കോൺക്ലേവിൽ ഏകദേശം 34 രാജ്യങ്ങളിൽ നിന്നുള്ള 125-ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. റഷ്യയിൽ നിന്നാണ് കൂടുതൽ വിദേശ പ്രതിനിധികൾ എത്തിയത്, 22 പേർ. 14 ജർമ്മൻ പ്രതിനിധികളും പങ്കെടുത്തു.
ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ബിടുബി മീറ്റും എക്സിബിഷനും ഉദ്ഘാടനം ചെയ്തു. 50-ലധികം സെല്ലേഴ്സ് സ്റ്റാളുകളാണ് എക്സിബിഷനിൽ ഉണ്ടായിരുന്നത്.
ആയുർവേദ പണ്ഡിതർ, ആഗോള വെൽനസ് വിദഗ്ധർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ, ട്രാവൽ-കൊമേഴ്സ് പ്രൊഫഷണലുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുടെ ഒത്തുചേരലിന് കോൺക്ലേവ് അവസരമൊരുക്കി.
ബയേഴ്സ്, സെല്ലേഴ്സ്, വെൽനസ് വിദഗ്ധർ എന്നിവരടങ്ങുന്ന പ്രതിനിധികൾ പ്രധാനമായും റഷ്യ, ജർമ്മനി, ഫ്രാൻസ്, യുഎസ്, സ്ലൊവാക്യ, ലെബനൻ, ഇറ്റലി, കസാക്കിസ്ഥാൻ, സൗദി അറേബ്യ, ബൾഗേറിയ, ഇസ്രായേൽ, അർമാനിയ, ജോർദാൻ, തുർക്കി, പോളണ്ട്, പോർച്ചുഗൽ, ദക്ഷിണ കൊറിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.
ബിസിനസ് സഹകരണങ്ങൾ നേടുന്നതിന് വേദിയായതിനു പുറമേ ആയുർവേദ, വെൽനസ് വിദഗ്ധരുടെയും വ്യവസായ പങ്കാളികളുടെയും ഉൾക്കാഴ്ചയുള്ള അവതരണങ്ങളും മീറ്റിൽ ഉണ്ടായിരുന്നു. വിജ്ഞാന കൈമാറ്റം, നയ വികസനം, ബി2ബി നെറ്റ്വർക്കിംഗ്, ആഗോള ബിസിനസ് സഹകരണം എന്നിവയ്ക്കുള്ള വേദിയായി കോൺക്ലേവ് മാറി. ഉത്തരവാദിത്ത- സുസ്ഥിര വികസന മാതൃകയെ അടിസ്ഥാനമാക്കി ആയുർവേദ, വെൽനസ് ടൂറിസത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നുവരാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ഇത് പ്രചോദനമാണ്.
മെഡിക്കൽ വാല്യു ട്രാവൽ, വെൽനസ് റിട്രീറ്റുകൾ, ആയുർവേദ ഹെൽത്ത്കെയർ, യോഗ ടൂറിസം എന്നിവയിൽ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിച്ചു.
കോൺക്ലേവിനെ തുടർന്ന് അന്താരാഷ്ട്ര ആയുർവേദ, യോഗ അംബാസഡർമാർക്കായി ഫെബ്രുവരി 4 മുതൽ കേരളത്തിലുടനീളമുള്ള ആയുർവേദ-വെൽനസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഇത് ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കും. പ്രതിനിധികൾ ആയുർവേദ റിസോർട്ടുകളും വെൽനസ് റിട്രീറ്റുകളും, യോഗ ലക്ഷ്യസ്ഥാനങ്ങളും ആയുർവേദ ആശുപത്രികളും സംസ്ഥാനത്തുടനീളമുള്ള ആയുർവേദ നിർമ്മാണ സൗകര്യങ്ങളും സന്ദർശിക്കും.
കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോർട്ട് ക്രൂയിസ് തുടങ്ങിയ സാംസ്കാരിക, പൈതൃക അനുഭവങ്ങളും മറ്റ് പ്രധാന ആകർഷണങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുന്നു. ഇത് കേരളത്തിന്റെ ആയുർവേദ, വെൽനസ് മേഖല, സാംസ്കാരിക ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് സമഗ്രമായ പരിചയം അന്താരാഷ്ട്ര പ്രതിനിധികൾക്ക് നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.