- Trending Now:
കൊച്ചി: കൊച്ചിയിലെ എബിസി ആർട്ട് റൂം, വാട്ടർ മെട്രോ, ഫോർട്ട് കൊച്ചിയിലെ തെരുവോരങ്ങൾ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച 'സൗണ്ട്സ് ഓഫ് നെയ്ബർഹുഡ്' എന്ന നാലു ദിവസത്തെ ചുവർചിത്ര പദ്ധതി സമാപിച്ചു. നാട്ടുകഥകളും സാംസ്കാരിക വൈവിധ്യങ്ങളും പ്രതിഫലിപ്പിച്ച ഈ കലാസൃഷ്ടി പൊതുയിടങ്ങളെ സംവേദനാത്മക ക്യാൻവാസുകളാക്കി മാറ്റുകയായിരുന്നു.
നാട്ടുകാരിൽ നിന്നും ഇതിന് ലഭിച്ച പ്രതികരണം ആവേശകരമായിരുന്നുവെന്ന് കലാ പദ്ധതിക്ക് നേതൃത്വം നൽകിയ വിഷ്വൽ ആർട്ടിസ്റ്റ് ഹരിപ്രസാദ് ആർ പറഞ്ഞു. കുട്ടികൾ തന്നെ നേരിട്ട് ചുവരുകളിൽ ചിത്രം വരയ്ക്കുന്നതിനാൽ നാട്ടുകാർ വലിയ താൽപ്പര്യം കാണിച്ചു. പലരും സ്വന്തം വീടിന്റെ ചുവരുകൾ ചിത്രം വരയ്ക്കാനായി സ്വമേധയാ വിട്ടുനൽകുകയും ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾക്കായി കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി നൽകാമെന്ന് അറിയിച്ചത് പദ്ധതിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം പോലുള്ള സ്ഥലങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ നാട്ടുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ചത് കൗതുകമായി. കുട്ടികൾ നാട്ടുകാരുമായി സംസാരിച്ച് അവരുടെ ജീവിതരീതികൾ മനസ്സിലാക്കുകയും അയൽവീടുകളുടെ മുറിക്കുള്ളിലെ കാഴ്ചകൾ പോലും തങ്ങളുടെ ചിത്രങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു. ആരുടെയെങ്കിലും ചിത്രം വരയ്ക്കുന്നതിന് മുൻപ് അവരോട് അനുവാദം ചോദിക്കണമെന്ന് താൻ നൽകിയ നിർദ്ദേശം കുട്ടികൾ കൃത്യമായി പാലിച്ചതായും ഹരിപ്രസാദ് ചൂണ്ടിക്കാട്ടി. ബിനാലെയിലെ എബിസി പദ്ധതിയുടെ പ്രാധാന്യം വളരെ വലുതാണെന്നും കലാപരമായി സമൂഹവുമായി നേരിട്ട് സംവദിക്കുന്ന തികച്ചും വ്യത്യസ്തമായ രീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.