Sections

മൂത്തൂറ്റ് ഫിൻകോർപിൻറെ സംയോജിത അറ്റാദായം 1183.59 കോടി രൂപ

Monday, Feb 16, 2026
Reported By Admin
Muthoot Fincorp Q3 Net Profit Touches ₹1,183.59 Cr

കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവെ അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപിൻറെ പതാകവാഹക സാമ്പത്തിക സേവന കമ്പനിയായ മുത്തൂറ്റ് ഫിൻകോർപിൻറെ നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസത്തിലെ സംയോജിത അറ്റാദായം 1183.59 കോടി രൂപയിലെത്തി. ഇക്കാലയളവിൽ കൈകാര്യം ചെയ്യുന്ന ആകെ സംയോജിത ആസ്തികൾ 64,279.48 കോടി രൂപയാണ്. വളർച്ചാ ആവേഗം തുടർന്ന മൂന്നാം ത്രൈമാസത്തിൽ കമ്പനി 553.23 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചത്. വാർഷികാടിസ്ഥാനത്തിൽ മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 47.73 ശതമാനം വർധനവാണു കൈവരിച്ചിട്ടുള്ളത്. ത്രൈമാസത്തിലെ വരുമാനം 23.26 ശതമാനം വർധിച്ച് 2899.29 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ വരുമാനം 7871.83 കോടി രൂപയിലും എത്തിയെന്ന് സാമ്പത്തിക ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മുത്തൂറ്റ് ഫിൻകോർപിൻറെ മാത്രം അറ്റാദായം 1056.65 കോടി രൂപയാണ്. 2025 ഡിസംബർ 31 വരെയുള്ള വരുമാനം 5733.01 കോടി രൂപയിലും എത്തി. കമ്പനിയുടെ ആകെ നിഷ്ക്രിയ ആസ്തികൾ 1.34 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികൾ 0.69 ശതമാനവുമാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

തങ്ങളിൽ ഉപഭോക്താക്കൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെയാണ് മൂന്നാം ത്രൈമാസത്തിലെ പ്രവർത്തന ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. ഇവിടെയുള്ള ഓരോ അക്കവും ഓരോ കുടുംബത്തെ ശക്തിപ്പെടുത്തുന്നതാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പം ഓരോ സംരംഭത്തേയും പിന്തുണക്കുന്നതും ഓരോ പ്രതീക്ഷകളേയും സഫലീകരിക്കുന്നതും കാണാൻ സാധിക്കും. ഉത്തരവാദിത്തത്തോടു കൂടി വളരുന്ന ഒരു സ്ഥാപനമായി തുടരുന്നതിലായിരിക്കും മുന്നോട്ടുള്ള പാതയിലേയും ശ്രദ്ധാകേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.

മുത്തൂറ്റിലുള്ളവരുടെ കഠിനാധ്വാനത്തിലും പ്രതിബദ്ധതയിലും ഉപഭോക്താക്കൾ അർപ്പിച്ചിരിക്കുന്ന വിശ്വാസമാണ് പ്രവർത്തന ഫലങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷാജി വർഗ്ഗീസ് ചൂണ്ടിക്കാട്ടി. സ്വർണ പണയ വായ്പകൾ മുഖ്യമായി തുടരുമ്പോഴും തങ്ങൾ എംഎസ്എംഇ വായ്പകൾ, ഡിജിറ്റൽ വായ്പാ പദ്ധതികൾ, സമ്പാദ്യം, സുരക്ഷ എന്നിവയിലും സാന്നിധ്യം ശക്തമാക്കുകയാണ്. നിലവിൽ തങ്ങളുടെ ഉപഭോക്താക്കളിൽ 98 ശതമാനവും ഡിജിറ്റൽ രീതികളിലൂടെയാണ് എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തൂറ്റ് ഫിൻകോർപ് വൺ ആപ് 72 ലക്ഷം ഡൗൺലോഡുകളോടെ രാജ്യവ്യാപകമായി ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുകയാണെന്നും ഷാജി വർഗ്ഗീസ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.