Sections

സൈഡസ് ഫൗണ്ടേഷൻറെ മേഹാ പട്ടേലിൻറെ പിന്തുണയോടെ കൊച്ചി-മുസിരിസ് ബിനാലെയിൽ അതുല്യ പ്രകടനവുമായി മറീന അബ്രാമോവിക്

Wednesday, Feb 11, 2026
Reported By Admin
Marina Abramović Delivers Powerful Performance at Kochi-Muziris Biennale with Support from Zydus Fou

കൊച്ചി: സൈഡസ് ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൺ മേഹാ പട്ടേലിൻറെ പിന്തുണയോടെ കൊച്ചി-മുസിരിസ് ബിനാലെയിൽ ലോക പ്രശസ്തയായ മറീന അബ്രാമോവികിൻറെ ആവേശോജ്വല പ്രകടനം അരങ്ങേറി. പുതിയൊരു ശൈലിക്ക് തുടക്കമിട്ട സെർബിയൻ പെർഫോമൻസ് ആർട്ടിസ്റ്റാണ് മറീന അബ്രാമോവിക്. സമകാലിക കലയുടെ ചർച്ചകളിൽ ശരീരം, സാന്നിധ്യം, കാണികളുടെ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന, കഠിനമായ ആത്മനിയന്ത്രണം ആവശ്യമുള്ള വിപ്ലവാത്മകമായ കലാരൂപങ്ങളിലൂടെ ആഗോളതലത്തിൽ അവർ അംഗീകാരം നേടിയിട്ടുണ്ട്.

കലയെ സമൂഹത്തിൻറെ വളരെ വിപുലമായ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നതും അതിനെ വളരെ ആഴത്തിലുള്ള അനുഭവമാക്കി മാറ്റുന്നതിനും ഏറെ പ്രാധാന്യമാണുള്ളതെന്ന് ഇതേക്കുറിച്ച് സംസാരിക്കവെ മേഹാ പട്ടേൽ ചൂണ്ടിക്കാട്ടി. അനുഭവം, പശ്ചാത്തലം, പങ്കാളിത്തം എന്നിവയിലൂടെ കല കൂടുതൽ പ്രാപ്യവും ആസ്വാദ്യകരവുമായി മാറും. കൊച്ചി മുസിരിസ് ബിനാലെ, നിഖിൽ ചോപ്ര എന്നിവരുമായി ചേർന്ന് മറീന അബ്രാമോവിക്കിൻറെ ഈ മനോഹരമായ സൃഷ്ടി അവതരിപ്പിക്കാനായതിൽ അതിതായ സന്തോഷമുണ്ട്. ഉയർന്ന ബോധത്തിൽ നിന്നും വൈകാരികമായ തുറന്നു പറച്ചിലുകളിൽ നിന്നുമാണ് പൂർണ്ണമായി ലയിച്ച അനുഭവം ഉണ്ടാകുന്നത.് ഈ അനുഭവങ്ങളെല്ലാം സൃഷ്ടിക്കുന്നതിൽ കാഴ്ചക്കാരും ഒരേ പോലെ പങ്കാളികളാകുകയാണെന്നും അവർ പറഞ്ഞു.

മറീനയെ പിന്തുണക്കുന്നതിലൂടെ പാശ്ചാത്യ ലോകത്തെ ഒരു ഇതിഹാസത്തെ ക്ഷണിക്കുന്നതിനപ്പുറം നമ്മുടെ സാംസ്കാരിക ചരിത്രവുമായി ആഴത്തിൽ ചേർന്നുനിൽക്കുന്ന ഒരു ചിന്താഗതിയെ ഇന്ത്യയിലേക്ക് എത്തിക്കുക കൂടിയാണിത്. അനുഷ്ഠാനങ്ങളിലും സാന്നിധ്യത്തിലും ആത്മനിയന്ത്രണത്തിലും വേരൂന്നിയതാണ് മറീനയുടെ കലാരൂപങ്ങൾ. ഇത് നമ്മുടെ ആത്മീയ പാരമ്പര്യങ്ങളോടും സാംസ്കാരിക രീതികളോടും ആഴത്തിൽ ചേർന്നുനിൽക്കുന്നു. നാം സഹജമായി മനസ്സിലാക്കുന്ന ആശയങ്ങൾക്ക് അവർ സമകാലികമായ ഒരു ആവിഷ്കാരം നൽകുന്നു. ബിനാലെയിലൂടെ കലയെ എല്ലാവർക്കും പ്രാപ്യമായ ഒരു പൊതു അനുഭവമാക്കി മാറ്റുന്നതിൽ കൊച്ചിക്ക് അതിൻറേതായ പ്രാധാന്യമുണ്ടെന്നും മേഹാ പട്ടേൽ കൂട്ടിച്ചേർത്തു.

മേഹാ പട്ടേലിനെക്കുറിച്ച്

സൈഡസ് ഗ്രൂപ്പിൻറെ സി.എസ്.ആർ വിഭാഗമായ സൈഡസ് ഫൗണ്ടേഷൻറെ വൈസ് ചെയർപേഴ്സണാണ് മേഹാ പട്ടേൽ. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഉപജീവന മാർഗങ്ങൾ, സുസ്ഥിരത, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലായി വലിയ തോതിലുള്ള പദ്ധതികൾക്ക് അവർ നേതൃത്വം നൽകുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ദ ആർട്സിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈൻ ടെക്നോളജിയിൽ ഔദ്യോഗിക പരിശീലനം നേടിയ അവർ, തൻറെ പ്രവർത്തനങ്ങളിൽ ഡിസൈൻ അധിഷ്ഠിതമായ ഒരു കാഴ്ചപ്പാട് കൊണ്ടുവരികയും ഇന്ത്യൻ കരകൗശല വിദഗ്ധരെയും സർഗ്ഗാത്മക സമൂഹങ്ങളെയും നിരന്തരം പിന്തുണയ്ക്കുകയും ചെയ്യുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സംരംഭകത്വ നേതൃത്വത്തിനുമൊപ്പം കലയുടെയും സംസ്കാരത്തിൻറെയും ചിന്താശീലയായ ഒരു രക്ഷാധികാരി കൂടിയായി മേഹാ പട്ടേൽ ഉയർന്നു വന്നിട്ടുണ്ട്. പ്രമുഖരായ ഇന്ത്യൻ, അന്തർദ്ദേശീയ കലാകാരന്മാരുടെ സൃഷ്ടികൾക്കൊപ്പം വളർന്നുവരുന്ന പ്രാദേശിക പ്രതിഭകളുടെ കലാസൃഷ്ടികൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു വലിയ ശേഖരം തന്നെ അവർ ഒരുക്കിയിട്ടുണ്ട്. കോർപ്പറേറ്റ്, പൊതു ഇടങ്ങളിൽ കലയെ സമന്വയിപ്പിച്ചും പ്രാദേശിക ശിൽപികളെ പ്രോത്സാഹിപ്പിച്ചും അഹമ്മദാബാദിൻറെ സാംസ്കാരിക പൈതൃകത്തിന് പ്രാധാന്യം നൽകിയും സർഗ്ഗാത്മകമായ ഒരു ആവാസവ്യവസ്ഥയെ അവർ സജീവമായി വളർത്തുന്നു.

സി.ഐ.ഐയുടെ കലയ്ക്കും സംസ്കാരത്തിനുമായുള്ള ദേശീയ സമിതിയിലേക്ക് (2025-26) അവർ നിയമിതയായത്, ഈ മേഖലയിലുള്ള അവരുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും കലയും സംസ്കാരവും സാമൂഹിക വികസനത്തിൻറെ അവിഭാജ്യ ഘടകമാണെന്ന അവരുടെ വിശ്വാസത്തെയും അടിവരയിടുന്നു.

മറീന അബ്രാമോവികിനെക്കുറിച്ച്

ലോകപ്രശസ്തയായ സെർബിയൻ പെർഫോമൻസ് ആർട്ടിസ്റ്റാണ് മറീന അബ്രാമോവിക്. സമകാലിക പെർഫോമൻസ് കലയിലെ പുതിയൊരു ശൈലിക്ക് തുടക്കമിട്ടതോടെയാണ് അവർ പരക്കെ അറിയപ്പെടുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിൽക്കുന്ന അവരുടെ കലാപ്രവർത്തനം, ശരീരത്തിൻറെ പരിമിതികൾ, സഹനശേഷി, നിസ്സഹായത, കലാകാരനും പ്രേക്ഷകനും തമ്മിലുള്ള ബന്ധം എന്നിവയെ ആഴത്തിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

പെർഫോമൻസിനെ ഒരു ദൃശ്യകലാരൂപമായി മാറ്റുന്നതിൽ മറീന നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. തൻറെ ശാരീരികവും മാനസികവുമായ അതിർവരമ്പുകൾ പരിശോധിക്കുന്നതിൻറെ ഭാഗമായി, വൈകാരികവും ആത്മീയവുമായ പരിവർത്തനത്തിന് വേണ്ടിയുള്ള അന്വേഷണത്തിൽ അവർ കഠിനമായ വേദനയും തളർച്ചയും അപകടസാധ്യതകളും പോലും അതിജീവിച്ചിട്ടുണ്ട്.

തൻറെ വിഖ്യാതവും പലപ്പോഴും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ സൃഷ്ടികളിലൂടെ കലയിൽ സാന്നിധ്യം, സമയം, മാനുഷിക ബന്ധങ്ങൾ എന്നിവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അവർ പുനർനിർവ്വചിച്ചു. ഇഇതിലൂടെ തലമുറകളെ സ്വാധീനിക്കുകയും, കലയിലെ തന്മയീഭാവത്തെയും അനുഭവവേദ്യമായ രീതികളെയും കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് രൂപം നൽകുകയും ചെയ്തു.

മറീന അബ്രാമോവിക് യൂറോപ്പിലും അമേരിക്കയിലുമാകെ വ്യാപകമായി അധ്യാപനവും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. ഹാംബർഗിലെ ഹോഖ്ഷുലെ ഫ്യൂർ ബിൽഡെൻഡെ കുൻസ്റ്റ്, പാരീസിലെ എക്കോൾ ദെ ബോ ആർട്ട്സ് എന്നിവിടങ്ങൾ ഉൾപ്പടെ നിരവധി പ്രമുഖ സ്ഥാപനങ്ങളിൽ അവർ അധ്യാപികയായി പ്രവർത്തിച്ചു. 1994-ൽ ബ്രൗൺഷൈ്വഗിലെ ഹോഖ്ഷുലെ ഫ്യൂർ ബിൽഡെൻഡെ കുൻസ്റ്റിൽ പെർഫോമൻസ് ആർട്ട് പ്രൊഫസറായ അവർ ഏഴ് വർഷത്തോളം അവിടെ പഠിപ്പിച്ചു. 2004-ൽ ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് അവർക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

സ്വയവും പൊതുജനങ്ങളെയും മാധ്യമമാക്കി 2014-ൽ ലണ്ടനിലെ സർപൻറൈൻ ഗാലറിയിൽ മൂന്ന് മാസത്തോളം നീണ്ടുനിന്ന ഒരു പെർഫോമൻസും അബ്രാമോവിക് അവതരിപ്പിച്ചു. ആ പ്രകടനത്തിൻറെ ദൈർഘ്യത്തെ സൂചിപ്പിക്കുന്ന '512 ഹവേഴ്സ്' എന്നായിരുന്നു ആ സൃഷ്ടിയുടെ പേര്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.