Sections

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Wednesday, Feb 11, 2026
Reported By Admin
Awareness Program on Women’s Safety During Night Travel

കോഴിക്കോട്: രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. സൈബർപാർക്കിലെ സഹ്യ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടന്നത്. കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കമ്മീഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രൻ, റിസർച്ച് ഓഫീസർ എ. ആർ. അർച്ചന, ഡയറക്ടർ ഷാജി സുഗുണൻ ഐ.പി.എസ്, സൈബർപാർക്ക് എച്ച്.ആർ & മാർക്കറ്റിംഗ് മാനേജർ അനുശ്രീ എം , കോഴിക്കോട് ജുവനൈൽ വിംഗ് എ.എസ്.ഐ രതീഷ് പറക്കോട് , കമ്മീഷൻ ലോ ഓഫീസർ ചന്ദ്രശോഭ കെ. തുടങ്ങിയവർ സംസാരിച്ചു.

രാത്രിയാത്രകളിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും പൊതുയിടങ്ങൾ സ്ത്രീകൾക്കായി സുരക്ഷിതമാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കുടുംബാംഗങ്ങളുമായി ലൈവ് ലൊക്കേഷൻ പങ്കുവെക്കാനും ഫോണിൽ ആവശ്യത്തിന് ചാർജ് ഉണ്ടെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കണം. പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് ഉചിതം. ടാക്സി ഉപയോഗിക്കുമ്പോൾ വാഹനം ലഭിക്കുന്ന മുറയ്ക്ക് അതിന്റെ നമ്പറും സാധ്യമെങ്കിൽ ഡ്രൈവറുടെ ഫോട്ടോയും ബന്ധുക്കൾക്ക് കൈമാറേണ്ടതാണ്. സുരക്ഷാ പ്രശ്നങ്ങൾ നേരിട്ടാൽ 112 എന്ന ഏകീകൃത നമ്പറിൽ ബന്ധപ്പെട്ടാൽ നാല് മിനിറ്റിനുള്ളിൽ സഹായമെത്തും. ട്രെയിൻ യാത്രക്കാർക്ക് 139 എന്ന നമ്പറിലൂടെ റെയിൽവേ പോലീസിന്റെ സഹായം തേടാം. വനിതാ സുരക്ഷയ്ക്കായി 181 (മിത്ര), 1091 (പിങ്ക് പോലീസ്) എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളും ഹൈവേ യാത്രക്കാർക്കായി 9747001099 എന്ന ശുഭയാത്ര നമ്പറും ലഭ്യമാണ്.

നിയമപരമായ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും പരിപാടിയിൽ വിശദീകരിച്ചു. അതിക്രമങ്ങൾ നടന്നാൽ പോലീസ് സ്റ്റേഷൻ പരിധി നോക്കാതെ തന്നെ 'സീറോ എഫ്.ഐ.ആർ' രജിസ്റ്റർ ചെയ്യാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. ജോലിസ്ഥലത്തെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട്, കുട്ടികളുടെ പരാതികൾക്കായി 9477900200 എന്ന 'ചിരി' ഹെൽപ്പ് ലൈൻ എന്നിവയെക്കുറിച്ചും അവബോധം നൽകി.

യാത്രയ്ക്കിടയിൽ താമസം ആവശ്യമായി വന്നാൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് സമീപം കേരള സർക്കാർ ഒരുക്കിയിട്ടുള്ള 'എന്റെ കൂട്' പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ മുറികൾ ലഭിക്കും. സ്ത്രീ സുരക്ഷ എന്നത് കേവലം വ്യക്തിപരമായ ജാഗ്രതയിൽ ഒതുങ്ങാതെ സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണമെന്ന് അഡ്വ. പി. സതീദേവി ചടങ്ങിൽ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.