Sections

ചെറുകിട വ്യാപാരികൾക്കും കർഷകർക്കും ബഹുമാനം നൽകുക

Friday, Oct 24, 2025
Reported By Soumya
Support Local Sellers – Value Their Hard Work

ഇന്ന് പലയിടങ്ങളിലും കാണുവാൻ സാധിക്കുന്ന ഒരു കാര്യമാണ് പലരും സ്വന്തം നാട്ടിലെ ചെറുകിട വ്യാപാരികളുടെ ഉത്പന്നങ്ങളുടെ വില കുറയ്ക്കാൻ ശ്രമിക്കുകയും, ബാർഗെയിനിങ് ചെയ്ത് സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നത്. പക്ഷേ ഇതേ ആളുകൾ തന്നെ വലിയ മാളുകളിലേക്കോ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിലേക്കോ പോയാൽ, അവിടെ പറയുന്ന വില കൊടുത്ത് സാധനങ്ങൾ വാങ്ങും. ഇതിൽ ഒരു വലിയ വൈരുദ്ധ്യമാണ് നമുക്ക് കാണാൻ കഴിയുന്നത്.

ചെറുകിട വ്യാപാരികളും കർഷകരും പലപ്പോഴും അവരുടെ പ്രയാസങ്ങളും സാമ്പത്തിക സമ്മർദ്ദങ്ങളും മറച്ചുവെച്ച്, നമുക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നവരാണ്. അവർ ദിവസവും കഠിനാധ്വാനം ചെയ്യുന്നത്, ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് - അതുവഴി അവരുടെ കുടുംബത്തിനും സമൂഹത്തിനും ഒരു സ്ഥിരത നൽകുവാനാണ് അവർ പ്രയത്നിക്കുന്നത്. അവർ പറയുന്ന വിലയ്ക്ക് സാധനം വാങ്ങുമ്പോൾ, അതിനർത്ഥം നമുക്ക് ലാഭമല്ല, മറിച്ച് അവരുടെ പരിശ്രമത്തിനും ആത്മാർത്ഥതയ്ക്കും നമ്മൾ വില കല്പിക്കുന്നു എന്നതാണ്.

മാളുകളിൽ പണം ചിലവഴിച്ച് ഫോട്ടോ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നൊരു ട്രെൻഡ് ഇന്ന് വളർന്നു വരുന്നു. എന്നാൽ നാട്ടിലെ ചെറിയ കച്ചവടക്കാരെ ചൂഷണം ചെയ്യുകയോ അവരുടെ ഉത്പന്നങ്ങളുടെ വിലയെ ചോദ്യം ചെയ്യുകയോ ചെയ്യുന്നത് ഒരു നല്ല സ്വഭാവമല്ല. അവർ നമ്മുടെ സമൂഹത്തിന്റെ അടിത്തറയാണ് - നാടിന്റെ സാമ്പത്തികത്തിന്റെ സ്പന്ദനമാണ്.

അതുകൊണ്ട്, അടുത്ത തവണ നിങ്ങൾ ഒരു കർഷകനെയോ ചെറുകിടകച്ചവടക്കാരനെയോ കാണുമ്പോൾ, അവരെ ബഹുമാനിക്കുക. ബാർഗെയിനിങ് ചെയ്യാതെ അവർ പറയുന്ന വില കൊടുത്ത് സാധനം വാങ്ങുക. അവർ വിൽക്കുന്നത് ഒരു ഉത്പന്നം മാത്രമല്ല - അവരുടെ പരിശ്രമം, ആത്മാർത്ഥത എന്നിവയും കൂടിയാണ്. അവരുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരികയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല പ്രവർത്തി. അതാണ് നമ്മുടെ നാടിന്റെ സാമ്പത്തികത്തെ ശക്തിപ്പെടുത്താനുള്ള ആദ്യ പടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.