Sections

ഉത്തരവാദിത്ത ടൂറിസം മേള ഫെബ്രുവരി 11 മുതൽ തിരുവനന്തപുരത്ത് അഞ്ചു ദിവസത്തെ ഫെസ്റ്റ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

Tuesday, Feb 10, 2026
Reported By Admin
Kerala Responsible Tourism Fair to Be Held in Thiruvananthapuram

തിരുവനന്തപുരം: ആഗോളതലത്തിൽ പ്രശംസ നേടിയ സുസ്ഥിര-അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന കേരള ഉത്തരവാദിത്ത ടൂറിസം മേള ഫെബ്രുവരി 11 മുതൽ 15 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കും. അഞ്ചു ദിവസത്തെ മേള ഫെബ്രുവരി 11 ന് വൈകുന്നേരം 3.30 ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ടൂറിസം വകുപ്പിൻറെ സഹകരണത്തോടെ കേരള റസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഉത്തരവാദിത്ത ടൂറിസം (ആർടി) യൂണിറ്റുകൾ, ആർടി സംരംഭകർ, പ്രവർത്തകർ, വ്യവസായ പങ്കാളികൾ തുടങ്ങിയവർ മേളയുടെ ഭാഗമാകും.

ഉദ്ഘാടന സമ്മേളനത്തിൽ വി.കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനാകും. എംപിമാരായ ശശി തരൂർ, എഎ റഹീം, മേയർ വി.വി രാജേഷ് എന്നിവർ മുഖ്യാതിഥികളാകും. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ചടങ്ങിന് സ്വാഗതവും ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ നന്ദിയും പറയും പറയും.

കെടിഐഎൽ ചെയർമാൻ എസ്കെ സജീഷ്, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, കൗൺസിലർ കെആർ ക്ലീറ്റസ്, കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം പ്രസിഡൻറ് എംആർ നാരായണൻ, ടൂറിസം ഉപദേശക സമിതി അംഗം ബേബി മാത്യു, യുഎൻ വിമൻ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. പീജ രാജൻ എന്നിവർ സംബന്ധിക്കും.

സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകൾ ഒരുക്കിയ ഉൽപ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും 120 പ്രദർശന വിപണന സ്റ്റാളുകൾ ഫെസ്റ്റിലുണ്ടാകും. കലാപരിപാടികൾ, സെമിനാറുകൾ, ബിസിനസ് സെഷനുകൾ, ഭക്ഷ്യമേള എന്നിവയും പരിപാടിയുടെ ഭാഗമാണ്.

വനിതകൾ നയിക്കുന്ന ആർടി യൂണിറ്റുകൾക്ക് മേളയിൽ പ്രാധാന്യം ഉണ്ടായിരിക്കുമെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ടൂറിസത്തെ സുസ്ഥിരവും സമഗ്രവുമായ പ്രവർത്തനമാക്കി താഴേത്തട്ടിലേക്ക് എത്തിക്കുകയും സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക പുരോഗതിയെന്ന ലക്ഷ്യവും മുൻനിർത്തിയുള്ളതാണ് ഈ ആർടി സംരംഭങ്ങളെന്നും അവർ വ്യക്തമാക്കി.

ആർടി യൂണിറ്റുകളുമായി ബന്ധപ്പെട്ട കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ പറഞ്ഞു. ഇത് നിരവധി ഗ്രാമങ്ങളുടെ കലാപാരമ്പര്യങ്ങൾ നിലനിർത്തുന്നതിനും ടൂറിസം പ്രോത്സാഹനത്തിൻറെ ഒരു പ്രധാന ഘടകമായി അവയെ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കലാപരിപാടികളിൽ ഫെബ്രുവരി 11 ന് വൈകുന്നേരം തിരുവാതിരക്കളി, ബാംബു ബാൻറ് അവതരണം എന്നിവയുണ്ടാകും. 14 ന് വൈകുന്നേരം 5.30 ന് 'ടൂറിസം മേഖലയും സ്ത്രീപക്ഷ വികസനവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളിലെ വ്യത്യസ്തങ്ങളായ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കുന്നതാണ് മേളയിലെ ഫുഡ് സ്റ്റാളുകൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.