Sections

കോഴിക്കോട് ഗവ. സൈബർപാർക്കിലെ പ്രവർത്തനം വിപുലീകരിച്ച് അയോകോഡ്

Tuesday, Feb 10, 2026
Reported By Admin
Ayocode Inaugurates Expanded Office at Kozhikode Cyberpark

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ അയോകോഡ്' വിപുലീകരിച്ച ഓഫീസ് ഗവ. സൈബർപാർക്കിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 'ഈസിഫൈ ആപ്പ്' ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആദം ഷ്വാർട്സ് ഉദ്ഘാടനം നിർവഹിച്ചു. 'മർച്ചന്റ് മാർക്കറ്റ് പ്ലേസ്'ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പോൾ ബോക്സർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

പുതിയ ഓഫീസ് കേവലം ബിസിനസ് വിപുലീകരണം മാത്രമല്ല, മറിച്ച് പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കാനുമുള്ള കമ്പനിയുടെ തീരുമാനത്തിന്റെ പ്രതിഫലനം കൂടിയാണ്. വൻകിട മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഐടി വ്യവസായ രീതികളിൽ നിന്ന് മാറി, രണ്ടാം നിര നഗരങ്ങളിൽ ആഗോള നിലവാരമുള്ള സാങ്കേതിക കേന്ദ്രങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് അയോകോഡ് ഈ നീക്കത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. മെട്രോ നഗരങ്ങളിലെ തിരക്ക് കാരണം ഐടി മേഖല മാറി ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ, കോഴിക്കോടിനെ പോലുള്ള നഗരങ്ങളിലേക്ക് ഉന്നത നിലവാരമുള്ള തൊഴിലവസരങ്ങൾ എത്തിക്കുന്നത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.

ഫിൻടെക് അധിഷ്ഠിത ഉൽപ്പന്നങ്ങൾ, അത്യാധുനിക സോഫ്റ്റ്വെയർ വികസനം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷനുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അയോ കോഡ് പ്രവർത്തിക്കുന്നത്. വളർന്നു വരുന്ന വിപണികളെ കൃത്യമായി മനസ്സിലാക്കിയും സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയുമുള്ള പ്രവർത്തന ശൈലിയാണ് കമ്പനിയുടേത്. വരും കാലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുകൾ, സാസ് ഉൽപ്പന്നങ്ങൾ, ഓട്ടോമേഷൻ ഫ്രെയിംവർക്കുകൾ തുടങ്ങിയ മേഖലകളിലാകും സൈബർപാർക്കിലെ ടീം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. കേവലം ഒരു തൊഴിലിടം എന്നതിലുപരി ഗവേഷണങ്ങൾക്കും നൂതനമായ ഉൽപ്പന്നങ്ങളുടെ വികസനത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ ഓഫീസ് ഒരുക്കിയിരിക്കുന്നത്.

ജോലി തേടി മെട്രോ നഗരങ്ങളിലേക്ക് കുടിയേറുന്ന രീതിയാണ് പൊതുവെ കണ്ടുവരുന്നതെന്ന് അയോകോഡ് സ്ഥാപകനും സി.ഇ.ഒ-യുമായ ഫാസിൽ കെ.കെ പറഞ്ഞു. ഈ രീതിക്ക് മാറ്റം വരുത്തി സ്വന്തം നാട്ടിൽ തന്നെ ആഗോള നിലവാരമുള്ള കരിയർ കെട്ടിപ്പടുക്കാനുള്ള അവസരം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കമ്പനിയുടെ പ്രവർത്തന അടിത്തറയും ജനകേന്ദ്രീകൃതമായ തൊഴിൽ സംസ്കാരവും പുതിയ ഓഫീസ് വഴി കൂടുതൽ ശക്തിപ്പെടുമെന്ന് ഡയറക്ടറും സി.ഒ.ഒ-യുമായ ഫസ്ന കെ.കെ കൂട്ടിച്ചേർത്തു.

കോഴിക്കോട് പ്രമുഖ ഐടി ഡെസ്റ്റിനേഷൻ ആയി മാറുന്നതിന്റെ വ്യക്തമായ തെളിവാണ് അയോ കോഡിന്റെ വിപുലീകരണമെന്ന് സൈബർപാർക്ക് അധികൃതർ അഭിപ്രായപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.