Sections

ആത്മവിശ്വാസം കൈമുതലാക്കി അഡ്മിനിസ്‌ട്രേഷന്‍ ജോലി ഉപേക്ഷിച്ച് സംരംഭകയായി മാറിയ രേണു 

Monday, Jan 31, 2022
Reported By Ambu Senan
Sakhivastra

ഇവളെ കൊണ്ട് ഇത് ശരിയാകുമോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിച്ചപ്പോഴും രേണുവിന് താന്‍ വിജയിക്കുമെന്ന് നല്ല ആത്മവിശ്വാസമായിരുന്നു

 

സര്‍വ്വകലാശാലയിലെ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗം രാജിവെച്ച് ഓണ്‍ലൈന്‍ ബൗട്ടിക് ബിസിനസിലേക്ക് ഇറങ്ങാന്‍ രേണു ഉണ്ണികൃഷ്ണന്‍ തീരുമാനിച്ചപ്പോള്‍ വീട്ടുകാര്‍ക്കും പരിചയക്കാര്‍ക്കുമെല്ലാം ആശങ്കയായിരുന്നു. ഇവളെ കൊണ്ട് ഇത് ശരിയാകുമോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിച്ചപ്പോഴും രേണുവിന് താന്‍ വിജയിക്കുമെന്ന് നല്ല ആത്മവിശ്വാസമായിരുന്നു. ആ ആത്മവിശ്വാസം കൈമുതലാക്കി രേണു 'സഖിവസ്ത്ര' എന്ന തന്റെ സംരംഭം ആരംഭിച്ചു. ആ കഥ രേണു ഉണ്ണികൃഷ്ണന്‍ ' ദി ലോക്കല്‍ ഇക്കോണമി'യുമായി പങ്കുവെയ്ക്കുന്നു.

1. സര്‍വ്വകലാശാലയിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് 'സഖിവസ്ത്ര' എങ്ങനെ ആരംഭിച്ചു?

പിറവത്തെ ചിന്മയ സര്‍വ്വകലാശായിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. ഇവിടെ ജോലി ചെയ്യുന്ന സമയം തന്നെ എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം എന്റെ അച്ഛന് ബിസിനസ് ആയിരുന്നു. ഡോര്‍ മാറ്റ് നിര്‍മ്മാണവും വിപണനവും അദ്ദേഹം ചെയ്തിരുന്നു. ഞങ്ങളുടെ അയലത്തുള്ളവരൊക്കെ രാവിലെ ജോലിക്ക് പോകുന്നു വൈകിട്ട് സമയത്ത് വരുന്നു. എന്നാല്‍ അച്ഛന് ബിസിനസ് ആയത് കൊണ്ട് കുറച്ചു കൂടി ഫ്‌ലെക്‌സിബിലിറ്റി ഉള്ളതായി തോന്നി. ചിലപ്പോള്‍ വളരെ റിലാക്‌സ്ഡ് ആയി വീട്ടില്‍ ഇരിക്കുന്നത് കാണും, ചിലപ്പോള്‍ ടെന്‍ഷന്‍ അടിച്ചു ഇരിക്കുന്നതും കാണാം. ബിസിനസില്‍ നിന്ന് കിട്ടുന്ന സുഖം വേറെയൊന്നിലും കിട്ടില്ലായെന്ന് അച്ഛന്‍ പറയാറുണ്ട്. അത് മനസിലുള്ളത് കൊണ്ട് എനിക്കും ബിസിനസ് ആരംഭിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ 'സഖിവസ്ത്ര' ആരംഭിക്കുന്നത്.  

                                                                                                 

  

2. ഈ മേഖലയില്‍ മുന്‍പരിചയമുണ്ടായിരുന്നോ?

എനിക്ക് ഫാഷന്‍ ഡിസൈനിങ്ങോ മറ്റോ ഒന്നുമറിയില്ല. പക്ഷെ ഡ്രെസ്സിനെ കുറിച്ച് അറിയാനും പഠിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. മാറി വരുന്ന ട്രെന്‍ഡുകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കൂടാതെ പല തരം ഡ്രെസുകള്‍ വാങ്ങാന്‍ എനിക്ക് ഇഷ്ട്മാണ്. അതുകൊണ്ട് ബിസിനസ് തുടങ്ങണമെന്ന് വിചാരിച്ചപ്പോള്‍ തന്നെ സ്ത്രീകള്‍ക്കുള്ള ഡ്രസ്സ് ബിസിനസ് ആണ് മനസില്‍ വന്നത്. അങ്ങനെ തുടങ്ങുന്നതിന് മുന്‍പായി ഈ ബിസിനസ് ചെയ്യുന്ന നിരവധിപ്പേരോട് കാര്യങ്ങള്‍ അന്വേഷിക്കുകയും ഒരു ചെറിയ മാര്‍ക്കറ്റ് സ്റ്റഡിയും നടത്തുകയും ചെയ്തിരുന്നു. പിന്നെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങളാണ് ഞാന്‍ ലക്ഷ്യം വെച്ചത്. അത്‌കൊണ്ട് ഒരു ഫ്രണ്ട്‌ലി ടച്ചിന് വേണ്ടിയാണ് 'സഖിവസ്ത്ര' എന്ന പേര് തെരെഞ്ഞെടുത്തത്. 2019ലാണ് തുടങ്ങിയതെങ്കിലും ജോലി ഉപേക്ഷിച്ച ശേഷമാണ് ഞാന്‍ സജീവമായി 'സഖിവസ്ത്ര' നോക്കാന്‍ തുടങ്ങിയത്. 

3. ഡ്രസ്സ് മെറ്റിരിയല്‍സ് ഒക്കെ എവിടുന്നാണ് ഇറക്കുന്നത്?

ബെംഗളൂരു, സൂറത്ത്, ജയ്പൂര്‍ തുടങ്ങിയ സ്ഥലത്ത് നിന്നാണ് ഞാന്‍ ഡ്രസ്സ് മെറ്റീരിയല്‍സ് മേടിക്കുന്നത്. ആദ്യം തുടങ്ങിയപ്പോള്‍ അവിടെയൊക്കെ പോയി എല്ലാം കണ്ട് മേടിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ആ സമയത്താണ് കോവിഡ് ഒരു വില്ലനായി കടന്നു വന്നത്. അപ്പോള്‍ പിന്നെ യാത്ര എന്നത് നടപടിയാവില്ല എന്ന് മനസിലായി. പക്ഷേ എന്റെ ഒരു കൂട്ടുകാരി ബെംഗളൂരുവിലുണ്ടായിരുന്നു. അവളുടെ അച്ഛന് ടെക്സ്റ്റൈല്‍സ് ബിസിനസ് ആയിരുന്നു. ഞാന്‍ നേരത്തെ മുതലേ ഇത് തുടങ്ങുന്ന കാര്യം അവളുമായി സംസാരിക്കുമായിരുന്നു. അപ്പോള്‍ ആ സമയം അവള്‍ സഹായിച്ചു. അവള്‍ അവിടുന്ന് ഡ്രസ്സ് പര്‍ചെസ് ചെയ്തു കൊടുത്തയയ്ച്ചു. കൂടാതെ അവള്‍ വഴിയാണ് സൂറത്തിലുള്ള ബന്ധങ്ങള്‍ ലഭിച്ചത്. 

                                           

4. നിലവില്‍ 'സഖിവസ്ത്രയില്‍' എന്തൊക്കെ ലഭ്യമാണ്? സോഷ്യല്‍ മീഡിയ വഴിയുള്ള വില്‍പ്പനയെ എങ്ങനെ നോക്കിക്കാണുന്നു?

നിലവില്‍ സാരി, ചുരിദാര്‍, മറ്റേര്‍ണിറ്റി ഡ്രെസ്സുകള്‍ എല്ലാം ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടിയും ഉടനെ ഒരു സെക്ഷന്‍ തുടങ്ങണം. ആദ്യമൊക്കെ വാട്‌സാപ് സ്റ്റാറ്റസ് ഒക്കെ കണ്ടാണ് പലരും ഡ്രസ്സ് മേടിച്ചിരുന്നത്. ആദ്യ കാലങ്ങളില്‍ എന്റെ കസ്റ്റമേഴ്സ് എന്റെ ബന്ധുക്കള്‍ തന്നെയായിരുന്നു. എന്റെയും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെ ഭാഗത്ത് നിന്ന് നല്ല പ്രോത്സാഹനം ലഭിച്ചു. പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ സജീവമായപ്പോള്‍ ആ വഴി ഓര്‍ഡറുകള്‍ വരാന്‍ തുടങ്ങി. ഇന്‍സ്റ്റാഗ്രാമില്‍ പല ഇന്‍ഫ്‌ലുവെന്‍സേഴ്‌സുമായി കൊളാബ് ചെയ്യുമ്പോള്‍ തരക്കേടില്ലാത്ത ഫലം ലഭിക്കാറുണ്ട്. പിന്നെ ഫോട്ടോഷൂട്ട്  നടത്തുമ്പോള്‍ ഞാന്‍ തന്നെയാണ് പ്രധാന മോഡല്‍ ആകുന്നത്. ആ വഴി ലാഭിക്കുന്ന തുക ഡ്രസ്സ് മേടിക്കാന്‍ ഉതകുമല്ലോ. പിന്നെ  എല്ലാവര്‍ക്കും മേടിക്കാന്‍ പാകത്തിലാണ് ഞാന്‍ ഡ്രെസ്സുകളുടെ വില ഇട്ടിരിക്കുന്നത്. വലിയ അളവില്‍ ലാഭം എടുക്കാതെ കൂടുതല്‍ നല്ല ഉപഭോക്താക്കളെ നേടുക എന്നതാണ് എന്റെ ലക്ഷ്യം. അത്‌കൊണ്ട് തന്നെ 699 രൂപ മുതല്‍ സഖിവസ്ത്രയില്‍ ഡ്രസ്സ് ലഭ്യമാണ്. 

 

                                                            

5. എന്താണ് ഭാവി പരിപാടി?

ഭാവിയില്‍ ഒരു ബൗട്ടിക് തുടങ്ങണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ അതിനുള്ള ഒരു ചെറിയ കോണ്‍ഫിഡന്‍സ് ഒക്കെയുണ്ട്. എന്റെ ഭര്‍ത്താവിന്റെ വീട് കടുത്തുരുത്തിയിലാണ്. അവിടെയൊരു ഷോപ്പ് തുടങ്ങണമെന്നാണ് ആഗ്രഹം. അവിടെ വെറൈറ്റി ഡ്രെസ്സുകള്‍ ലഭ്യമാക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ നേരത്തെ പറഞ്ഞത് പോലെ കുട്ടികള്‍ക്കുള്ള ഒരു സെക്ഷന്‍ കൂടി ഉടനെ തുടങ്ങണം.

6. വീട്ടുകാരുടെ പിന്തുണയും പ്രതികരണവുമൊക്കെ എങ്ങനെയായിരുന്നു?

ആദ്യ ഘട്ടത്തില്‍ ഇത് വിജയിക്കുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. നല്ലൊരു ജോലി കളഞ്ഞിട്ട് ഇതിലേക്ക് ഇറങ്ങിയപ്പോള്‍ എന്റെ അമ്മയ്ക്ക് ഭയങ്കര വിഷമമായിരുന്നു. ഭര്‍ത്താവ് എന്റെ തീരുമാനത്തിന് അനുകൂലമായിരുന്നു. പിന്നെ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. കൂടാതെ ഞങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഭാഗത്ത് നിന്ന് നല്ല പിന്തുണ ഇപ്പോഴും ലഭിക്കുന്നു.

7. സഖിവസ്ത്ര കൂടാതെ മറ്റെന്തൊക്കെയാണ് രേണുവിന്റെ പരിപാടികള്‍?

ഞാന്‍ മൂന്നാം ക്ലാസ് മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. പ്ലസ് ടൂ വരെ അത് തുടര്‍ന്നിരുന്നു. പിന്നെ ഉപരിപഠനവും കാര്യങ്ങളുമെല്ലാം വന്നപ്പോള്‍ അതിന് സമയകുറവ് നേരിട്ടു.പിന്നീട് കല്യാണമൊക്കെ കഴിഞ്ഞപ്പോള്‍ വീണ്ടും നൃത്തം പഠിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പാരിസ് ലക്ഷ്മിയുടെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. ഞാന്‍ സമ്മാനിച്ച സാരി ഉടുത്ത് ആ ഫോട്ടോകള്‍ പാരിസ് ലക്ഷ്മി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ് ആ നിമിഷം തോന്നിയത്.

        

8. രേണുവിന്റെ വീട്, കുടുംബം?

എന്റെ സ്വന്തം വീട് കോട്ടയത്തെ കുമാരനല്ലൂര്‍ എന്ന സ്ഥലത്താണ്. അച്ഛന്‍ ഉണ്ണികൃഷ്ണന്‍, അമ്മ ഉഷ. എനിക്കൊരു ചേച്ചിയുണ്ട്, കാര്‍ത്തിക. എന്റെ ഭര്‍ത്താവ് വിപിന്‍ അക്കൗണ്ടന്റാണ്. അദ്ദേഹത്തിന്റെ വീട് കടുത്തുരുത്തിയിലാണ്. ഞങ്ങള്‍ക്ക് ഒരു മകളാണ് ദിയ. അവള്‍ ഇപ്പോള്‍ കിന്റര്‍ ഗാര്‍ഡണില്‍ പഠിക്കുന്നു.

                                                                                                        
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.