- Trending Now:
കേന്ദ്ര ഗവണ്മെന്റ്, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം അടിയന്തരമായി കുറച്ചു. അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണവിലയിൽ അതിദ്രുതമുണ്ടായ ഗണ്യമായ വർധനയെത്തുടർന്നാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ എണ്ണവില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് ഏകദേശം 122 യുഎസ് ഡോളറായി ഉയർന്നു. പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷവും അനുബന്ധമായി ആഗോള ഊർജ്ജ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും കാരണം നാല് ആഴ്ചയ്ക്കുള്ളിൽ എണ്ണവിലയിൽ ഏകദേശം 75 ശതമാനം വർദ്ധനയാണുണ്ടായത്
എന്നാൽ പമ്പുകളിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പന വിലയിൽ മാറ്റമുണ്ടാകില്ല. എക്സൈസ് തീരുവയിലെ കുറവ് പമ്പിലെ വിലക്കുറവിന് കാരണമാകുന്നില്ല . പകരം, നേരിടുന്ന ചെലവിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ഇന്ധനം വിതരണം ചെയ്യുന്ന ഇന്ത്യൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ - എന്നിവയുടെ നഷ്ടം( under recovery) ഇതിലൂടെ നേരിട്ട് ഗവണ്മെന്റ് കുറയ്ക്കുന്നു. നിലവിലെ അന്താരാഷ്ട്ര അസംസ്കൃത എണ്ണ വിലപ്രകാരം , പെട്രോളിന് ലിറ്ററിന് ഏകദേശം 26 രൂപയും ഡീസലിന് ലിറ്ററിന് 81.90 രൂപയുമാണ് ഒഎംസികൾ നേരിടുന്ന നഷ്ടം . ഒഎംസികൾ നേരിടുന്ന മൊത്തം ദൈനംദിന നഷ്ടം ഏകദേശം 2,400 കോടി രൂപയാണ്. എക്സൈസ് തീരുവയിൽ വരുത്തിയ കുറവ്, ഇതിൽ ലിറ്ററിന് 10 രൂപ വീതം കുറയ്ക്കുന്നു. ഇത് ഒഎംസികൾക്ക് തടസ്സമില്ലാതെ ഇന്ധന വിതരണം തുടരാനും ചില്ലറ വിൽപ്പന വില മാറ്റമില്ലാതെ നിലനിർത്താനും കഴിയുമെന്ന് ഉറപ്പാക്കുന്നു.
ആഗോള ഇന്ധന വിപണികളുമായുള്ള വില വ്യത്യാസം മനസിലാക്കേണ്ടതുണ്ട് . നിലവിലെ പ്രതിസന്ധി ആരംഭിച്ചതിനുശേഷം ദക്ഷിണ, ദക്ഷിണ-പൂർവ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ധന വില 30 മുതൽ 50 ശതമാനം വരെയും, വടക്കേ അമേരിക്കയിൽ 30 ശതമാനവും, യൂറോപ്പിൽ 20 ശതമാനവും വർദ്ധിച്ചു. ഇന്ത്യ, സ്ഥിരതയുള്ള നിലപാട് സ്വീകരിച്ചു. അത് മൂലമുണ്ടായ അധിക സാമ്പത്തിക ചെലവ് വഹിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു.
ഗവൺമെന്റ് ഒരേസമയം, എക്സൈസ് തീരുവ കുറയ്ക്കലിനൊപ്പം, ഡീസലിന് കയറ്റുമതി ലെവിയും ഏർപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഡീസൽ വില കുത്തനെ ഉയരുന്ന സമയത്ത്, കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതിനും റിഫൈനറി ഉൽപ്പാദനത്തിൽ പ്രഥമ പരിഗണന ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായിരിക്കുമെന്നും ഉറപ്പാക്കുന്നതിനാണ് ലെവി ഏർപ്പെടുത്തിയത്.നിലവിലെ ആഗോള വില, വാണിജ്യപരമായി ആകർഷകമാണെങ്കിലും കയറ്റുമതിയെക്കാൾ ഇന്ത്യൻ പമ്പുകൾക്ക് പൂർണ്ണമായും വിതരണം ചെയ്യുന്നതിന് മുൻഗണന നൽകുന്നു .
2022 ലെ റഷ്യ-ഉക്രെയ്ൻ സംഘർഷത്തിനുശേഷം സ്വീകരിച്ച സമീപനവുമായി ഈ തീരുമാനം പൊരുത്തപ്പെടുന്നു. എണ്ണ വിപണന കമ്പനികൾ തുടർച്ചയായ നഷ്ടങ്ങൾ നേരിട്ടപ്പോൾ ആഗോള വിലയിലെ ചാഞ്ചാട്ടത്തിൽ നിന്ന് ഗാർഹിക, ബിസിനസ് ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഗവണ്മെന്റ് അന്ന് കേന്ദ്ര നികുതികൾ കുറച്ചിരുന്നു . ഇന്നത്തെ ഇടപെടലിനെ നിയന്ത്രിക്കുന്നതും ഇതേ തത്വമാണ്: ഇന്ത്യയിലെ പൗരന്മാരും വ്യവസായങ്ങളും ഭാഗമല്ലാത്ത പ്രതിസന്ധികൾ മൂലമുണ്ടാകുന്ന ചെലവ് അവർ വഹിക്കേണ്ടി വരരുത്. വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ഊർജ്ജ സാഹചര്യം ഗവണ്മെന്റ് തുടർന്നും നിരീക്ഷിക്കുകയും ഇന്ത്യൻ ഉപഭോക്താക്കൾക്ക് വിതരണ സ്ഥിരതയും വില സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.