- Trending Now:
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗവും സ്വർണ്ണ വായ്പാ ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ച് വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്കായി സെബിക്ക് ഡിആർഎച്ച്പി സമർപ്പിച്ചു.
പാരമ്പര്യ ബിസിനസ്സിന്റെ ഭാഗമായി 1939- ൽ സ്വർണ്ണ വായ്പാ ബിസിനസ്സ് ആരംഭിച്ച് 86 വർഷത്തിലധികമായി ഈ രംഗത്തുള്ള കമ്പനി 3,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്രിസിൽ റിപ്പോർട്ട് പ്രകാരം രാജ്യത്ത് സമാന ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ സ്വർണ്ണപ്പണയ ആസ്തിയിൽ ഏറ്റവും വേഗത്തിൽ വളർച്ച നേടുന്നത് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡാണ്. 2024 മാർച്ച് 31 മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ കമ്പനിയുടെ സ്വർണ്ണപ്പണയ ആസ്തി 59.04 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചതായാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
എൻബിഎഫ്സി മേഖലയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സ്ഥാപനം പുതിയ ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന തുക പ്രധാനമായും ഡിജിറ്റൽ പ്ലാറ്റ്ഫോമും വൈവിധ്യമാർന്ന വായ്പാ പോർട്ട്ഫോളിയോയും ഉൾപ്പെടെയുള്ള ബിസിനസിന്റെ വളർച്ചയ്ക്കായുള്ള മൂലധന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാന ബിസിനസ്സായ സ്വർണ്ണ വായ്പാ സേവനങ്ങളെ അടിസ്ഥാനമാക്കി ക്രമേണ വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച കമ്പനി സ്വർണ്ണ വായ്പകൾക്ക് പുറമെ ബിസിനസ്സ്, വ്യക്തിഗത വായ്പാ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി സേവനശൃംഖല വിപുലീകരിച്ചിട്ടുണ്ട്. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'മുത്തൂറ്റ് ഫിൻകോർപ്പ് വൺ' ഈ വിപുലീകരണത്തിന് കരുത്തേകി.
2026 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ ആസ്തി 734,447.19 ദശലക്ഷം രൂപയായി ഉയർന്നു. രാജ്യത്തുടനീളമായി 5,610 ശാഖകളുള്ള കമ്പനിക്ക് നിലവിൽ 4.26 ദശലക്ഷം വരുന്ന ഡിജിറ്റൽ ഉപഭോക്താക്കളുമുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 8.22 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് കമ്പനി സേവനം നൽകിയത്. നിലവിൽ വായ്പാ അക്കൗണ്ടുകളുള്ള 2.85 ദശലക്ഷത്തിലധികം സജീവ ഉപഭോക്താക്കളാണ് മുത്തൂറ്റ് ഫിൻകോർപ്പിനുള്ളത്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം പുതിയതായി കൂട്ടിച്ചേർത്ത 1.73 ദശലക്ഷം വായ്പാ ഉപഭോക്താക്കളും ഇതിൽ ഉൾപ്പെടുന്നു.
2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയോജിത പ്രവർത്തന വരുമാനം 11,203.81 കോടി രൂപയായി വർദ്ധിച്ചു. മുൻ സാമ്പത്തിക വർഷം ഇത് 8,497.69 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിലെ 607.90 കോടി രൂപയിൽ നിന്നും 2026-ൽ സംയോജിത ലാഭം 1,847.62 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ലാഭക്ഷമതയിലുണ്ടായ ഗണ്യമായ വർദ്ധനവാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.