- Trending Now:
തിരുവനന്തപുരം: മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയ്ക്കെതിരെ എഫ് ഡിഎ അംഗീകൃത കാൻസർ മരുന്നായ സോറാഫെനിബ് ഉപയോഗിക്കാമെന്ന് ബ്രിക്-രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ (ബ്രിക്-ആർജിസിബി) ശാസ്ത്രജ്ഞർ കണ്ടെത്തി.
പ്രതിവർഷം പത്തുലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്ന ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകൾക്കെതിരെ ഫലപ്രദമായ ചികിത്സയ്ക്ക് തുടക്കമിടാൻ ഈ സുപ്രധാന കണ്ടെത്തൽ വഴിയൊരുക്കും.
ബാക്ടീരിയ കാരണമുണ്ടാകുന്ന ന്യൂമോണിയയ്ക്കും ആൻറിമൈക്രോബിയൽ റെസിസ്റ്റൻസിനും (എഎംആർ)പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ. സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയയിലുള്ള ഒരു പ്രധാന റെഗുലേറ്ററി പ്രോട്ടീനെ നിർവീര്യമാക്കാൻ സോറാഫെനിബിന് സാധിക്കുമെന്ന് പഠനത്തിലൂടെ കണ്ടെത്തി. നിലവിലുള്ള മരുന്നുകൾ പുനരുപയോഗിച്ച് പുതിയ ആൻറിമൈക്രോബിയലുകൾ കണ്ടെത്തുന്നത് എങ്ങനെ വേഗത്തിലാക്കാം എന്ന് പഠനം തെളിയിക്കുന്നു.
ബ്രിക്-ആർജിസിബി യിലെ ശാസ്ത്രജ്ഞനായ ഡോ. കാർത്തിക് സുബ്രഹ്മണ്യൻറെ നേതൃത്വത്തിൽ സീനിയർ റിസർച്ച് ഫെലോ ജോയൽ എബ്രഹാമും സംഘവുമാണ് പഠനം നടത്തിയത്. അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ പ്രശസ്തമായ എംബയോ ജേണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) ശാസ്ത്രജ്ഞരുമായും വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ (സിഎംസി) ക്ലിനീഷ്യനുകളുമായും സഹകരിച്ചായിരുന്നു പഠനം.
ശ്വാസകോശ രോഗാണുക്കളെ ചെറുക്കുന്നതിന് ആൻറിബയോട്ടിക്കുകളെ മാത്രം ആശ്രയിക്കാതെ, ബാക്ടീരിയൽ എൻസൈമുകളെ ലക്ഷ്യമിട്ടുള്ള അടുത്ത തലമുറ ആൻറിമൈക്രോബിയൽ ചികിത്സകൾ വേഗത്തിലാക്കാൻ ഈ കണ്ടെത്തലുകൾ സഹായകമാകും.
ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്നാണ് ആൻറിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അപകടകരമായ അണുബാധകൾക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും പുതിയ ചികിത്സകൾ കണ്ടെത്താൻ നിലവിലുള്ള മരുന്നുകളെ പുനരുപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നും പഠനം പറയുന്നു.
കോശവിഭജനം, കോശഭിത്തി നിർമ്മാണം, രോഗമുണ്ടാക്കാനുള്ള ശേഷി എന്നിവയെ നിയന്ത്രിക്കുന്ന ബാക്ടീരിയൽ പ്രോട്ടീനായ എസ് ടികെപിയെ സോറാഫെനിബ് പ്രവർത്തനരഹിതമാക്കുന്നതായി ഗവേഷണ സംഘം കണ്ടെത്തി. നൂതന കമ്പ്യൂട്ടേഷണൽ മോഡലിംഗ്, ബയോകെമിക്കൽ വിശകലനങ്ങൾ, അണുബാധകളെക്കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് ഗവേഷണം നടത്തിയത്. ഈ മരുന്ന് വിവിധതരം ന്യൂമോകോക്കൽ ബാക്ടീരിയകളുടെ വളർച്ചയെ ഫലപ്രദമായി തടയുന്നുവെന്നും ഗവേഷകർ കണ്ടെത്തി.
പെൻസിലിൻ, എറിത്രോമൈസിൻ പോലുള്ള പ്രധാന ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ന്യൂമോണിയ ബാക്ടീരിയകൾക്കെതിരെയും ഇത് വളരെ ഫലപ്രദമായി പ്രവർത്തിച്ചു.
ബാക്ടീരിയകളുടെ നിർണായക സിഗ്നലിംഗ് സംവിധാനങ്ങളെ ലക്ഷ്യമിടുന്നതിലൂടെ അവയുടെ നിലവിലുള്ള പ്രതിരോധ സംവിധാനത്തെ മറികടക്കാൻ സാധിക്കുമെന്ന് കണ്ടെത്തലുകൾ വ്യക്തമാക്കുന്നതായി ഡോ. കാർത്തിക് സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.
ന്യൂമോണിയയ്ക്ക് കാരണമാകുന്ന രോഗകാരിയുടെ കോശങ്ങളിലെ പ്രധാന നിയന്ത്രണ സംവിധാനങ്ങൾ വളരെ ദുർബലമാണ്. നിർദ്ദിഷ്ട പ്രോട്ടീൻ ഘടനയുമായി ബന്ധിപ്പിക്കുന്നതിലൂടെ മരുന്ന് ബാക്ടീരിയകളുടെ അതിജീവന പ്രക്രിയകളെ തടസ്സപ്പെടുത്തുകയും അവയുടെ പ്രതിരോധശേഷി ഇല്ലാതാക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക കാലത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്നായ ആൻറിമൈക്രോബിയൽ പ്രതിരോധത്തിന് നൂതന പരിഹാരങ്ങൾ അത്യാവശ്യമാണെന്ന് ബ്രിക്-ആർജിസിബി ഡയറക്ടർ ഡോ. ബീന പിള്ള പറഞ്ഞു. ഒന്നിലധികം രോഗകാരികൾക്കെതിരെ ഫലപ്രദമായ ചികിത്സകൾ വേഗത്തിൽ വികസിപ്പിക്കുന്നതിന് നിലവിലുള്ള മരുന്നുകൾ പുനരുപയോഗിക്കുന്നതിനുള്ള സാധ്യത ഈ പഠനം കാണിച്ചു തരുന്നു. ആഗോള ആരോഗ്യ വെല്ലുവിളികളെ പരിഹരിക്കുന്നതിനായി അത്യാധുനിക ശാസ്ത്ര ഗവേഷണങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാനുള്ള ബ്രിക്- ആർജിസിബി യുടെ പ്രതിബദ്ധത ഇതിലൂടെ വ്യക്തമാകുന്നതായും അവർ കൂട്ടിച്ചേർത്തു.
രോഗകാരിയുടെ കോശഭിത്തിയിൽ സോറാഫെനിബ് ഉണ്ടാക്കുന്ന കേടുപാടുകൾ ശ്വാസകോശങ്ങളെ ആക്രമിക്കാനുള്ള അവയുടെ കഴിവ് കുറയ്ക്കാൻ കാരണമാകുന്നുവെന്നും ഗവേഷകർ കണ്ടെത്തി. പുതിയ തരം ആൻറിബയോട്ടിക്ക് മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള പരമ്പരാഗത രീതിയെയും പഠനത്തിലെ കണ്ടെത്തലുകൾ വെല്ലുവിളിക്കുന്നു. സാധാരണയായി പത്തുവർഷത്തിലധികം സമയമെടുക്കുന്ന പ്രക്രിയയാണിത്.
സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ ബാക്ടീരിയകൾ സോറാഫെനിബ് മരുന്നിനെതിരെ ആൻറിമൈക്രോബിയൽ റെസിസ്റ്റൻസ് കൈവരിക്കാനുള്ള സാധ്യത വളരെക്കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ഇത് ക്ലിനിക്കൽ ഉപയോഗത്തിന് ഇതിനെ അനുയോജ്യമാക്കി മാറ്റുന്നു.
ന്യൂമോകോക്കൽ ന്യൂമോണിയ ബാധിച്ച മൃഗങ്ങളിലെ പരീക്ഷണങ്ങളിൽ മനുഷ്യർക്ക് സാധാരണ നല്കുന്ന ഡോസിൻറെ പത്തിലൊന്ന് അളവിലാണ് നല്കിയത്. രോഗവളർച്ച ഗണ്യമായി കുറഞ്ഞതിനൊപ്പം ശ്വാസകോശത്തിലെ ബാക്ടീരിയകളുടെ അളവ് കുറയുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.