- Trending Now:
കൊച്ചി: ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തേക്കാളും ഇഎംഐ ബാധ്യതകളേക്കാളും ഇന്ന് കോർപ്പറേറ്റ് ജീവനക്കാരെ അലട്ടുന്ന പ്രധാന സാമ്പത്തിക ആശങ്ക കുതിച്ചുയരുന്ന ചികിത്സാച്ചെലവുകളാണെന്ന് ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ട്. 'ദി കോർപ്പറേറ്റ് ഹെൽത്ത് പ്രൊട്ടക്ഷൻ പൾസ് 2026' എന്ന പേരിൽ പുറത്തിറക്കിയ ഈ പഠനത്തിലാണ് സുപ്രധാന വിവരങ്ങളുള്ളത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യസഹായ ചെലവുകൾ തങ്ങൾക്ക് കടുത്ത സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്ന് സർവേയിൽ പങ്കെടുത്ത 94 ശതമാനം പേരും അഭിപ്രായപ്പെട്ടു. തൊഴിൽ നഷ്ടപ്പെടുന്നതിനേക്കാളും കരിയറിലെ തിരിച്ചടികളേക്കാളും വലിയ ആശങ്കയായി മാറുകയാണ് ചികിത്സാച്ചെലവുകളെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
ഇന്ത്യയിലെ തൊഴിലാളികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതകളിലേക്കും പഠനം വിരൽചൂണ്ടുന്നുണ്ട്. ജോലി നഷ്ടപ്പെടുന്ന ഒരു സാഹചര്യമുണ്ടായാൽ പരമാവധി ആറുമാസമോ അതിൽ താഴെയോ കാലയളവ് വരെ പിടിച്ചുനിൽക്കാൻ മാത്രമേ തങ്ങൾക്ക് സാധിക്കൂ എന്ന് പ്രതികരിച്ചവരിൽ പത്തിൽ ഏഴുപേരും പറയുന്നു. ജോലിയില്ലാതെ ഒരു വർഷത്തിലധികം സാമ്പത്തികമായി പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നത് 12 ശതമാനം ആളുകൾ മാത്രമാണ്. ആശുപത്രി ചെലവുകൾ, ജീവിതശൈലീ രോഗങ്ങൾ, കുടുംബത്തിനായുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, മാനസികാരോഗ്യം, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സമ്പാദ്യത്തിൻറെ അഭാവം എന്നിവയാണ് കോർപ്പറേറ്റ് ജീവനക്കാരുടെ പ്രധാനപ്പെട്ട അഞ്ച് ആരോഗ്യ-സാമ്പത്തിക ആശങ്കകൾ.
തൊഴിലുടമകൾ നൽകുന്ന ഗ്രൂപ്പ് മെഡിക്കൽ കവറിന് പുറമെ സ്വന്തമായി വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് 84 ശതമാനം പേർ കരുതുന്നുണ്ട്. എന്നാൽ ഇവരിൽ പകുതിയോളം പേർക്കും കമ്പനി നൽകുന്ന കവറേജിന് അപ്പുറം മറ്റൊരു ഇൻഷുറൻസുമില്ല എന്നതാണ് യാഥാർഥ്യം. അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ തൊഴിലുടമ നൽകുന്ന ഇൻഷുറൻസ് മാത്രം മതിയാകില്ലെന്ന് 75 ശതമാനം പേരും സമ്മതിക്കുന്നു. എന്നിട്ടും, സ്വന്തമായി ഒരു പോളിസി എടുക്കുന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയും 'പിന്നെ വാങ്ങാം' എന്ന മനോഭാവവുമാണ് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. കൂടാതെ, കമ്പനി നൽകുന്ന മെഡിക്കൽ കവറിൻറെ സവിശേഷതകളെയും ആനുകൂല്യങ്ങളെയും കുറിച്ച് പൂർണ്ണമായ അറിവുള്ളവർ വെറും 41 ശതമാനം മാത്രമാണെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ ഇൻഷുറൻസ് പരിരക്ഷ, വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ, പരിരക്ഷയുടെ തുടർച്ച എന്നിവയുണ്ടെങ്കിൽ മാത്രമേ ആരോഗ്യ ഇൻഷുറൻസ് പൂർണ്ണമാകുകയുള്ളൂ എന്ന് ഈ പഠന വിവരങ്ങൾ അടിവരയിടുന്നു.
തൊഴിലുടമകൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസിനെ കോർപ്പറേറ്റ് ജീവനക്കാർ എങ്ങനെ വിലയിരുത്തുന്നുവെന്ന് മനസിലാക്കാനും, ഇക്കാര്യത്തിലുള്ള അവബോധത്തിൻറെയും മുന്നൊരുക്കങ്ങളുടെയും വിടവുകൾ കണ്ടെത്താനുമാണ് ഈ പഠനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ടാറ്റ എഐജി ജനറൽ ഇൻഷുറൻസിൻറെ റീട്ടെയിൽ ഹെൽത്ത് അണ്ടർറൈറ്റിംഗ് മേധാവി ഡോ. സന്തോഷ് പുരി പറഞ്ഞു. ജീവനക്കാരുടെ ക്ഷേമത്തിൽ ഗ്രൂപ്പ് മെഡിക്കൽ കവർ ഒരു പ്രധാന ഘടകമാണെങ്കിലും, അത്യാഹിതങ്ങളിലോ തൊഴിൽ മാറുന്ന സമയത്തോ ഈ കവറേജ് മതിയാകുമോ എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും ഉറപ്പില്ല. ജീവനക്കാരെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഈ പഠനം സഹായിക്കുമെന്നും സാമ്പത്തിക ഭദ്രതയുള്ള ഒരു തൊഴിൽസമൂഹം പടുത്തുയർത്താൻ തൊഴിലുടമകളും ഇൻഷുറൻസ് കമ്പനികളും നയരൂപീകരണ വിദഗ്ധരും ഒത്തുചേരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.