- Trending Now:
കൊച്ചി: സർഗാത്മകതയുടെ ഭാവി തന്നെ നിർമ്മിത ബുദ്ധിയെ(എഐ) ആശ്രയിച്ചാണെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ കൊച്ചിയിൽ സംഘടിപ്പിച്ച ബിയോണ്ട ടുമോറോ സമ്മേളനം വിലയിരുത്തി. സർഗ്ഗാത്മകതയെ സഹായിക്കാനുള്ള ഉപകരണമാക്കി നിർമ്മിതബുദ്ധിയെ ഉപയോഗിച്ചാൽ മാത്രമേ മാറുന്ന കാലത്തിനനുസരിച്ച് മുന്നേറാൻ സാധിക്കുകയുള്ളൂവെന്ന് സമ്മേളനത്തിൽ പങ്കെടുത്ത ആഗോള വിദഗ്ധർ അഭിപ്രായപ്പെട്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മാധ്യമ മേഖലയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ സാധ്യതകളാണ് സെമിനാർ ചർച്ച ചെയ്തത്. കൊച്ചിയിലെ കെഎസ് യുഎം ഡിജിറ്റൽ ഹബ്ബിൽ നടന്ന പരിപാടിയിൽ ക്രിയേറ്റീവ് വ്യവസായം, സിനിമ, പബ്ലിഷിംഗ്, ആർട്ട് എന്നീ മേഖലകളിൽ നിർമിതബുദ്ധി വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ചകൾ നടന്നു.
സർഗാത്മകത എന്ന ആശയത്തിന് പകരം വയ്ക്കാൻ എഐയ്ക്ക് സാധിക്കില്ലെന്ന് ഉദ്ഘാടന സമ്മേളനത്തിൽ ഫിക്കി ടൂറിസം ആൻഡ് കൾച്ചർ കമ്മിറ്റി കോ-ചെയർ സഞ്ജോയ് റോയ് ചൂണ്ടിക്കാട്ടി. യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും എഐ നൽകുന്ന വെല്ലുവിളികളെ മറികടക്കുന്നതിനും സർഗ്ഗാത്മകത അത്യാവശ്യമാണ്. അക്കൗണ്ടന്റ്, വക്കീൽ തുടങ്ങിയ പരമ്പരാഗത ജോലികൾ എഐ ഏറ്റെടുത്തേക്കാനുള്ള സാധ്യത കൂടുതലാണ്.
വിദ്യാഭ്യാസ സമ്പ്രദായം വെറും കാണാപ്പാഠം പഠിക്കുന്ന രീതിയിൽ നിന്ന് മാറി, ചോദ്യങ്ങൾ ചോദിക്കാനും, സർഗ്ഗാത്മകമായി ചിന്തിക്കാനും കുട്ടികളെ പ്രാപ്തരാക്കണം. ചോദ്യങ്ങൾ ചോദിച്ചാൽ മാത്രമേ പ്രക്രിയകളിലെ പോരായ്മകൾ കണ്ടുപിടിക്കാനും, അതുവഴി നൂതനത്വം കൊണ്ടുവരാനും സാധിക്കൂ. നിലവിൽ നയരൂപീകരണത്തെക്കാൾ പ്രധാനം ആസൂത്രണവും നടപ്പിലാക്കലുമാണ്. എഐയും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ഭരണനിർവഹണ നടപടികൾ ലളിതമാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐ നിർമ്മിത ഉള്ളടക്കത്തിന്റെ മാസ്മരികത ഉടൻ തന്നെ കാഴ്ചക്കാരന് വിരസമുണ്ടാക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം ഐഎഎസ് പറഞ്ഞു. എഐ നിർമ്മിത ഉള്ളടക്കത്തേക്കാൾ മനുഷ്യർ നിർമ്മിക്കുന്ന തനത് ഉള്ളടക്കങ്ങൾക്ക് ഉയർന്ന മൂല്യം ഈടാക്കാവുന്ന കാലം തിരികെ വരും. സർഗശേഷിയുള്ളവർക്ക് 'പിയർ ലേണിംഗ് ഹബ്ബ്' ആരംഭിക്കാൻ കെഎസ് യുഎം മുൻകയ്യെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സിഒഒ ടോം തോമസ്, ഇഇഎംഎ സെക്രട്ടറി ഹരീഷ് ബാബുടിഎഒഎസ് സ്ഥാപകയും കെഎസ് യുഎം സീനിയർ ഫെല്ലോയുമായ ഡോ. താന്യ എബ്രഹാം തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
പ്രമുഖ നടനും സിനിമാപ്രവർത്തകനുമായ രവീന്ദ്രൻ എഐയുടെ സർഗ്ഗാത്മക സാധ്യതകളെക്കുറിച്ച് അവതരണം നടത്തി. ക്രിസിൽ ഇന്റലിജൻസ് അർബൻ ഇൻഫ്രാസ്ട്രക്ചർ ആൻഡ് പബ്ലിക് ഫിനാൻസ് പ്രാക്ടീസ് ലീഡർ സൂരജ് അയ്യങ്കാറും പ്രത്യേക അവതരണം നടത്തി. ക്രിയേറ്റീവ് വ്യവസായങ്ങളും എഐയും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സഞ്ജോയ് റോയ്, ഇന്ത്യൻ സിനിമാ ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപക ട്രസ്റ്റി ആശ ബത്ര, മുസിരിസ് കണ്ടംപററി സ്ഥാപകനും ഗാലറി ഡയറക്ടറുമായ ജോ സിറിൽ എന്നിവർ പങ്കെടുത്തു. ആർട്ട് ലിങ്ക്സ് ലേണിംഗ് സഹസ്ഥാപകയും ഫിക്കി ടൂറിസം ആൻഡ് കൾച്ചർ കമ്മിറ്റി അംഗവുമായ സാധന റാവു ചർച്ച മോഡറേറ്റ് ചെയ്തു.
സിനിമയും എഐയും എന്ന വിഷയത്തിൽ ഫിലിം ക്രിട്ടിക്കും ഡോക്യുമെന്ററി ഫിലിം മേക്കറുമായ ഡോ. സി. എസ്. വെങ്കിടേശ്വരൻ, ഫിനോമിനൽ എഐ സഹസ്ഥാപകനും ഇന്ത്യ എഐ ഫിലിം അവാർഡ്സ് ഫെസ്റ്റിവൽ ഡയറക്ടറുമായ ഫിറോസ് മർച്ചന്റ്, നിയോലീഗൽ അസോസിയേറ്റ്സ് സ്ഥാപകനും ഐപി അഭിഭാഷകനുമായ ക്സെർക്സസ് റാനിയ, എസ്സാർ ഗ്രൂപ്പ് എസ്വിപിയും അവിഡ് ലേണിംഗ് സിഇഒയും മുംബൈ റോയൽ ഓപ്പറ ഹൗസ് ക്യൂറേറ്ററും ഫിക്കി ടൂറിസം ആൻഡ് കൾച്ചർ കമ്മിറ്റി അംഗവുമായ അസദ് ലാൽജി എന്നിവർ സംസാരിച്ചു.
എഐയുടെ കാലത്തെ പബ്ലിഷിംഗും കലയും എന്ന വിഷയത്തിൽ മലയാളി മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാത്യു, വിഷ്വൽ ആർട്ടിസ്റ്റും കേരള ലളിതകലാ അക്കാദമി ചെയർപേഴ്സണുമായ മുരളി ചീരോത്ത്, മാതൃഭൂമി ഡയറക്ടർ - ഓപ്പറേഷൻസ് ദേവിക എം എസ്, ഡാക്കറ്റ് എഐയിലെ എഐ വിദഗ്ദ്ധൻ സ്ലീബ പോൾ എന്നിവർ ആശയങ്ങൾ പങ്കുവെച്ചു. ഡോ. താന്യ എബ്രഹാം മോഡറേറ്റായി.
സെമിനാറിനു ശേഷം സർഗാത്മക സാമ്പത്തിക മേഖലയിലെ വിവിധ പങ്കാളികൾ ഉൾപ്പെടുന്ന ബിസിനസ് റൗണ്ട് ടേബിളും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.