Sections

സ്റ്റോറി ടെല്ലിംഗ് ബിസിനസ് വളർച്ചയുടെ താക്കോൽ

Thursday, Feb 12, 2026
Reported By Soumya S
Why Storytelling Is the Key to Business Growth

ഒരു ബിസിനസ്സുകാരന് ശക്തമായ ഒരു കഥ ഇല്ലെങ്കിൽ, അവന്റെ ബിസിനസ്സ് ഒരു പരിധിക്കപ്പുറം വളരുകയില്ല. കാരണം, ഇന്നത്തെ കാലത്ത് ആളുകൾ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുന്നില്ല; അവർ ആ ഉൽപ്പന്നത്തിന്റെ പിന്നിലെ കഥയാണ് വാങ്ങുന്നത്. ബിസിനസ്സിൽ സ്റ്റോറി ടെല്ലിംഗ് അത്രമേൽ പ്രധാനപ്പെട്ട ഘടകമാണ്. എന്നാൽ പല ബിസിനസ്സുകാരും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ മുന്നോട്ട് പോകുകയാണ്.

നമ്മൾ ഓരോരുത്തരും അറിയാതെ തന്നെ കഥകളിലാണ് ജീവിക്കുന്നത്. സിനിമ, ബ്രാൻഡുകൾ, വ്യക്തിത്വങ്ങൾ - എല്ലാറ്റിനും പിന്നിൽ ഒരു കഥയുണ്ട്. പല ബ്രാൻഡുകളും നമ്മൾ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നതിന്റെ കാരണം അവയുടെ ക്വാളിറ്റി മാത്രമല്ല, അവയുടെ കഥകളാണ്. ആ കഥ നമ്മളെ എമോഷണലായി കണക്റ്റ് ചെയ്യുന്നു, വിശ്വാസം ഉണ്ടാക്കുന്നു.

നിങ്ങളുടെ പ്രൊഡക്റ്റ് ഒരാൾ ഒരിക്കൽ വാങ്ങാൻ കാരണമാകുന്നത് ഓഫറോ ആവശ്യകതയോ ആകാം. പക്ഷേ, അതേ പ്രൊഡക്റ്റ് വീണ്ടും വീണ്ടും വാങ്ങാൻ അവനെ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ ബ്രാൻഡിന്റെ കഥയാണ്. നിങ്ങളുടെ പ്രൊഡക്റ്റിന് പിന്നിൽ ഒരു അർത്ഥവത്തായ കഥ ഇല്ലെങ്കിൽ, ആ പ്രൊഡക്റ്റ് ദീർഘകാലം നിലനിൽക്കാൻ പ്രയാസമാണ്.

അദാനി, അംബാനി, ടാറ്റ പോലുള്ള ബ്രാൻഡുകളെ നോക്കൂ. അവരെക്കുറിച്ചും അവരുടെ സ്ഥാപനങ്ങളെക്കുറിച്ചും നമുക്ക് അറിയാവുന്ന നിരവധി കഥകളുണ്ട്. ടാറ്റ എന്ന് കേൾക്കുമ്പോൾ തന്നെ വിശ്വാസം, മൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്വം എന്നിവയാണ് നമ്മൾ ഓർക്കുന്നത്. ഈ കഥകളാണ് അവരുടെ പ്രൊഡക്റ്റുകൾ വാങ്ങാൻ നമ്മളെ സ്വാഭാവികമായി ആകർഷിക്കുന്നത്.

നമ്മുടെ ബിസിനസ്സിനും ഇത്തരത്തിലുള്ള കഥകൾ ഉണ്ടാകണം. അതിന് രണ്ട് പ്രധാന ഭാഗങ്ങളുണ്ട്. ഒന്നാമത്, സെൽഫ് ബ്രാൻഡിംഗിനായുള്ള നമ്മുടെ സ്വന്തം ജീവിതകഥകൾ - നമ്മൾ എവിടെ നിന്നാണ് വന്നത്, എന്താണ് നമ്മുടെ യാത്ര. രണ്ടാമത്, നമ്മുടെ പ്രൊഡക്റ്റിനെക്കുറിച്ചുള്ള കഥ - അത് എങ്ങനെ രൂപപ്പെട്ടു, എന്ത് പ്രശ്നമാണ് അത് പരിഹരിക്കുന്നത്, അതിന്റെ മൂല്യം എന്താണ്.

ഈ രണ്ട് തരത്തിലുള്ള കഥകൾ ചേർന്നാൽ മാത്രമേ ഒരു ശക്തമായ ബ്രാൻഡ് സ്റ്റോറി രൂപപ്പെടൂ. അങ്ങനെ മികച്ച കഥകൾ സൃഷ്ടിക്കാൻ കഴിഞ്ഞാൽ, നിങ്ങളുടെ ബിസിനസ്സ് മാത്രമല്ല, നിങ്ങളുടെ ജീവിതം തന്നെയും മറ്റൊരു ലെവലിലേക്ക് ഉയരും. കാരണം, കഥകളാണ് ബിസിനസിനെ സാധാരണതയിൽ നിന്ന് അസാധാരണത്തിലേക്ക് മാറ്റുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.