- Trending Now:
തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം ടൂറിസം വാരാഘോഷത്തിൻറെ ഭാഗമായി കനകക്കുന്നിൽ തയ്യാറാക്കിയ ശ്രീകൃഷ്ണൻറെ വിശ്വരൂപം രംഗോലി ശ്രദ്ധേയമാകുന്നു. ഭഗവദ്ഗീതയിൽ അർജുനന് ദർശനം നൽകിയ ശ്രീകൃഷ്ണൻറെ വിശ്വരൂപം കൃത്യതയോടെയും വർണപ്പൊലിമയോടെയുമാണ് രംഗോലി രൂപത്തിൽ ഒരുക്കിയിട്ടുള്ളത്. നിരവധി ആളുകളാണ് ഈ രംഗോലി കലാവിഷ്കാരം കാണാനും ചിത്രങ്ങൾ പകർത്താനുമായി കനകക്കുന്നിൽ എത്തുന്നത്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിലെ (കിറ്റ്സ്) ലൈബ്രേറിയൻ നിരുപ സതീഷാണ് ശ്രദ്ധേയമായ ഈ കലാസൃഷ്ടി സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടോളമായി അവർ പരമ്പരാഗത രംഗോലി കലാ രംഗത്തുണ്ട്.
പരമ്പരാഗത കലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഇത്തവണ ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ ഓണാഘോഷത്തിൻറെ പ്രധാന വേദിയായ കനകക്കുന്നിൽ എത്തുന്നവരെ ആകർഷിക്കുന്നതിനായി നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ശ്രീകൃഷ്ണ വിശ്വരൂപം രംഗോലിയിൽ ഒരുക്കിയ കൂറ്റൻ കലാരൂപം അത്തരത്തിൽ ഒന്നാണ്. തനത് കലകളെ സംരക്ഷിക്കുകയും കലാകാരൻമാരെ ചേർത്തുപിടിക്കുകയും ചെയ്തുകൊണ്ടാണ് സർക്കാർ ഓണാഘോഷം സംഘടിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കളർപൊടി, അരിപ്പൊടി, പ്രകൃതിദത്ത വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് രംഗോലി കലാവിഷ്കാരത്തിൻറെ നിർമ്മാണം. വലിയ രൂപത്തിലുള്ള ഈ സൃഷ്ടി പൂർത്തിയാക്കാൻ നിരുപ നാല് ദിവസമെടുത്തു. മുഖ സവിശേഷതകളും ചിത്രത്തിൻറെ സങ്കീർണ്ണമായ വിശദാംശങ്ങളും സൃഷ്ടിക്കാൻ ഒന്നിലധികം നിറങ്ങൾ ശ്രദ്ധാപൂർവ്വം സംയോജിപ്പിച്ചു. വിശ്വരൂപം ഭക്തി, പാരമ്പര്യം, ദൃശ്യകല എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ സൃഷ്ടി കനകക്കുന്നിലെ ഓണാഘോഷത്തിന് സവിശേഷമായ ആകർഷണം നൽകുന്നു.
കലാപാരമ്പര്യമുള്ള കുടുംബ പശ്ചാത്തലമാണ് നിരുപയുടേത്. നിരുപയുടെ അമ്മ വീട്ടുമുറ്റത്ത് കോലം വരയ്ക്കുകയും പൊങ്കൽ സമയത്ത് ഇത്തരം ചിത്രങ്ങൾ ഒരുക്കുകയും ചെയ്യാറുണ്ടായിരുന്നു. അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വന്തം സൃഷ്ടികളിലൂടെ നിരുപ ആ പാരമ്പര്യം കൂടുതൽ വികസിപ്പിച്ചു. പരമ്പരാഗത രംഗോലി സാങ്കേതങ്ങളും വിശദമായ ഛായാചിത്രങ്ങളും സംയോജിപ്പിക്കുന്ന സൃഷ്ടികളാണ് നിരുപ നടത്തുന്നത്. പ്രധാനമായും ദൈവ, ദേവതാ രൂപങ്ങളെയാണ് അവർ രംഗോലിയിൽ ചിത്രീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.