Sections

സംസ്ഥാനത്തെ തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ച്  ഇൻറഗ്രേറ്റഡ് ടൂറിസം പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

Tuesday, Aug 25, 2026
Reported By Admin
Kerala to Launch Integrated Tourism Plan Connecting Ports, Backwaters and Rivers, Says CM V.D. Sathe

സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി


തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇൻറഗ്രേറ്റഡ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൻറെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെർമിനലുകളും ക്രൂയിസ് ഷിപ്പുകളും കായലുകളിലൂടെ റിവർ ക്രൂയിസുകളും സാധ്യമാക്കുകയാണ് സർക്കരിൻറെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പെട്ടെന്ന് എത്താവുന്ന രീതിയിൽ സംസ്ഥാനത്തെ റോഡ്-റെയിൽ കണക്ടിവിറ്റി വർധിപ്പിക്കും. ഒരു വിനോദസഞ്ചാരി കേരളത്തിൽ വന്നാൽ മൂന്നു ദിവസം മുതൽ ഒരാഴ്ച വരെ കേരളത്തിലെ വൈവിധ്യമാർന്ന കാഴ്ചകൾ കാണണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിലൂടെ സംസ്ഥാനത്തിൻറെ വരുമാനം വർധിപ്പിക്കണം.

ലോകത്തിനു മുന്നിൽ കേരള ടൂറിസത്തെ പ്രദർശിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകൾ സീറോ വേസ്റ്റ് ആയി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് അതിൽ പ്രധാനം. ബീച്ച് ടൂറിസത്തിനും റിവർ ടൂറിസത്തിനും ഫോറസ്റ്റ് ടൂറിസത്തിനും പ്രാധാന്യം നൽകും. കേരളത്തിൻറെ മാരിടൈം ചരിത്രത്തെ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കും.

ലോകത്തിൻറെ മുഴുവൻ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുന്നതിനായുള്ള നടപടികൾക്ക് ഈ വർഷം തന്നെ തുടക്കമിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻറെ പാരമ്പര്യത്തെയും പ്രകൃതിയെയും പ്രത്യേകതകളെയും തനത് കലകളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന സമഗ്രമായ ടൂറിസം പദ്ധതിയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 30 വരെയാണ് ഓണം വാരാഘോഷം. കേരളത്തിൻറെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടും.

ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് ആലപിച്ച 'പൂവാലേ തുമ്പപ്പൂവാലേ' എന്ന ഓണപ്പാട്ടിൻറെ വീഡിയോ അവതരണത്തോടെയാണ് ഓണം വാരാഘോഷം ഉദ്ഘാടന ചടങ്ങിന് തുടക്കമായത്.

കേരളത്തിൻറെ മനോഹരമായ സാംസ്കാരിക മുഖം ലോകത്തിനു മുന്നിൽ ആകർഷകമായി അവതരിപ്പിക്കാനാണ് ടൂറിസം വകുപ്പ് ഓണത്തിൻറെ വേളയെ വിനിയോഗിക്കുന്നതെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ഓണം എല്ലാവരെയും ഒരുമിപ്പിക്കുന്ന ആഘോഷമാണ്. ഓണം ഒരു ആഘോഷമെന്നതിലുപരി മലയാളിയുടെ ജീവിതത്തെ ലോകത്തിന് പരിചയപ്പെടുത്താനുള്ള വലിയ അവസരം കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ഓണാഘോഷം തലസ്ഥാന നഗരത്തിലേക്ക് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുമെന്ന് സ്വാഗതപ്രസംഗത്തിൽ ആരോഗ്യം ദേവസ്വം മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഓണത്തിന് മുമ്പുതന്നെ തലസ്ഥാന നഗരം ആഘോഷത്തിൻറെ അന്തരീക്ഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ജാതി മത വർഗ വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാ മലയാളികളും ആഘോഷിക്കുന്ന ഉത്സവമായ ഓണം ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വ സങ്കൽപവുമായി പൂർണ്ണമായും യോജിക്കുന്നുവെന്ന് വിശിഷ്ടാതിഥിയായ നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ഡോ. ശശി തരൂർ എംപി, മേയർ വി.വി രാജേഷ്, എംഎൽഎമാരായ ജി.ആർ അനിൽ, എൻ.ശക്തൻ, എം.വിൻസെൻറ്, രമ്യ ഹരിദാസ്, ജി.സ്റ്റീഫൻ, സുധീർഷാ പാലോട്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.പ്രിയദർശിനി, കൗൺസിലർ കെ.ആർ ക്ലീറ്റസ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിംഹ, ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടർ എം.അഞ്ജന, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ.എസ് ഹരിശങ്കർ ലൈവ് ബാൻഡ് അവതരണവും അരങ്ങേറി.

കേരളത്തിൻറെ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല ഓണാഘോഷത്തിൻറെ ഭാഗമായി മാത്രം 3,000ത്തോളം കലാകാരൻമാരും അണിയറപ്രവർത്തകരും പങ്കെടുക്കും. സംസ്ഥാനത്താകെ 8000 ലേറെ കലാകാരൻമാർ പങ്കാളികളാകും.

കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ശംഖുമുഖം, അയ്യങ്കാളി ഹാൾ, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 35 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികൾ അരങ്ങേറുക. ഈ വേദികളിൽ സിനിമ, സംഗീത, സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടികൾ അവതരിപ്പിക്കും. തലസ്ഥാന നഗരത്തിന് പുറമെ ജില്ലാ കേന്ദ്രങ്ങളിലും ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും.

പ്രധാന വേദിയായ നിശാഗന്ധിയിൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 7 മണി വരെ മുടിയേറ്റ്, തോൽപ്പാവക്കൂത്ത്, പടയണി, അർജുനനൃത്തം, പൂതനും തിറയും ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾ അരങ്ങേറും.

ഓണാഘോഷത്തിനു മാറ്റുകൂട്ടാൻ നഗരത്തിൽ കവടിയാർ, അട്ടക്കുളങ്ങര, ശാസ്തമംഗലം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. കനകക്കുന്നിൽ നടക്കുന്ന ട്രേഡ് ഫെയർ, ഭക്ഷ്യമേള എന്നിവയും ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളാണ്.

വാരാഘോഷത്തിൻറെ സമാപനം കുറിച്ച് ആഗസ്റ്റ് 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ചടങ്ങിൽ സംബന്ധിക്കും.

ജില്ലകളിലെ ഓണാഘോഷ പരിപാടികൾക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നേതൃത്വം നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.