Sections

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിൻറെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്

Wednesday, Aug 26, 2026
Reported By Admin
Kerala Launches ‘Be a Malayali for a Day’ Experiential Tourism Initiative to Showcase Local Culture

തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നാടിൻറെ തനിമയും സംസ്കാരവും നേരിട്ടറിയാൻ 'ബീ എ മലയാളി ഫോർ എ ഡേ' എന്ന അനുഭവവേദ്യ ടൂറിസത്തിൻറെ പുതിയ ആശയത്തിന് തുടക്കമിട്ട് സംസ്ഥാന സർക്കാർ. 'കേരളം കാണാൻ വരൂ' എന്ന പരമ്പരാഗത ശൈലിയിൽ നിന്ന് മാറി 'കേരളത്തെ അനുഭവിച്ചറിയാൻ വരൂ' എന്ന പുതിയ സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.

കേരളത്തിലെത്തുന്ന സഞ്ചാരി വെറുമൊരു കാഴ്ചക്കാരനായി നിൽക്കാതെ, അത്തപ്പൂക്കളമിട്ടും കുടുംബത്തോടൊപ്പം ഓണസദ്യയൊരുക്കിയും ഒരു പാരമ്പര്യ കലാകാരനിൽ നിന്ന് കലയുടെ ആദ്യചുവടുകൾ പഠിച്ചും മലയാളി ജീവിതം നേരിട്ട് അനുഭവിച്ചറിയുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഓരോ ജില്ലയ്ക്കും സ്വന്തമായി സാംസ്കാരിക ടൂറിസം ബ്രാൻഡ് രൂപപ്പെടുത്താനും പ്രാദേശിക ഉത്സവങ്ങളെയും കലകളെയും അന്താരാഷ്ട്ര ടൂറിസം കലണ്ടറുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിൻറെ തനത് പൈതൃക കലാരൂപങ്ങളെ ശാസ്ത്രീയമായി രേഖപ്പെടുത്തി സംരക്ഷിക്കുന്നതിനും, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലോകമെമ്പാടും എത്തിക്കുന്നതിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. നമ്മുടെ പൈതൃകം മ്യൂസിയങ്ങളിൽ അടച്ചുവെക്കാനുള്ളതല്ലെന്നും, അത് പുതുതലമുറയ്ക്ക് ജീവനോടെ കൈമാറാനുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതലമുറയെ തനത് കലകളിലേക്ക് ആകർഷിക്കുന്നതിനൊപ്പം ഡിജിറ്റലൈസേഷനിലൂടെ നമ്മുടെ സാംസ്കാരിക പൈതൃകത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പരിപാടികളുടെ ഒരു പരമ്പര എന്നതിലുപരി കേരളത്തിൻറെ സംസ്കാരത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന വലിയൊരു സാംസ്കാരിക കൂട്ടായ്മയായാണ് ഇത്തവണത്തെ ഓണം വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ 35 വേദികളിലായി 340-ലധികം കലാപരിപാടികൾ അരങ്ങേറുമ്പോൾ, തലസ്ഥാനത്ത് 3,000-ത്തോളവും സംസ്ഥാനത്താകെ 8,000-ലധികം കലാകാരൻമാരും ഇതിൻറെ ഭാഗമാകുന്നുണ്ട്. നിശാഗന്ധിയിൽ മുടിയേറ്റ്, തോൽപ്പാവക്കൂത്ത്, പടയണി, അർജുനനൃത്തം, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നതിനൊപ്പം ജമ്മു കശ്മീർ മുതൽ തമിഴ്നാട് വരെയുള്ള പത്ത് സംസ്ഥാനങ്ങളിൽ നിന്നായി 160 പാരമ്പര്യ കലാകാരൻമാർ സമാപന ഘോഷയാത്രയിലടക്കം അണിനിരക്കുമെന്നും അദ്ദേഹം അറിയിച്ചു.

സഞ്ചാരികളുടെ എണ്ണത്തിനപ്പുറം കലാകാരൻമാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനുമുള്ള ഒരു സാമ്പത്തിക മാതൃകയായാണ് സർക്കാർ ടൂറിസത്തെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കേവലം ഏഴു ദിവസത്തെ ആഘോഷം എന്നതിലുപരി കേരളത്തിൻറെ സാംസ്കാരിക പൈതൃകത്തെ നാടിൻറെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാക്കി മാറ്റാനുള്ള ദീർഘകാല കാഴ്ചപ്പാടോടെയാണ് ഓണം വാരാഘോഷം മുന്നോട്ടുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.