- Trending Now:
തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിൻറെ ഓണം ടൂറിസം വാരാഘോഷ വിളംബര പതാക ഘോഷയാത്രയ്ക്ക് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് തുടക്കമായി. കോവളം എംഎൽഎ എം. വിൻസെൻറ് പതാക ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. കാട്ടാക്കട എംഎൽഎ എം ആർ. ബൈജു ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന ഘോഷയാത്ര ആഗസ്റ്റ് 23 ന് കനകക്കുന്നിലാണ് സമാപിക്കുക. തുടർന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് കനകക്കുന്നിൽ പതാക ഉയർത്തും. ആഗസ്റ്റ് 24 ന് ഈ വർഷത്തെ ഓണം ടൂറിസം വാരാഘോഷങ്ങൾക്ക് തുടക്കമാകും.
ചരിത്രത്തിലാദ്യമായി സർക്കാർ കോവളത്തെ ഓണാഘോഷത്തിൻറെ പ്രധാന വേദികളിലൊന്നായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം. വിൻസെൻറ് പറഞ്ഞു. അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമെന്ന നിലയിൽ കോവളത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന തീരുമാനമാണിത്.
ഓണാഘോഷത്തിൻറെ ഭാഗമായി കോവളത്ത് വയലാർ ശരത്ചന്ദ്ര വർമ്മ നയിക്കുന്ന സംഗീത നിശ ഉൾപ്പെടെ രണ്ട് മെഗാ ഷോകളും മറ്റ് സാംസ്കാരിക പരിപാടികളും നടക്കും. കോവളത്തിനടുത്തുള്ള വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, സിനിമാ ടൂറിസത്തിൻറെ ഭാഗമായി പ്രശസ്തമായ 'കിരീടം പാലം' എന്നിവിടങ്ങളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. പ്രാദേശിക കടൽവിഭവങ്ങളുടെ രുചിക്കൂട്ടുകൾ കോർത്തിണക്കി കോവളത്ത് ഒരു സീ ഫുഡ് മേള സംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എം ആർ. ബൈജു എംഎൽഎ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ എസ്. സുധീർ ഖാൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ ജി എന്നിവർ പങ്കെടുത്തു.
കേരളത്തിൻറെ തനത് പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാരസാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.
ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന ഓണം വാരാഘോഷം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 30 ന് ഉപരാഷ്ട്രപതി സി പി. രാധാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ആഘോഷങ്ങൾ സമാപിക്കും.
തിരുവനന്തപുരം ജില്ലയിൽ മാത്രം 35 വേദികളിലായി 3000 ത്തിലധികം കലാകാരൻമാർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.