Sections

ജില്ലാതല ഇൻവെസ്റ്റേഴ്‌സ് മീറ്റ് 2025 സംഘടിപ്പിച്ചു

Friday, Oct 31, 2025
Reported By Admin
Palakkad Investors Meet 2025 Highlights ₹105 Crore Investment

പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ഇൻവെസ്റ്റേഴ്സ് മീറ്റ് 2025 വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.

നിക്ഷേപകരെ ആകർഷിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നൂതനമായ സംരംഭ ആശയങ്ങൾ അവതരിപ്പിക്കുക, വിവിധ സർക്കാർ വകുപ്പുകളുടെ അനുമതികളും സേവനങ്ങളും വിശദീകരിക്കുക, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പദ്ധതികളെ അവതരിപ്പിക്കുക എന്ന ലക്ഷ്യങ്ങളുമായാണ് ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചത്.

പാലക്കാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപകർക്ക് മുന്നിൽ ജില്ലയിലെ വ്യാവസായിക മേഖലയ്ക്ക് അനുയോജ്യമായ പുതിയ സംരംഭക സാധ്യതകളെക്കുറിച്ച് ധോണി ലീഡ് കോളേജിന്റെ ചെയർമാൻ ഡോ. തോമസ് ജോർജ്ജ് ക്ലാസെടുത്തു. കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ എഫ് സി) പദ്ധതികളും സേവനങ്ങളും എന്ന വിഷയം കെ എഫ് സി ചീഫ് മാനേജർ എം ആർ അരുൺ അവതരിപ്പിച്ചു.

കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ പദ്ധതികളെക്കുറിച്ച് കേരള സ്റ്റാർട്ട് അപ്പ് മിഷൻ സീനിയർ ടെക്നോളജി ഫെല്ലോ വിനീത ജോസഫ് വിശദീകരിച്ചു.

കെ എസ് ഐ ഡി സി, കിൻഫ്ര, ജി എസ് ടി, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, മലിനീകരണ നിയന്ത്രണ ബോർഡ്, വിവിധ ബാങ്കുകൾ എന്നിവരും സംരഭകർക്കായുള്ള പദ്ധതികളെക്കുറിച്ച് ക്ലാസുകൾ അവതരിപ്പിച്ചു. ഇൻവെസ്റ്റേഴ്സ് മീറ്റിൽ 92 ഓളം സംരംഭകരും വിവിധ വകുപ്പുകളിൽ നിന്നുള്ള 50 ഓളം പ്രതിനിധികളും പങ്കെടുത്തു. 105 കോടിയോളം രൂപയുടെ നിക്ഷേപ സന്നദ്ധത സംരംഭകരിൽ നിന്നും ലഭിച്ചു.

പാലക്കാട് ടോപ്പ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാകളക്ടർ എം എസ് മാധവിക്കുട്ടി അധ്യക്ഷതവഹിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബെനഡിക്ട് വില്യം ജോൺസ്, ലീഡ് ഡിസ്ട്രിക്ട് മാനേജർ പി ടി അനിൽ കുമാർ, കെ എസ് എസ് ഐ എ സെക്രട്ടറി സുനിൽ ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ എ കെ റഹ്മത്തലി, സി ജി രാജേഷ്, എം വി ബൈജു, കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.