Sections

സംരംഭക വർഷം പദ്ധതിയിൽ 100 ശതമാനം നേട്ടം കൈവരിക്കാൻ ആലപ്പുഴ ജില്ലയ്ക്ക് കഴിഞ്ഞു: മന്ത്രി പി പ്രസാദ്

Saturday, Nov 01, 2025
Reported By Admin
Alappuzha Achieves 100% Success in Entrepreneurship Year

സംരംഭക വർഷം പദ്ധതിയിൽ 100 ശതമാനം നേട്ടം കൈവരിക്കാൻ ആലപ്പുഴ ജില്ലയ്ക്ക് കഴിഞ്ഞു. ഇതിലൂടെ 1300 കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടായതായും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ചുങ്കം പഗോഡ റിസോർട്ടിൽ നടന്ന ഇൻവെസ്റ്റേഴ്സ് ആൻഡ് ബാങ്കേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം വ്യാവസായികമായി കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളിൽ നിന്നും മൂല്യവർധിത ഉൽപ്പങ്ങൾ നിർമ്മിക്കണം. ഇത് വ്യവസായ മേഖലയിൽ വലിയ പ്രയോജനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാൻ തീരുമാനിച്ചത്. 2019ൽ കേരള സർക്കാരിന്റെ പരിധിയിൽ വരുന്ന ലൈസൻസുകൾ, പെർമിറ്റുകൾ എന്നിവ ആദ്യത്തെ മൂന്ന് വർഷത്തേക്ക് ഒഴിവാക്കി കേരള മൈക്രോ സ്മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ (എംഎസ്എംഇ) ആക്റ്റിൽ ഭേദഗതി വരുത്തി. സാധ്യമാകുന്ന എല്ലാ ഇടപെടലുകളും നടത്തി സംരംഭകരെ സഹായിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് ' പട്ടികയിൽ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ് കേരളം. സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.

ആലപ്പുഴ ജില്ലയിൽ 2022-23 സാമ്പത്തിക വർഷം മുതൽ 2024-25 വരെ 26,655 സംരംഭങ്ങൾ ആരംഭിച്ചു. ഇതിലൂടെ 52,296 പേർക്ക് തൊഴിൽ ലഭിച്ചു. 2024-25 സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ച വെച്ച ബാങ്കുകളെ ആദരിച്ചു. തുടർന്ന് തൃശൂർ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സിഇഓ എംവി രാജേന്ദ്രൻ നിക്ഷേപകർക്കും സംരംഭകർക്കും ക്ലാസുകൾ നയിച്ചു.

ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എൻ അനിൽകുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി പി മനോജ്, ലീഡ് ബാങ്ക് പ്രതിനിധി ലളിതാംബിക, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് വി കെ ഹരിലാൽ, എസ്ബിഐ റീജിയണൽ മാനേജർ റ്റി വി മനോജ്, കേരള ബാങ്ക് ജനറൽ മാനേജർ കെ എസ് സജിത്ത്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.