Sections

സോയാബീനിന്റെ ആരോഗ്യ ഗുണങ്ങൾ: പ്രോട്ടീൻ സമ്പുഷ്ടമായ സൂപ്പർഫുഡ്

Monday, Dec 08, 2025
Reported By Soumya S
Health Benefits of Soybean: A Powerful Protein-Rich Superfood

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പയർ വർഗമാണ് സോയാബീൻ. ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ സോയാബീൻ കൃഷി ചെയ്യാനും എളുപ്പമാണ്. ഒരു എണ്ണക്കുരു കൂടിയാണിത്. സോയ പാൽ, ടെക്സ്ചർ ചെയ്ത പച്ചക്കറി പ്രോട്ടീൻ, സോയാ ചങ്ക്സ് തുടങ്ങിയ രൂപങ്ങളിലാണ് ഈ പയറുവർഗം കൂടുതലായി ഉപയോഗിക്കുന്നത്.

  • സോയാബീൻ പ്രോട്ടീന്റെ ഒരു പ്രധാന സ്രോതസ്സാണ്. ഇത് ഉപാപചയ പ്രവർത്തനത്തിന് വലിയ ഉത്തേജനം നൽകുന്നു. സോയാബീനിൽ നിന്നുള്ള പ്രോട്ടീനുകൾ ശരിയായ ആരോഗ്യവും കോശ വളർച്ചയും ഉറപ്പാക്കുന്നു. ശുദ്ധ സസ്യാഹാരികൾക്ക് ആവശ്യത്തിനു പ്രോട്ടീൻ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. റെഡ് മീറ്റ്, ചിക്കൻ, മുട്ട, പാൽ ഉൽപന്നങ്ങൾ, മത്സ്യം എന്നിവയ്ക്ക് സമാനമായ പ്രോട്ടീനുകൾ സോയാബീനിൽനിന്നു ലഭിക്കും. അതുകൊണ്ടുതന്നെ വെജിറ്റേറിയൻസിന്റെ മീറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.
  • അമിതഭക്ഷണം ഇല്ലാതാക്കാൻ സോയാബീനും സോയ അധിഷ്ഠിത ഉൽപന്നങ്ങൾക്കും കഴിയും. സോയാബീൻ നല്ല അളവിൽ നാരുകളും പ്രോട്ടീനും നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടാൻ ആഗ്രഹിക്കുന്നവർക്കും സോയാബീൻ പ്രയോജനകരമാണ്. കൂടാതെ, അവ ശരീരത്തിന് അനാരോഗ്യകരമായ ഉയർന്ന കൊഴുപ്പ് നൽകുന്നില്ല. ഇത് പ്രമേഹം, ഹൃദയ രോഗങ്ങൾ തുടങ്ങിയ അപകടകരമായ അവസ്ഥകളിൽനിന്നു സംരക്ഷിക്കുന്നു.
  • സോയാബീനിലെ ആന്റിഓക്സിഡന്റുകൾ വിവിധതരം കാൻസറുകളെ പ്രതിരോധിക്കാൻ സഹായകമാണ്. സെല്ലുലാർ മെറ്റബോളിസത്തിന്റെ അപകടകരമായ ഉപോൽപന്നങ്ങളായ ഫ്രീ റാഡിക്കലുകളെ ആന്റിഓക്സിഡന്റുകൾ നിർവീര്യമാക്കുന്നു. ഈ ഫ്രീ റാഡിക്കലുകളാണ് ആരോഗ്യകരമായ കോശങ്ങളെ മാരകമായ കാൻസർ കോശങ്ങളായി പരിവർത്തനം ചെയ്യാൻ സഹായിക്കുന്നത്. കൂടാതെ, സോയാബീനിലെ ഉയർന്ന ഫൈബർ ദഹന പ്രക്രിയ സുഗമമാക്കി വൻകുടൽ കാൻസർ പോലുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.
  • ശരീരത്തിലെ മൊത്തം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പിന്റെ ഉറവിടമാണ് സോയാബീൻ. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാൻ ഇതു സഹായിക്കുന്നു.
  • സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ അനിവാര്യ ഘടകങ്ങളായ ഐസോഫ്ലവനുകളുടെ നല്ലൊരു ഉറവിടമാണ് സോയാബീൻ. ആർത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെ അളവ് ഗണ്യമായി കുറയുന്നു. ഐസോഫ്ലവനുകൾക്ക് ഈസ്ട്രജൻ റിസപ്റ്റർ സെല്ലുകളുമായി ബന്ധിപ്പിക്കാൻ കഴിയും. മൂഡ് സ്വിങ്, ഹോട്ട് ഫ്ലാഷ്, വിശപ്പ്, വേദന തുടങ്ങി ആർത്തവവിരാമത്തിന്റെ പല ലക്ഷണങ്ങളെയും ഇത് ലഘൂകരിക്കും.
  • പല ആളുകളുടെയും ഭക്ഷണത്തിൽ ഇല്ലാത്ത ഏറ്റവും സാധാരണമായ ഘടകങ്ങളിലൊന്നാണ് സോയാബീനിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഫൈബർ. ആരോഗ്യമുളള ശരീരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഫൈബർ, പ്രത്യേകിച്ച് ദഹനവ്യവസ്ഥയുടെ കാര്യത്തിൽ. ഫൈബർ, ഭക്ഷണം പുറംതള്ളുന്ന സുഗമമായ പേശികളുടെ പെരിസ്റ്റാൽറ്റിക് ചലനത്തെ ഉത്തേജിപ്പിക്കുന്നു. വൻകുടൽ കാൻസർ പോലുള്ള അവസ്ഥകളുണ്ടാകുന്നത് തടയുന്നു.
  • സോയാബീൻ ഉറക്ക തകരാറുകൾ കുറയ്ക്കുന്നതിനും ഉറക്കമില്ലായ്മ മാറ്റുന്നതിനും സഹായിക്കുന്നു. സോയാബീനിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള മഗ്നീഷ്യമാണ് ഉറക്ക തകരാറുകൾ പരിഹരിക്കുന്നത്.
  • പ്രമേഹം തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഫലപ്രദമായ മാർഗമാണ് സോയാബീൻ. അത് ശരീരത്തിലെ ഇൻസുലിൻ റിസപ്റ്ററുകൾ വർധിപ്പിക്കുകയും അതുവഴി രോഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
  • ചെമ്പും ഇരുമ്പും സോയാബീനിൽ ധാരാളമായി കാണപ്പെടുന്ന രണ്ട് ധാതുക്കളാണ്. ഇവ രണ്ടും ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ പരമാവധിയാക്കുകയും ഊർജ നില വർധിപ്പിക്കുകയും ചെയ്യുന്നു, അതേസമയം വിളർച്ച പോലുള്ള അപകടകരമായ അവസ്ഥകളും ഒഴിവാക്കുന്നു.
  • സോയാബീനിലെ ഉയർന്ന അളവിലുള്ള വൈറ്റമിൻ ബി കോംപ്ലക്സും ഫോളിക് ആസിഡും ഗർഭിണികൾക്ക് വളരെ പ്രധാനമാണ്. ഫോളിക് ആസിഡ് ശിശുക്കളിലെ ന്യൂറൽ ട്യൂബ് തകരാറുകൾ തടയുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.