- Trending Now:
കൊച്ചി: എയർ ഇന്ത്യയുടെ എയർബസ് എ321 നീയോ വിമാനങ്ങൾക്കായുള്ള നിലവിലെ ഓർഡറുകളിൽ നിന്ന് 15 വിമാനങ്ങൾ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ ഏറ്റവും പുതിയ എ 321 എക്സ്എൽആർ വിമാനങ്ങളിലേക്ക് മാറ്റി. ഹൈദരാബാദിൽ നടക്കുന്ന വിങ്സ് ഇന്ത്യ 2026ലായിരുന്നു എയർ ഇന്ത്യയുടെ ഈ പ്രഖ്യാപനം.
2023, 2024 വർഷങ്ങളിലാണ് എയർ ഇന്ത്യ ഈ വിമാനങ്ങൾക്കുള്ള ഓർഡർ കൊടുത്തത്. 50 ട്വിൻ ഐൽ എ350 വിമാനങ്ങളും 300 സിംഗിൾ ഐൽ എ320 വിമാനങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ ഓർഡർ. ഇതിൽ നിന്നുള്ള 15 വിമാനങ്ങളാണ് എ 321 എക്സ്എൽആർ ആയി മാറ്റുന്നത്. 2029, 2030 വർഷങ്ങളിലായിരിക്കും ഈ വിമാനങ്ങളുടെ ഡെലിവറി.
എ320 നിയോ കുടുംബത്തിലെ ഏറ്റവും പുതിയതും നവീനവുമായ വിമാനങ്ങളാണ് എ321 എക്സ്എൽആർ. 4700 നോട്ടിക്കൽ മൈൽ (8700 കിമി) ദൂരപരിധിയുള്ള ഈ വിമാനത്തിന് മികച്ച ഇന്ധനക്ഷമതയും യാത്രക്കാർക്ക് കൂടുതൽ സൗകര്യമുള്ള കാബിൻ അനുഭവവും നൽകാൻ സാധിക്കും. മലിനീകരണ തോതും കുറവാണ്. ഈ നീക്കത്തിലൂടെ പുതിയ നോൺ സ്റ്റോപ്പ് അന്താരാഷ്ട്ര റൂട്ടുകൾ ആരംഭിക്കാനും മറ്റ് അന്താരാഷ്ട്ര സർവീസുകളിൽ സിംഗിൾ ഐൽ വിമാനങ്ങൾ ഉപയോഗിച്ച് പ്രവർത്തന ശേഷി മെച്ചപ്പെടുത്താനും എയർ ഇന്ത്യയ്ക്ക് സാധിക്കും.
ആകെ 600 പുതിയ വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുള്ളത്. 542 വിമാനങ്ങളുടെ ഡെലിവറി ബാക്കിയുണ്ട്. ഇതിൽ 344 എണ്ണം എയർബസ് വിമാനങ്ങളാണ്. 2022 ജനുവരിയിൽ നടന്ന സ്വകാര്യവൽക്കരണത്തിന് ശേഷം പുതിയ വിമാനങ്ങൾ വാങ്ങൽ, തന്ത്രപ്രധാന ലീസുകൾ, വിസ്താര- എയർ ഇന്ത്യ ലയനം, പഴയ വിമാനങ്ങളുടെ നവീകരണം എന്നിവയിലൂടെ ഏകദേശം 170 വിമാനങ്ങളാണ് എയർ ഇന്ത്യയുടെ ഫ്ളീറ്റിൽ ഉൾപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.