- Trending Now:
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് പകർന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റ്. മുൻ വർഷത്തെ വിഹിതമായ 385.02 കോടി രൂപയിൽ നിന്ന് 413.52 കോടി രൂപയായാണ് ടൂറിസം മേഖലയുടെ വിഹിതം വർധിപ്പിച്ചിരിക്കുന്നത്.
പൈതൃക-സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കൽ, അടിസ്ഥാന സൗകര്യ വികസനം, ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതികൾ, ഡിസൈൻ പോളിസി നടപ്പാക്കൽ, ടൂറിസം ഹബ്ബുകളുടെ വികസനം, മാർക്കറ്റിംഗ്, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവയെ ബജറ്റിൽ മുൻഗണനാ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിനായി 'ബ്ലൂ ഗ്രീൻ ഇൻറഗ്രേറ്റഡ് ടൂറിസം സർക്യൂട്ട്' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിൻറെ ആദ്യഘട്ടം കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് 2 കോടി രൂപ ചെലവിൽ നടപ്പാക്കും. ധർമ്മടം നദി ക്രൂയിസ് സർക്യൂട്ട്, ധർമ്മടം ദ്വീപ് ബയോ റിസർവ്, വാക്കിംഗ് മ്യൂസിയം, മാൻഗ്രോവ് ഇൻഫർമേഷൻ സെൻറർ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കൊല്ലം ബയോ-ഡൈവേഴ്സിറ്റി സർക്യൂട്ട്, മലബാർ ലിറ്റററി സർക്യൂട്ട് എന്നിവയുടെ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിച്ചു വരുന്നതായി ബജറ്റിൽ പറയുന്നു.
മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കുള്ള വിഹിതം 85 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം (ആർടി) പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ വകയിരുത്തി.
ടൂറിസം മേഖലയ്ക്ക് അനുവദിച്ച ബജറ്റ് വിഹിതം നിലവിലുള്ളതും വരാനിരിക്കുന്നതുമായ പദ്ധതികൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളിലെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി 159 കോടി രൂപയും ബേപ്പൂർ 'ഉരു' ടൂറിസം, കൊച്ചി ഹെറിറ്റേജ് എന്നീ പുതിയ പദ്ധതികൾക്കായി 5 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്.
കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻറെ വിവിധ പ്രവർത്തനങ്ങൾക്കായി 14.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ടൂറിസം മേഖലയിൽ ഉത്പന്നങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുന്നതിനും സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുള്ള സബ്സിഡികളും ഇൻസെൻറീവുകളും നൽകുന്നതിനുമായി 13.50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
കുമരകത്ത് ഹെലിപോർട്ട് നിർമ്മാണത്തിന് 5 കോടി രൂപയും പീച്ചി ടൂറിസം പദ്ധതി പിപിപി മോഡലിൽ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുസിരിസ് ഹെറിറ്റേജ്, സ്പൈസസ് റൂട്ട്സ്, റിവർ ക്രൂയിസ് ഹെറിറ്റേജ് എന്നീ പദ്ധതികൾക്കായി 14 കോടി രൂപ അനുവദിച്ചു. കൊച്ചി വൈപ്പിൻ മേഖലയിൽ ഓഷ്യനേറിയം പദ്ധതിയുയുടെ പഠനത്തിനായി ഒരു കോടി രൂപയും വകയിരുത്തി.
ഐപിഎൽ മാതൃകയിലുള്ള ടൂർണമെൻറായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സംസ്ഥാനത്ത് 14 സ്ഥലങ്ങളിൽ നടത്തുന്നതിനായി 10.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങളും സാംസ്കാരിക പരിപാടികളും കൂടുതൽ ആകർഷകമാക്കുന്നതിനായി പൈതൃകം, പരിസ്ഥിതി, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിക്ക് 29 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കൊല്ലം മറീന പദ്ധതി (6 കോടി), അഷ്ടമുടി തടാകത്തിന് ചുറ്റുമുള്ള സൈക്കിൾ ട്രാക്ക് വികസനം (10 കോടി), മൺറോ തുരുത്തിലെ ടൂറിസം വികസനം (5 കോടി), കൊല്ലം ഓഷ്യാനേറിയം (10 കോടി), കോട്ടയം ചെറിയ പള്ളി മരിയൻ തീർത്ഥാടന കേന്ദ്രം (2 കോടി), കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനം (20 കോടി), തിരുവനന്തപുരം ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറ സോഫ്റ്റ് അഡ്വഞ്ചർ ടൂറിസം പ്രവർത്തനം (1 കോടി) തുകകളാണ് ടൂറിസം മേഖലയിലെ മറ്റ് പ്രധാന പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.