Sections

'പ്രേം പഥാരെ' ശിൽപശാലയുമായി കൊച്ചി ബിനാലെ ആർട്ട് റൂം

Wednesday, Mar 18, 2026
Reported By Admin
Baul & Kabir Workshop at Kochi Biennale Art Room

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി എബിസി ആർട്ട് റൂമിൽ 'പ്രേം പഥാരെ' (സ്നേഹത്തിൻറെ പാതയിൽ) എന്ന പേരിൽ ആത്മീയ കവികളുടെ കവിതകളും സംഗീതവും പരിചയപ്പെടുത്തുന്ന രണ്ട് ദിവസത്തെ ശില്പശാല നടന്നു. ബംഗാളിലെ ഭക്തി-ദാർശനിക സംഗീതരൂപമായ ബാവുൾ ഗീതങ്ങളെയും കബീർ ഗീതങ്ങളെയും കുറിച്ചുള്ള പഠനമായിരുന്നു ഉള്ളടക്കം. ആർട്ടിസ്റ്റ് ശാന്തി പ്രിയയാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകിയത്.

മനുഷ്യശരീരത്തിനുള്ളിൽ ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുന്ന ദാർശനിക സംഗീതമാണ് ബാവുൾ ഗീതങ്ങൾ. സ്നേഹത്തിൻറെയും ഐക്യത്തിൻറെയും സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരം ആത്മീയ കാവ്യങ്ങളെയും സംഗീതത്തെയും അടുത്തറിയാൻ ശിൽപശാലയിൽ അവസരമുണ്ടായി. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക് പാട്ടിലൂടെയും കവിതയിലൂടെയും ഒത്തുചേരാൻ ബിനാലെ വേദിയൊരുക്കിയെന്ന് ശാന്തി പ്രിയ പറഞ്ഞു. സംഗീതവും ചർച്ചകളും സംവാദങ്ങളും ഉൾപ്പെട്ടതായിരുന്നു ഓരോ സെഷനും. കുട്ടികളുടെ കലാസൃഷ്ടികൾ നിറഞ്ഞ വേദി സന്ദർശകർക്ക് തനതായ രീതിയിൽ ഒത്തുചേരാൻ പ്രചോദനമായെന്നും അവർ കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമായി ആസ്പിൻവാൾ ഹൗസിൽ ബാവുൾ സംഗീത പരിപാടിയും ശാന്തി പ്രിയ അവതരിപ്പിച്ചു. കഥകളിലൂടെയും കവിതകളിലൂടെയും വിവിധ ആത്മീയ പാരമ്പര്യങ്ങൾ അവർ സന്ദർശകർക്കായി അവതരിപ്പിച്ചു. വിദ്യാർത്ഥികളും കലാസ്വാദകരുമുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.