- Trending Now:
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതൽ മികവുറ്റതാക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻറെ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 99.5 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. മൂന്ന് പുതിയ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു.
ബജറ്റിലെ നിർദ്ദേശങ്ങൾ കേരളത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് കരുത്തേകുന്നതാണെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പുത്തൻ ആശയങ്ങൾക്കും പ്രോത്സാഹനം നല്കുന്ന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിൻറെ മുൻനിര പദ്ധതികളിലൊന്നായ ഫണ്ട് ഓഫ് ഫണ്ടിന് ബജറ്റ് വിഹിതമായി മൂന്ന് കോടി രൂപയും അധിക വിഹിതമായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് വെഞ്ച്വർ ക്യാപ്പിറ്റൽ (വിസി) കൂടുതലായി ലഭ്യമാകുന്നതിന് ഇത് സഹായകമാണ്.
കേരളത്തിൻറെ സ്റ്റാർട്ടപ്പ് മേഖലയിൽ മുതിർന്ന പൗരൻമാരെ സജീവ പങ്കാളികളാക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ന്യൂ ഇന്നിംഗ്സ് എന്ന നൂതന പദ്ധതിയ്ക്ക് നാല് കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. സംരംഭകത്വം, മെൻറർഷിപ്പ്, കൺസൾട്ടിംഗ് തുടങ്ങിയ മേഖലകളിൽ മുതിർന്ന പൗരൻമാരുടെ അറിവും അനുഭവപരിചയവും മുതൽക്കൂട്ടാകുന്ന പദ്ധതിയാണിത്.
കൊച്ചിയിൽ കൾച്ചർ ആൻറ് ക്രിയേറ്റിവിറ്റി ഇൻകുബേറ്റർ സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തിയത് ശ്രദ്ധേയം. മ്യൂസിയങ്ങൾ, ഉത്സവങ്ങൾ, ദൃശ്യകലകൾ, കരകൗശല വസ്തുക്കൾ, ഡിസൈൻ, എആർ/ വിആർ/ എക്സ്ആർ, ക്രിയേറ്റീവ് സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ കൾച്ചർ-ക്രിയേറ്റിവിറ്റി മേഖലകളിലെ സ്റ്റാർട്ടപ്പുകളേയും സംരംഭകരേയും ഈ ഇൻകുബേറ്റർ പിന്തുണയ്ക്കും.
കൊട്ടാരക്കര എഴുകോൺ ഗ്രാമപഞ്ചായത്തിൽ രേഷ്മ എന്ന യുവസംരംഭക നേതൃത്വം നല്കുന്ന 'ടോക്കോ ചിപ്സ്' എന്ന സ്റ്റാർട്ടപ്പ് കമ്പനിയെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പരാമർശിച്ചത് ശ്രദ്ധേയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.